ബലാത്സം​ഗ- കൊലക്കേസ് പ്രതി ആൾദൈവം ​ഗുർമീത് റാമിന് വീണ്ടും പരോൾ; നാല് വർഷത്തിനിടെ 15ാം തവണ

ഹരിയാന തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മുമ്പാണ് സംസ്ഥാനത്തെ വിവിധയിടങ്ങളിൽ സ്വാധീനമുള്ള, നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ​ഗുർമീത് റാം വീണ്ടും ജയിലിൽനിന്നും പുറത്തിറങ്ങുന്നത്.

Update: 2024-10-02 08:16 GMT
Advertising

ചണ്ഡീ​ഗഢ്: ബലാത്സം​ഗ- കൊലക്കേസ് പ്രതിയും ദേരാ സച്ചാ സൗദാ തലവനുമായ വിവാദ ആൾദൈവം ​ഗുർമീത് റാമിന് വീണ്ടും പരോൾ. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ അം​ഗീകാരത്തോടെ സംസ്ഥാന ബിജെപി സർക്കാരാണ് ​ഗുർമീത് റാമിന് 20 ദിവസത്തെ പരോൾ അനുവദിച്ചത്. ഇതോടെ നാല് വർഷത്തിനിടെ ഇത് 15ാം തവണയാണ് ഇയാൾ പരോൾ ലഭിച്ച് പുറത്തിറങ്ങുന്നത്.

കഴിഞ്ഞദിവസമാണ് ഇയാൾ പരോൾ അപേക്ഷയുമായി സംസ്ഥാന സർക്കാരിനെ സമീപിച്ചത്. ഇത് സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് കൈമാറി. പരോളിനുള്ള കാരണം ബോധ്യപ്പെടുത്താൻ ​ഗുർമീത് റാമിനോട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ നിർദേശിച്ചു. ഹരിയാന തെരഞ്ഞെടുപ്പിന് മുന്നോടിയായി പരോൾ അനുവദിക്കണം എന്നായിരുന്നു ഇയാളുടെ ആവശ്യം. തുടർന്ന് പരോൾ അനുവദിക്കുന്നതിൽ തടസമില്ലെന്ന് കമ്മീഷൻ അറിയിച്ചതോടെ സർക്കാർ അനുമതി നൽകുകയായിരുന്നു.

​തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുർമീതിന് പരോൾ നൽകുന്നത് നിലവിലുള്ള മാതൃകാ പെരുമാറ്റച്ചട്ടത്തിൻ്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതിയിരുന്നു. എന്നാൽ ഇത് തള്ളിയാണ് വീണ്ടും പരോൾ അനുവദിച്ചത്. ഹരിയാന തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മുമ്പാണ് സംസ്ഥാനത്തെ വിവിധയിടങ്ങളിൽ സ്വാധീനമുള്ള, നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ​ഗുർമീത് റാം വീണ്ടും ജയിലിൽനിന്നും പുറത്തിറങ്ങുന്നത്. ഇതിലൂടെ ഇയാളുടെ നിരവധി അണികളുടെ വോട്ട് തങ്ങൾക്കനുകൂലമാക്കാം എന്നാണ് ബിജെപി കണക്കുകൂട്ടുന്നത്.

1948ൽ മസ്താ ബലോചിസ്താനി ആരംഭിച്ച ദേര സച്ച സൗദ എന്ന സംഘടനയുടെ തലവനാണ് ഗുർമീത് സിങ്. ആശ്രമത്തിലെ അന്തേവാസികളായ രണ്ട് യുവതികളെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ഗുർമീതിനെ 20 വർഷം തടവിനാണ് ശിക്ഷിച്ചത്. ബലാത്സംഗത്തിലൂടെ സ്ത്രീകള്‍ ശുദ്ധീകരിക്കപ്പെടുന്നു എന്ന് അവകാശപ്പെട്ട ഗുര്‍മീത് തന്‍റെ അനുയായികളായ സ്ത്രീകളെ പലതരം ലൈംഗിക വൈകൃതങ്ങള്‍ക്ക് വിധേയരാക്കിയിരുന്നു.

