വിവരാവകാശ രേഖ ചോദിച്ച മുസ്‌ലിം ഗവേഷകനോട് പൗരത്വം തെളിയിക്കണമെന്ന് ഉദ്യോഗസ്ഥൻ
ആധാർ അയച്ചുകൊടുത്തപ്പോൾ പൗരത്വത്തിനായുള്ള രേഖയല്ലെന്ന് മറുപടി
ന്യൂഡൽഹി: വിവരാവകാശ നിയമപ്രകാരം സമർപ്പിച്ച ചോദ്യത്തിന് മറുപടി ലഭിക്കുന്നതിനായി ഗവേഷകനോട് ഇന്ത്യൻ പൗരത്വം തെളിയിക്കാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. അമർത്യ സെന്നിന്റെ പ്രതിചി ട്രസ്റ്റുമായി പ്രവർത്തിക്കുന്ന ഗവേഷകനായ സാബിർ അഹമ്മദിനോടാണ് കൊൽക്കത്ത നാഷണൽ മെഡിക്കൽ കോളജ് ആന്റ് ഹോസ്പിറ്റലിലെ സ്റ്റേറ്റ് പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ പൗരത്വം തെളിയിക്കാൻ ആവശ്യപ്പെട്ടത്. മെഡിക്കൽ അഡ്മിനിസ്‌ട്രേഷനെക്കുറിച്ചായിരുന്നു സാബിറിന്റെ ചോദ്യം.
താൻ പ്രതിച്ചിയിലെ ദേശീയ ഗവേഷണ കോ-ഓർഡിനേറ്ററാണെന്ന് വിവരിച്ചായിരുന്നു സാബിർ അപേക്ഷ സമർപ്പിച്ചത്. ബംഗാളിലെ 23 മെഡിക്കൽ കോളജുകളിൽ നിന്നും അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാരുടെയും ഫാക്കൽറ്റികളുടെയും വിദ്യാർഥികളെയും അവർ ഉൾപ്പെടുന്ന സാമൂഹിക സംഘടനകളുടെയും വിവരങ്ങൾ തിരക്കിയായിരുന്നു സാബിർ വിവരാവകാശത്തിനായി അപേക്ഷിച്ചത്.
താൻ അധഃസ്ഥിത വിഭാഗങ്ങളുടെ മെഡിക്കൽ വിദ്യാഭ്യാസത്തിലും ഭരണത്തിലുമുള്ള പ്രാതിനിധ്യം വിലയിരുത്താനാണ് ചോദ്യമുന്നയിച്ചതെന്ന് സാബിർ ദ ടെലഗ്രാഫിനോട് പറഞ്ഞു.
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിവിധ വകുപ്പുകളിലായി ഇതിനോടകം 2,500ലധികം അപേക്ഷകൾ വിവരാവകാശത്തിനായി അയച്ചിട്ടുണ്ടെന്ന് പറഞ്ഞ സാബിർ ആദ്യമായാണ് തന്നോട് പൗരത്വം ചോദിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി.
വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയായി, ഇന്ത്യൻ പൗരനാണെന്ന് പ്രസ്തുത അപേക്ഷയിൽ സാബിർ പ്രഖ്യാപിച്ചിട്ടില്ലെന്നും. അതിനാൽ ഇന്ത്യൻ പൗരത്വത്തിന്റെ തെളിവ് നൽകുന്നതുവരെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയില്ലെന്നുമായിരുന്നു സാബിറിന് എസ്പിഐഒയിൽ നിന്നും ലഭിച്ച മറുപടി.
ഇതിന് പിന്നാലെ തന്റെ പൗരത്വം തെളിയിക്കുന്നതിനായി സാബിർ ആധാർ കാർഡിന്റെ പകർപ്പ് എസ്പിഐഒയ്ക്ക് അയച്ചിരുന്നു. എന്നാൽ ഒരു വിദഗ്ധനായതിൽ സാബിറിന് വിവരാവകാശ രേഖ കൈമാറാമെന്നും, ആധാർ പൗരത്വം തെളിയിക്കുന്നതിനുള്ള രേഖയായി കണക്കാക്കാനാവില്ലെന്നുമായിരുന്നു എസ്പിഐഓയുടെ മറുപടി.
