തെരഞ്ഞെടുപ്പ് നേട്ടത്തിനായി കോൺഗ്രസ് ഹിന്ദു-മുസ്‌ലിം വിഭാഗീയത സൃഷ്ടിക്കുന്നു: രാജ്‌നാഥ് സിങ്
വോട്ട് ബാങ്ക് മാത്രമായാണ് കോൺഗ്രസ് മുസ്‌ലിംകളെ കാണുന്നതെന്നും രാജ്നാഥ് സിങ് പറഞ്ഞു.
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കുവേണ്ടി കോൺഗ്രസ് ഹിന്ദു-മുസ്‌ലിം വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്. മതത്തിന്റെ പേരിൽ സംഘർഷങ്ങൾ സൃഷ്ടിക്കാനാണ് അവർ ആഗ്രഹിക്കുന്നത്. തീക്കളിയാണ് കോൺഗ്രസ് കളിക്കുന്നതെന്നും പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ രാജ്‌നാഥ് സിങ് പറഞ്ഞു.
സാമൂഹിക സൗഹാർദ അന്തരീക്ഷം തകർക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. വോട്ട് ബാങ്കായി മാത്രമാണ് അവർ മുസ്‌ലിം സമുദായത്തെ കാണുന്നത്. ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നത സൃഷ്ടിച്ച് സർക്കാർ രൂപീകരിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. രാഷ്ട്രീയത്തിന്റെ ലക്ഷ്യം രാഷ്ട്രനിർമാണമാണ്. അല്ലാതെ സർക്കാർ രൂപീകരണം മാത്രമല്ല രാഷ്ട്രീയമെന്നും അദ്ദേഹം പറഞ്ഞു.
നാനൂറിൽ കൂടുതൽ സീറ്റ് നേടി എൻ.ഡി.എ ഇത്തവണ അധികാരത്തിലെത്തും. ബി.ജെ.പിക്ക് 370ൽ അധികം സീറ്റ് ലഭിക്കും. യു.പിയിലും ബംഗാളിലും സീറ്റ് വർധിക്കും. തമിഴ്‌നാട്ടിൽ ബി.ജെ.പിക്ക് എം.പിമാരുണ്ടാകും. കേരളത്തിൽ ഇത്തവണ പാർട്ടി അക്കൗണ്ട് തുറക്കുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.