തെരഞ്ഞെടുപ്പ് നിയമഭേദഗതി ബിൽ ഇന്ന് രാജ്യസഭയില്‍
ആധാറിനെ തിരിച്ചറിയൽ കാർഡുമായി ബന്ധിപ്പിക്കുന്ന നിയമഭേദഗതി പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭ ഇന്നലെ പാസാക്കിയിരുന്നു
തെരഞ്ഞെടുപ്പ് നിയമഭേദഗതി ബിൽ രാജ്യസഭ ഇന്ന് പരിഗണിക്കും. ആധാറിനെ തിരിച്ചറിയൽ കാർഡുമായി ബന്ധിപ്പിക്കുന്ന നിയമഭേദഗതി പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭ ഇന്നലെ പാസാക്കിയിരുന്നു. രാജ്യസഭാ അംഗങ്ങൾക്ക് ബി.ജെ.പി വിപ്പ് നൽകിയിട്ടുണ്ട്.
നിരവധി പ്രത്യേകതകളുള്ള തെരഞ്ഞെടുപ്പ് പരിഷ്‌കരണ ബില്ല് രാജ്യസഭയിൽ പാസാക്കിയെടുക്കുകയാണ് കേന്ദ്രസർക്കാർ നേരിടുന്ന പ്രധാന വെല്ലുവിളി. ലോക്സഭയിലെ മൃഗീയ ഭൂരിപക്ഷത്തിനു പകരം നേരിയ മേൽക്കൈ മാത്രമാണ് സർക്കാരിന് രാജ്യസഭയിൽ ഭരണകക്ഷിക്കുള്ളത്. ഡിവിഷൻ ആവശ്യപ്പെട്ടുള്ള വോട്ടെടുപ്പിലേക്കു കടക്കാതെ ശബ്ദവോട്ടിലൂടെ രാജ്യസഭയിൽ ബില്ല് പാസാക്കിയെടുക്കാമെന്നാണ് ബി.ജെ.പി കണക്കു കൂട്ടുന്നത്. ബിൽ നിയമമാകുന്നതോടെ വോട്ടർ പട്ടികയിൽ പേര് നൽകുമ്പോൾ ആധാർ നമ്പർ കൂടി നൽകണം. നിലവിൽ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടവരും ആധാർ നമ്പർ ഉൾപ്പെടുത്തണം.
വർഷത്തിൽ നാല് അവസരങ്ങൾ ഇതിനായി നൽകും. ജനുവരി ,ഏപ്രിൽ ,ജൂലൈ ,ഒക്ടോബർ ഒന്നാം തിയതി പേര് ചേർക്കാം. ചർച്ചയോ വോട്ടെടുപ്പോ ഇല്ലാതെ ലോക്സഭാ പാസാക്കിയ ബിൽ, രാജ്യസഭ കൂടി കടന്ന് രാഷ്‌ട്രപതി ഒപ്പിടുന്നതോടെ നിയമമാകും. സമ്മേളനം അവസാനിക്കാൻ നാല് ദിവസം മാത്രമാണ് അവശേഷിക്കുന്നത്. രാജ്യസഭയിൽ ഈ സമ്മേളന കാലയളവിൽ പാസാക്കാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത സമ്മേളനത്തിൽ വീണ്ടും ലോക്സഭാ പാസാക്കേണ്ടിവരും.