പാർലമെൻ്റിൽ വ്യത്യസ്ത പ്രതിഷേധവുമായി കോൺഗ്രസ്; രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു
രാജ്യസഭാ നടപടികൾ ആരംഭിച്ച ഉടൻതന്നെ പ്രതിപക്ഷം അദാനി വിഷയത്തിൽ മുദ്രാവാക്യം മുഴക്കി
ന്യൂഡൽഹി: അദാനി, സോറസ് വിഷയങ്ങളിൽ പാർലമെന്റിൽ തുടർച്ചയായ12ാം ദിവസവും ഭരണ പ്രതിപക്ഷ പ്രതിഷേധം. പ്രതിഷേധം ശക്തമായതിനെ തുടർന്ന് രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു. അവിശ്വാസ പ്രമേയത്തിലൂടെ കോൺഗ്രസ് രാജ്യസഭ അധ്യക്ഷന്റെ പദവിയെ അപമാനിച്ചെന്ന് കേന്ദ്രമന്ത്രി ജെപി നഡ്ഡ പറഞ്ഞു. ബിജെപി എംപിമാർക്ക് ഇന്ത്യൻ പതാകയും റോസാപ്പൂവും നൽകി വ്യത്യസ്തമായ പ്രതിഷേധവും കോൺഗ്രസ് എംപിമാർ നടത്തി.
പാർലമെന്റിലെ ഭരണപക്ഷത്തിന്റെ നിലപാടിനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി വേറിട്ട പ്രതിഷേധമാണ് കോൺഗ്രസ് എംപിമാർ നടത്തിയത്. പാർലമെന്റ് കവാടത്തിൽ ഇന്ത്യൻ പതാകയും റോസാപ്പൂവും നൽകിയാണ് ബിജെപി എംപിമാരെ സ്വീകരിച്ചത്. രാജ്യസഭാ നടപടികൾ ആരംഭിച്ച ഉടൻതന്നെ പ്രതിപക്ഷം അദാനി വിഷയത്തിൽ മുദ്രാവാക്യം മുഴക്കി. ജോർജ് സോറസ് വിഷയം ഉന്നയിച്ച് ബിജെപി പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധം ശക്തമായതിനെ തുടർന്ന് 12 മണി വരെ നിർത്തിവെക്കുകയായിരുന്നു.
കോൺഗ്രസ്- സോറസ് ബന്ധം സഭയിൽ ചർച്ച ചെയ്യണമെന്ന് ജെപി നഡ്ഡ ആവർത്തിച്ചതോടെ സഭ വീണ്ടും പ്രക്ഷുബ്ധമായി ഇന്നത്തേക്ക് പിരിയുകയായിരുന്നു. ബിജെപി അംഗങ്ങൾക്ക് സഭാ അധ്യക്ഷൻ കൂടുതൽ സമയം നൽകുന്നു എന്ന് പ്രതിപക്ഷം ഇന്നും ആരോപിച്ചു. ലോക്സഭയിൽ ജോർജ് സോറസ് വിഷയം പിയൂഷ് ഗോയൽ ഉന്നയിച്ചതോടെ സഭയിൽ പ്രതിഷേധമിരമ്പി. തുടർന്ന് ലോക്സഭ രണ്ടു മണി വരെ പിരിഞ്ഞു. സഭാ നടപടികൾ തടസ്സപ്പെടുത്താൻ ഭരണകക്ഷി അംഗങ്ങൾ ശ്രമിച്ചാലും അദാനി വിഷയത്തിൽ നിന്ന് പിന്നോട്ടില്ല എന്ന് ആവർത്തിക്കുകയാണ് പ്രതിപക്ഷ എംപിമാർ.