'വസ്ത്രമൊന്നും ധരിച്ചില്ലെങ്കിലും സ്ത്രീകള്‍ സുന്ദരികള്‍': ബാബ രാംദേവിന്‍റെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം
സ്ത്രീകളെ അപമാനിച്ച രാംദേവ് മാപ്പ് പറയണമെന്ന് ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ
മുംബൈ: സ്ത്രീകളെ കുറിച്ച് യോഗ ഗുരു ബാബ രാംദേവ് നടത്തിയ പരാമര്‍ശത്തിനെതിരെ പ്രതിഷേധം. "സാരിയിലും സൽവാറിലും സ്ത്രീകള്‍ സുന്ദരികളാണ്. സ്ത്രീകൾ ഒന്നും ധരിച്ചില്ലെങ്കിലും സുന്ദരികളാണ്" എന്നായിരുന്നു പ്രസ്താവന. താനെയിലെ ഒരു യോഗ ക്യാമ്പിലാണ് രാംദേവ് സ്ത്രീകളെ ഈ പരാമര്‍ശം നടത്തിയത്.
പരിപാടിയിൽ പങ്കെടുത്ത പല സ്ത്രീകളും സാരി കൊണ്ടുവന്നെങ്കിലും അത് ധരിക്കാൻ സമയം കിട്ടിയില്ലെന്ന് പറഞ്ഞാണ് രാംദേവ് ഇങ്ങനെ അഭിപ്രായപ്പെട്ടത്- "നിങ്ങൾ സാരിയിൽ സുന്ദരികളാണ്. അമൃത ജിയെപ്പോലെ ചുരിദാര്‍ ധരിച്ചാലും സുന്ദരികളാണ്. എന്നെപ്പോലെ ഒന്നും ധരിക്കാത്തപ്പോഴും നിങ്ങള്‍ സുന്ദരികളാണ്" എന്നാണ് രാംദേവ് പറഞ്ഞത്.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്‍റെ ഭാര്യ അമൃത ഫഡ്നാവിസ്, മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ മകനും എം.പിയുമായ ശ്രീകാന്ത് ഷിൻഡെ എന്നിവർ പങ്കെടുത്ത പരിപാടിയിലാണ് രാംദേവ് വിവാദ പരാമര്‍ശം നടത്തിയത്. ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ രാംദേവിനെ വിമർശിച്ച് രംഗത്തെത്തി. സ്ത്രീകളെ അപമാനിച്ച രാംദേവ് മാപ്പ് പറയണമെന്ന് സ്വാതി ആവശ്യപ്പെട്ടു- "മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുടെ ഭാര്യയുടെ മുന്നിൽവെച്ച് രാംദേവ് നടത്തിയ പ്രസ്താവന മോശവും അപലപനീയവുമാണ്. ഈ പ്രസ്താവന എല്ലാ സ്ത്രീകളെയും വേദനിപ്പിച്ചു. ബാബ രാദേവ് ജി രാജ്യത്തോട് മാപ്പ് പറയണം" എന്നാണ് സ്വാതി മലിവാള്‍ ട്വീറ്റ് ചെയ്തത്.
രാംദേവ് ഈ പരാമര്‍ശം നടത്തിയപ്പോള്‍ എന്തുകൊണ്ട് അമൃത ഫട്നാവിസ് പ്രതിഷേധിച്ചില്ലെന്ന് ശിവസേന ഉദ്ധവ് പക്ഷ നേതാവ് സഞ്ജയ് റാവത്ത് ചോദിച്ചു. ശിവജിക്കെതിരെ ഗവർണർ അപകീർത്തികരമായ പരാമർശം നടത്തുമ്പോഴും മഹാരാഷ്ട്രയിലെ ഗ്രാമങ്ങൾ കർണാടകയിലേക്ക് കൊണ്ടുപോകുമെന്ന് കർണാടക മുഖ്യമന്ത്രി ഭീഷണിപ്പെടുത്തിയപ്പോഴും ബി.ജെ.പി പ്രചാരകൻ രാംദേവ് സ്ത്രീകളെ അപമാനിക്കുമ്പോഴും സർക്കാർ മൗനം പാലിക്കുന്നു. സർക്കാർ നാവ് ഡല്‍ഹിയില്‍ പണയം വെച്ചിരിക്കുകയാണോ എന്നും സഞ്ജയ് റാവത്ത് ചോദിച്ചു.