രാമനവമി സംഘർഷം; കലാപകാരികളില്‍ നിന്ന് നഷ്ട പരിഹാരം ഈടാക്കും

നഷ്ടപരിഹാരം ഈടാക്കാൻ മധ്യപ്രദേശ് സർക്കാർ രണ്ടംഗ ക്ലെയിം ട്രൈബ്യൂണൽ രൂപീകരിച്ചു

Update: 2022-04-13 07:13 GMT
Advertising

ഖാർഗോൺ നഗരത്തിലെ രാമനവമി ആഘോഷത്തിനിടെ വർഗീയ കലാപം നടത്തിയവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ മധ്യപ്രദേശ് സർക്കാർ രണ്ടംഗ ക്ലെയിം ട്രൈബ്യൂണൽ രൂപീകരിച്ചു. ട്രൈബ്യൂണൽ ജെരൂപീകരിക്കുന്നതിനുള്ള ഗസറ്റ് വിജ്ഞാപനം ചൊവ്വാഴ്ച പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

വിജ്ഞാപനമനുസരിച്ച്,  നഗരത്തിൽ നടന്ന അക്രമത്തിനിടെയുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതുമായി ബന്ധപ്പെട്ട കേസുകൾ കേൾക്കുന്നതിനായി പബ്ലിക്, പ്രൈവറ്റ് പ്രോപ്പർട്ടി റിക്കവറി ആക്റ്റ്-2021-ലെ വ്യവസ്ഥകൾ പ്രകാരമാണ് ട്രൈബ്യൂണൽ രൂപീകരിച്ചിരിക്കുന്നത്. 

മുൻ് ജില്ലാ ജഡ്ജി ഡോ. ശിവകുമാർ മിശ്ര, മുൻ സംസ്ഥാന സർക്കാർ സെക്രട്ടറി പ്രഭാത് പരാശവർ എന്നിവർ അടങ്ങുന്ന ട്രൈബ്യൂണാലാണ് രൂപീകരിച്ചിരിക്കുന്നത്.  മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. കേസുകളിൽ ഉൾപ്പെട്ട കലാപകാരികളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നത് ട്രൈബ്യൂണൽ ഉറപ്പാക്കും. ഖാർഗോണിൽ നടന്ന അക്രമത്തിന് ശേഷം, നഷ്ടം വിലയിരുത്തുന്നതിനും കലാപകാരികളിൽ നിന്ന് നാശനഷ്ടങ്ങൾ വീണ്ടെടുക്കുന്നതിനുമായി ട്രൈബ്യൂണൽ രൂപീകരിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അറിയിച്ചിരുന്നു.

ഞായറാഴ്ചയായിരുന്നു മധ്യപ്രദേശിലെ ഖാർഗോണിലെ വിവിധ പ്രദേശങ്ങളിൽ രാമനവമി ഘോഷയാത്രയ്ക്കിടെ സംഘർഷങ്ങളുണ്ടായത്. ഇതേ തുടർന്ന് തുടർന്ന് നഗരത്തിന്റെ ചില ഭാഗങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. സംഘർഷത്തിൽ ആക്രമികൾ പ്രദേശത്തെ 10 വീടുകൾ അഗ്‌നിക്കിരയാക്കിയതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

തലാബ് ചൗക്കിലെ സംഘർഷം ഖാസിപുരയിലും നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലും സംഘർഷത്തിലേക്ക് നയിച്ചതായും നിരവധി വാഹനങ്ങൾ കത്തിച്ചതായും കലക്ടർ പറഞ്ഞു. ഖാർഗോൺ നഗരത്തിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള ബർവാനി ജില്ലയിലും ഏറ്റുമുട്ടലുകളും കല്ലേറും നടന്നതായും ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. മധ്യപ്രദേശിന് പുറമെ ഗുജറാത്ത്, മധ്യപ്രദേശ്, ഝാർഖണ്ഡ്, പശ്ചിമബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും രാമനവമി ഘോഷയാത്രക്കിടെ സംഘർഷങ്ങളുണ്ടായിട്ടുണ്ട്. ഗുജറാത്തിൽ രാമനവമി ഘോഷയാത്രക്കിടെയുണ്ടായ സംഘർഷങ്ങൾക്കിടെ ഒരാൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഞായറാഴ്ച ആനന്ദ് ജില്ലയിലെ ഖംഭാത് നഗരത്തിൽ നടന്ന സംഘർഷത്തിലാണ് ഒരാൾ കൊല്ലപ്പെട്ടത്.

തുടർന്ന് കല്ലേറിൽ കുറ്റാരോപിതരായ 45 പേരുടെ സ്വത്തുവകകൾ ഭരണകൂടം ബുൾഡോസർ ഉപയോഗിച്ച് തകർക്കുകയായിരുന്നു. പൊലീസ് സുരക്ഷയിൽ ഖർഗോൺ ജില്ലാ ഭരണകൂടമാണ് വീടുകളും കടകളും തകർത്തത്. അനിഷ്ടസംഭവം നടന്ന് 48 മണിക്കൂറിനകമായിരുന്നു ഭരണകൂട നടപടി.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News