2017ലാണ് ബലാത്സംഗ കേസിലും രണ്ട് കൊലപാതക കേസുകളിലുമായി കോടതി ആദ്യം ശിക്ഷ വിധിച്ചത്. 2002ല്‍ തന്റെ മാനേജരായിരുന്ന രഞ്ജിത് സിങ്ങിനെ വധിച്ച കേസിൽ മറ്റ് നാല് പേര്‍ക്കൊപ്പം 2021ലും ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. വെടിവച്ചാണ് രഞ്ജിത് സിങ്ങിനെ കൊലപ്പെടുത്തിയത്. ഗുര്‍മീത് സ്ത്രീകളെ ചൂഷണം ചെയ്യുന്നതിനെക്കുറിച്ച വാര്‍ത്തകള്‍ പുറം ലോകത്തെ അറിയിച്ചത് രഞ്ജിത് സിങ്ങാണ് എന്നാരോപിച്ചാണ് ​ഗുർമീതും കൂട്ടാളികളും ഇയാളെ വെടിവച്ചു കൊന്നത്. 16 വര്‍ഷം മുമ്പ് ഒരു മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ 2019ലും ഇയാള്‍ ശിക്ഷിക്കപ്പെട്ടിരുന്നു.

നേരത്തെയും വിവിധ തെരഞ്ഞെടുപ്പുകൾക്ക് മുമ്പ് ഇയാൾക്ക് പരോൾ അനുവദിച്ചിരുന്നു. ഈ വർഷം ജനുവരിയിൽ 50 ദിവസവും കഴിഞ്ഞ വർഷം നവംബറിൽ രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് 21 ദിവസവും ഹരിയാന തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ജൂലൈയിൽ 30 ദിവസവും ജൂണിൽ 40 ദിവസവും ഇയാൾക്ക് പരോൾ അനുവദിച്ചിരുന്നു. അതിനു മുമ്പ് 2022 ജനുവരിയിൽ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 21 ദിവസവും പരോൾ കിട്ടിയ ഇയാൾ, 2019ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായും പുറത്തിറങ്ങിയിരുന്നു.

ഇതു കൂടാതെ, 2023 ജനുവരിയിൽ 40 ദിവസവും അതിനു മുമ്പ് 2022 ഒക്ടോബറിൽ 40 ദിവസവും ജൂണിലുമുൾപ്പെടെയും പരോൾ നൽകിയിരുന്നു. ഇത് വിവാദമായതിനു പിന്നാലെ ഇതിനെ ന്യായീകരിച്ച് ഹരിയാന മുഖ്യമന്ത്രിയായിരുന്ന മനോഹർലാൽ ഖട്ടർ രം​ഗത്തെത്തിയിരുന്നു. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് പരോൾ നൽകുന്നതെന്നും അത് ദേരാ സച്ചാ സൗദ മേധാവിയുടെ അവകാശമാണെന്നുമായിരുന്നു ബിജെപി നേതാവിന്റെ വാദം.

ഹരിയാന സർക്കാരിൻ്റെ അനുമതിയില്ലാതെ പരോൾ അനുവദിക്കാനാകില്ലെന്ന് ഫെബ്രുവരിയിൽ ഹൈക്കോടതി അറിയിച്ചിരുന്നു. ഒരു മാസത്തിന് ശേഷം ജനുവരി 18ന് ​ഗുർമീതിന് 50 ദിവസത്തെ പരോൾ അനുവദിച്ചു. 2023 മാർച്ചിൽ, പഞ്ചാബ് സർക്കാർ ​ഗുർമീതിന് പരോൾ അനുവദിക്കുന്നത് സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നങ്ങൾക്ക് ഇടയാക്കുമെന്ന് ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, ദേര സച്ചാ സൗദ തലവൻ കഠിന തടവുകാരൻ്റെ പട്ടികയിൽപെടില്ലെന്നും സീരിയൽ കില്ലർ എന്ന് വിളിക്കാൻ കഴിയില്ലെന്നും പറഞ്ഞ് ഹരിയാന ബിജെപി സർക്കാർ പരോളിനെ പിന്തുണയ്ക്കുകയും വീണ്ടും പുറത്തുവിടുകയുമായിരുന്നു.

അതേസമയം, ഗുർമീത് റാം റഹീം സിങ്ങിന് തുടർച്ചയായി പരോൾ അനുവദിച്ച ജയിൽ സൂപ്രണ്ട് ബിജെപിയിൽ ചേർന്നിരുന്നു. ഹരിയാനയിലെ ഗുരുഗ്രാം ജില്ലാ ജയിൽ സൂപ്രണ്ടായിരുന്ന സുനിൽ സാങ്‌വാൻ ആണ് സ്ഥാനം രാജിവച്ച് ബിജെപിയിൽ ചേർന്നത്. ഹരിയാന നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഇയാളെ ചാർഖി ദാദ്രി സീറ്റിൽ ബിജെപി സ്ഥാനാർഥിയാക്കുകയും ചെയ്തു.






Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News