Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡൽഹി: ഇന്ത്യൻ സഞ്ചാരികൾക്ക് ഇ-വിസയുമായി തായ്‌ലൻഡ്. ഇന്ത്യയിൽ ഒരു ഇലക്‌ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ഇടിഎ) സംവിധാനം അവതരിപ്പിക്കുമെന്നും 2025 ജനുവരി 1 മുതൽ അത് പ്രാബല്യത്തിൽ വരുമെന്നും ന്യൂഡൽഹിയിലെ റോയൽ തായ് എംബസി അറിയിച്ചു. അതേസമയം വിനോദ സഞ്ചാരത്തിനും ബിസിനസ് ആവശ്യങ്ങൾക്കുമായി യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ 60 ദിവസത്തെ വിസ ഇളവ് തുടരുമെന്നും എംബസി അറിയിച്ചു.
തായ് പൗരന്മാരല്ലാത്തവർക്ക് https://www.thaievisa.go.th എന്ന വെബ്‌സൈറ്റ് വഴി വിസ അപേക്ഷകൾ നൽകാമെന്നും തായ് എംബസി അറിയിച്ചു. അപേക്ഷകർക്ക് സ്വന്തമായോ, പ്രതിനിധികൾ മുഖേനയോ അപേക്ഷകൾ സമർപ്പിക്കാം. വിസ അപേക്ഷിക്കുന്നതിനായി ഓഫ്‌ലൈൻ പേയ്‌മെൻ്റ് സംവിധാനം ഉൾപ്പെടുത്തിയിട്ടുണ്ട്. ഫീസ് ലഭിച്ച തീയതി മുതൽ 14 പ്രവൃത്തി ദിവസത്തിനുള്ളിൽ അപേക്ഷകർക്ക് വിസ ലഭ്യമാകും. അതേ സമയം എല്ലാ കേസുകളിലും വിസ ഫീസ് തിരികെ നൽകാനാവില്ലെന്ന് എംബസി അറിയിച്ചു.
ഇ-വിസ ലഭ്യമായാൽ സന്ദർശകർക്ക് അവരുടെ കാലാവധി 30 ദിവസം കൂടി നീട്ടാൻ സാധിക്കും. 2023ല്‍ മാത്രം രണ്ടരക്കോടി വിദേശ വിനോദസഞ്ചാരികളാണ് തായ്‌ലന്‍ഡില്‍ എത്തിയത്. ഈ വർഷം ഇത് മൂന്ന് കോടിയലധികമാക്കാനാണ് തായ്‌ലന്‍ഡ് ലക്ഷ്യമിടുന്നത്. കോവിഡിന് മുന്‍പ് ഏകദേശം നാല് കോടി സഞ്ചാരികളാണ് ഇവിടെ എത്തിയിരുന്നത്. ഈ സാഹചര്യത്തിലേക്ക് തിരിച്ചു പോകാനാണ് രാജ്യം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.