കേന്ദ്രഗവൺമെന്റിന്റെ ഔദ്യോഗിക സൈറ്റിൽ വിവരാവകാശ അപേക്ഷയിൽ പൗരത്വം തെളിയിക്കുന്നതിനായി ഒരു രേഖയും ആവശ്യപ്പെടുന്നതായി കാണിക്കുന്നില്ല. വിവരാവകാശ ഉദ്യോഗസ്ഥൻ ഇത് ചോദിക്കേണ്ടതുമില്ല.
എന്നാൽ, വിവരാവകാശ ഉദ്യോഗസ്ഥന് ചോദ്യം സമർപ്പിച്ചയാൾ ഇന്ത്യൻ പൗരനല്ല എന്ന് സംശയം തോന്നുകയാണെങ്കിൽ പൗരത്വത്തെക്കുറിച്ച് ചോദ്യമുന്നയിക്കാം എന്ന് വെബ്‌സൈറ്റിൽ പറയുന്നു.
തന്റെ പേരായിരിക്കാം എസ്പിഐഒ ഉദ്യോഗസ്ഥനെ പൗരത്വം തെളിയിക്കാനുള്ള ചോദ്യത്തിലേക്കെത്തിച്ചതെന്ന് സാബിർ പറഞ്ഞു. അതുമല്ലെങ്കിൽ വിവരം ഒളിച്ചുവെക്കാനുള്ള നടപടിയായിരിക്കാം ഇതെന്നും സാബിർ കൂട്ടിച്ചേർത്തു.
സാബിർ അഹമ്മദിനോട് പൗരത്വം തെളിയിക്കാൻ ആവശ്യപ്പെട്ടത് സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. സംഭവം വിവാദമായതോടെ സ്ഥാപനം സാബിറിന് വിവരാവകാശ രേഖകൾ കൈമാറാമെന്നും, അപേക്ഷാർഥിയുടെ ആത്മാർഥത വ്യക്തമാക്കാനാണ് പൗരത്വം തെളിയിക്കാൻ ആവശ്യപ്പെട്ടതെന്നും സന്ദേശമയച്ചു. ഇത്രയും വലിയ വിവരം കൈമാറുമ്പോൾ മുൻകരുതലായി സ്വീകരിച്ച നടപടിയായിരുന്നു ഇതെന്നും സന്ദേശത്തിലുണ്ട്.
താൻ ഇതിനോടകം വിവിധ സംസ്ഥാനങ്ങളിലെ എഴുപതോളം മെഡിക്കൽ കോളജുകളിലേക്ക് ഇതേ രേഖകൾക്കായി അപേക്ഷ അയച്ചിരുന്നെന്നും പല സ്ഥാപനങ്ങളും ഉടൻ തന്നെ തനിക്ക് മറുപടി കൈമാറിയെന്നും സാബിർ പറയുന്നു. എന്നാൽ ചില സ്ഥാപനങ്ങൾ തനിക്ക് വ്യക്തമായ വിവരങ്ങൾ കൈമാറാതെ സ്ഥാപനവുമായി ബന്ധപ്പെട്ട ഓഫീസിനെ സമീപിക്കാനാണ് മറുപടി പറഞ്ഞതെന്നും സാബിർ കൂട്ടിച്ചേർത്തു.
നോബൽ സമ്മാന ജേതാവ് അമർത്യ സെൻ ചെയർമാനായി 1999ൽ സ്ഥാപിതമായ പ്രതിചി ട്രസ്റ്റ്, അടിസ്ഥാന വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, കുട്ടികളുടെ പോഷകാഹാരം, ലിംഗസമത്വം തുടങ്ങിയ മാനവ വികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ഗവേഷണങ്ങൾ നടത്താറുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് സാബിർ വിവരാവകാശ രേഖയ്ക്കായി അപേക്ഷിച്ചത്.