യു.പിയില്‍ 65 കാരിയെ ബലാത്സംഗം ചെയ്ത 29കാരൻ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട പ്രതി പൊലീസിന് നേരെ വെടിയുതിര്‍ത്തെന്ന് ഉദ്യോഗസ്ഥര്‍

Update: 2024-06-02 05:28 GMT
Editor : Lissy P | By : Web Desk
Advertising

ആഗ്ര: 65 കാരിയെ ബലാത്സംഗം ചെയ്തതുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ 29 കാരൻ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ മഥുരയിലാണ് സംഭവം. ഉത്തം എന്ന മനോജ് ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ പ്രതി കസ്റ്റഡിയിൽ നിന്ന് ഓടി രക്ഷപ്പെട്ടെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. ഒരു ഗ്രാമ പ്രദേശത്ത് വെച്ച് പ്രതിയെ പിടികൂടാൻ ശ്രമിച്ചെങ്കിലും അയാൾ പൊലീസിന് നേരെ വെടിവെക്കുകയും സ്വയം പ്രതിരോധത്തിനായി തിരിച്ച് വെടിയുതിർക്കുകയും ചെയ്യുകയായിരുന്നും ഉദ്യോഗസ്ഥർ പറയുന്നു.പ്രതിക്ക് ഗുരുതരമായി പരിക്കേൽക്കുകയും പിന്നീട് മരിക്കുകയുമായിരുന്നെന്ന് മഥുര എസ്എസ്പി ശൈലേഷ് കുമാർ പാണ്ഡെ പറഞ്ഞു.

മെയ് 26ന് വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന വയോധികക്ക് ബൈക്കിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. വയോധികയെ ആക്രമിച്ച ശേഷം ആഭരണങ്ങളും കവർന്നെന്നും പരാതിയിലുണ്ട്. പരാതി ലഭിച്ചെങ്കിലും പ്രതി ഒളിവിലായിരുന്നു. വ്യാഴാഴ്ച യമുന എക്സ്പ്രസ് വേയിലെ ജഗദീഷ്പൂർ അണ്ടർപാസിൽ വെച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതിയെ പൊലീസ് കണ്ടെത്തിയത്. എന്നാൽ പൊലീസുകാരെ കണ്ടതോടെ ഇയാൾ വെടിയുതിർത്ത് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ പൊലീസ് ഇയാളെ തിരിച്ചും വെടിവെച്ചു. കാലുകൾക്ക് പരിക്കേറ്റ ഇയാളെ വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ രാവിലെ 11 മണിയോടെ ശുചിമുറിയിൽ പോകുന്നതിനിടെ മനോജ് ആശുപത്രി പരിസരത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ബൈക്കിൽ രക്ഷപ്പെട്ട മനോജിനെ പൊലീസ് പിന്തുടർന്നെങ്കിലും ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News