നടപ്പാതയിൽ ഉറങ്ങിക്കിടന്ന യുവാവിന്റെ ദേഹത്തേക്ക് ബി.എം.ഡബ്ല്യു കാർ ഓടിച്ചുകയറ്റി കൊന്നു; രാജ്യസഭാ എം.പിയുടെ മകൾക്ക് ജാമ്യം, വിവാദം

മാധുരി ഉടൻ തന്നെ സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു

Update: 2024-06-19 07:13 GMT
Editor : Lissy P | By : Web Desk
Advertising

ചെന്നൈ: നടപ്പാതയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേക്ക് ബി.എം.ഡബ്ല്യു കാർ ഓടിച്ചുകയറ്റി കൊലപ്പെടുത്തിയ കേസിൽ രാജ്യസഭാ എം.പിയുടെ മകൾക്ക് ജാമ്യം.  വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ രാജ്യസഭാ എംപി ബീദ മസ്താൻ റാവുവിന്റെ മകൾ മാധുരിക്കാണ് ജാമ്യം ലഭിച്ചത്. തിങ്കളാഴ്ച രാത്രി തമിഴ്‌നാട്ടിലെ ചെന്നൈയിലെ ബസന്റ് നഗറിലാണ് അപകടമുണ്ടായത്. സുഹൃത്തിനൊപ്പം സഞ്ചരിക്കുമ്പോഴാണ് മാധുരി ഓടിച്ചിരുന്ന ബി.എം.ഡബ്യു കാർ നിയന്ത്രണം വിട്ട് നടപ്പാതയിൽ ഉറങ്ങിക്കിടന്ന 24 കാരനായ സൂര്യ എന്ന യുവാവിന് മുകളിലൂടെ കയറുന്നത്.ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

മാധുരി ഉടൻ തന്നെ സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു. കൂടെയുണ്ടായിരുന്ന സുഹൃത്ത് കാറിൽ നിന്നിറങ്ങി നാട്ടുകാരോട് തർക്കിക്കുകയും ചെയ്തു. കൊല്ലപ്പെട്ട സൂര്യ പെയിന്റിങ് തൊഴിലാളിയാണ്.എട്ടുമാസം മുമ്പാണ് ഇയാളുടെ വിവാഹം നടന്നത്. അപകടത്തിന് പിന്നാലെ സൂര്യയുടെ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു. പ്രതികളെ എത്രയും പെട്ടന്ന് പിടികൂടണമെന്നായിരുന്നു ഇവരുടെ ആവശ്യം.പ്രതിഷേധം കനത്തതോടെയാണ് അപകടസ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചത്. അപകടമുണ്ടാക്കിയ കാർ ബിഎംആർ (ബീദ മസ്താൻ റാവു) ഗ്രൂപ്പിന്റേതാണെന്നും പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തതാണെന്നും കണ്ടെത്തി.അന്വേഷണത്തിൽ വാഹനമോടിച്ചത് ബീദ മസ്താൻ റാവുവിന്റെ മകളാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് മാധുരിയെ അറസ്റ്റ് ചെയ്‌തെങ്കിലും കോടതി ജാമ്യംഅനുവദിച്ചു. ഇതിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.

പൂനെയിൽ റിയൽ എസ്‌റ്റേറ്റ് വ്യവസായിയുടെ മകൻ ഓടിച്ച പോർഷെ കാറിടിച്ച് രണ്ട് യുവ സോഫ്റ്റ് വെയർ എൻജിനീയർമാർ കൊല്ലപ്പെട്ടത് രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. അപകടം നടന്ന് മണിക്കൂറുകള്‍ക്കകം പ്രതിയായ പതിനേഴുകാരനെ അപകടത്തെക്കുറിച്ച് ഉപന്യാസം എഴുതാന്‍ ആവശ്യപ്പെട്ട് ജാമ്യത്തില്‍ വിട്ടതും വിവാദമായിരുന്നു. പിന്നീട് ഈ കേസ് ഇല്ലാതാക്കാന്‍ കുടുംബം നടത്തിയ ഇടപെടലുകളും പുറത്ത് വന്നിരുന്നു. ഈ അപകടം നടന്ന് ഒരു മാസത്തിന് ശേഷമാണ് ചെന്നൈയില്‍ രാജ്യസഭാ എം.പിയുടെ മകള്‍ ഓടിച്ച ആഡംബര കാറിടിച്ച് അപകടമുണ്ടായത്.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News