രാജീവ് ഗാന്ധി വധക്കേസ്: പ്രതികളുടെ മോചനത്തിനെതിരെ കോൺഗ്രസ് നിയമപോരാട്ടത്തിന്
മുൻ കോൺഗ്രസ് അധ്യക്ഷയും രാജീവ് ഗാന്ധിയുടെ വിധവയുമായ സോണിയ ഗാന്ധി പ്രതികളുടെ വധശിക്ഷ ഇളവ് ചെയ്തതിനെ പിന്തുണച്ചിരുന്നു. മകൾ പ്രിയങ്ക ഗാന്ധി നളിനിയെ ജയിലിൽ സന്ദർശിച്ച് മാപ്പുനൽകുകയും ചെയ്തിരുന്നു
ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിച്ചതിനെതിരെ നിയമനടപടിക്ക് കോൺഗ്രസും. പ്രതികളെ മോചിപ്പിച്ച് രണ്ടാഴ്ച പിന്നിടുമ്പോഴാണ് കോൺഗ്രസ് സുപ്രിംകോടതിയിൽ പുനഃപരിശോധനാ ഹരജി നൽകുന്നത്. നേരത്തെ, കേന്ദ്ര സർക്കാരും സുപ്രിംകോടതിയിൽ ഹരജി നൽകിയിരുന്നു.
ഈ മാസം 11നാണ് രാജീവ് ഗാന്ധി വധക്കേസിൽ പ്രതികളായ നളിനി അടക്കം ആറുപേരെ മോചിപ്പിക്കാൻ സുപ്രിംകോടതി ഉത്തരവിറക്കിയത്. തൊട്ടടുത്ത ദിവസം പ്രതികളെ തമിഴ്‌നാട് ജയിൽ അധികൃതർ മോചിപ്പിക്കുകയും ചെയ്തു. നളിനിയുടെ ഭർത്താവ് ശ്രീഹരൻ എന്ന മുരുകൻ, ടി. സുധീന്ദ്ര രാജ എന്ന ശാന്തൻ, ജയകുമാർ, ജയകുമാറിന്റെ ബന്ധു റോബർട്ട് പയസ്, പി. രവിചന്ദ്രൻ എന്നിവരാണ് മോചിതരായ മറ്റുള്ളവർ. കേസില്‍ പേരറിവാളനെ കഴിഞ്ഞ മേയിലും മോചിപ്പിച്ചിരുന്നു. ഭരണഘടനയുടെ 142-ാം വകുപ്പ് പ്രകാരമുള്ള പ്രത്യേകാധികാരം ഉപയോഗിച്ചാണ് സുപ്രിംകോടതി ഇവരെ മോചിപ്പിക്കാൻ ഉത്തരവിട്ടത്.
മോചനം നിർഭാഗ്യകരമാണെന്നാണ് കോൺഗ്രസ് പ്രതികരിച്ചത്. കോടതി ഉത്തരവ് സ്വീകരിക്കാനാകില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ, കേന്ദ്ര സർക്കാരിന്റെ പുനഃപരിശോധനാ ഹരജിക്കും ദിവസങ്ങൾക്കു ശേഷമാണ് കോൺഗ്രസ് നിയമനടപടിക്കൊരുങ്ങുന്നത്. കോടതി നടപടിക്കെതിരെ ഏതു രീതിയിൽ നീങ്ങുമെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് മുതിർന്ന നേതാവും അഭിഭാഷകനുമായ അഭിഷേക് മനു സിങ്‌വി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ പുനഃപരിശോധനാ ഹരജിക്കൊപ്പം ചേരുകയോ മറ്റൊരു ഹരജിയുമായി സ്വന്തമായി നീങ്ങുകയോ ചെയ്യണമെന്ന കാര്യത്തിൽ പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികളുടെ നല്ല നടപ്പ് പരിഗണിച്ചാണ് മോചിപ്പിക്കുന്നതെന്നാണ് സുപ്രിംകോടതി വ്യക്തമാക്കിയത്. എന്നാൽ, മതിയായ വാദംകേൾക്കാതെയാണ് പ്രതികളെ വിട്ടയച്ചതെന്ന് കേന്ദ്രം ആരോപിച്ചു. സ്വാഭാവികനീതിയുടെ ലംഘനമാണിത്. നീതിനിഷേധം കൂടിയാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
അതേസമയം, പ്രതികളുടെ വധശിക്ഷ ഇളവ് ചെയ്തതിനെ മുൻ കോൺഗ്രസ് അധ്യക്ഷയും രാജീവ് ഗാന്ധിയുടെ വിധവയുമായ സോണിയ ഗാന്ധി പിന്തുണച്ചിരുന്നു. മകൾ പ്രിയങ്ക ഗാന്ധി നളിനിയെ ജയിലിൽ സന്ദർശിച്ച് മാപ്പുനൽകുകയും ചെയ്തിരുന്നു. എന്നാൽ, കോൺഗ്രസ് നേതൃത്വം ഗാന്ധി കുടുംബത്തിന്റെ നിലപാടിനെതിരെ നിലയുറപ്പിക്കുകയായിരുന്നു.
Summary: Congress to challenge Supreme Court order in Rajiv Gandhi assassination case convicts' release