ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
ബില്ലിൽ സമവായമുണ്ടാക്കാൻ വിശദമായ ചർച്ചകൾക്കായി ജോയിന്റ് പാർലിമെന്ററി കമ്മിറ്റിക്ക് കൈമാറിയേക്കും.
ന്യൂഡൽഹി: ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പിന്റെ കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കരട് ബില്ല് തയ്യാറാക്കിയിരിക്കുന്നത്. ബില്ലിൽ സമവായമുണ്ടാക്കാൻ വിശദമായ ചർച്ചകൾക്കായി ജോയിന്റ് പാർലിമെന്ററി കമ്മിറ്റിക്ക് കൈമാറിയേക്കും. മുഴുവൻ പാർട്ടികളുമായും പൊതുജനങ്ങളുമായും ജെപിസി അഭിപ്രായം തേടുമെന്നാണ് വിവരം.
ഒറ്റത്തെരഞ്ഞെടുപ്പ് നടപ്പാക്കാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ബില്ല് പാസാക്കേണ്ടതുണ്ട്. നിലവിൽ ബിജെപിക്ക് ഒറ്റക്ക് ഭൂരിപക്ഷമില്ലാത്തതിനാൽ ബില്ല് പാസാക്കാൻ കൂടുതൽ പാർട്ടികളുടെ പിന്തുണ ആവശ്യമാണ്. നടപ്പ് പാർലമെന്റ് സമ്മേളനത്തിൽ ബിൽ കൊണ്ടുവരുമോ എന്നതിൽ തീരുമാനമായിട്ടില്ല.
കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ ബില്ലിനെതിരെ രംഗത്ത് വന്നിരുന്നു. 2014ൽ അധികാരത്തിലെത്തിയത് മുതൽ ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്നത് മോദി സർക്കാരിന്റെ പ്രഖ്യാപിത നിലപാടായിരുന്നു. എന്നാൽ ഇത് ജനാധിപത്യ വ്യവസ്ഥയെ അട്ടിമറിക്കുമെന്നാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ നിലപാട്.