ഇനിയും പരോൾ വേണമെന്ന് ബലാത്സം​ഗ-കൊലക്കേസ് പ്രതിയായ ആൾദൈവം ​ഗുർമീത് റാം; കാരണം ചോദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

56കാരനായ ​ഗുർമീത് റാം 21 ദിവസത്തെ പരോളിന് ശേഷം സെപ്റ്റംബർ രണ്ടിനാണ് തിരികെ റോഹ്തക്കിലെ സുനാരിയ ജയിലിലേക്ക് എത്തിയത്.

Update: 2024-09-29 06:42 GMT
Advertising

ചണ്ഡീ​ഗഢ്: ദേരാ സച്ചാ സൗദാ തലവനും ബലാത്സം​ഗ- കൊലക്കേസുകളിൽ പ്രതിയുമായ വിവാദ ആൾദൈവം ​ഗുർമീത് റാം റഹീം സിങ് വീണ്ടും പരോൾ ആവശ്യപ്പെട്ട് സർക്കാരിന് മുന്നിൽ. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 20 ദിവസത്തെ പരോൾ അനുവദിക്കണമെന്നാണ് ഈ മാസമാദ്യം തിരികെ ജയിലിലേക്ക് മടങ്ങിയ ​ഗുർമീത് റാമിന്റെ ആവശ്യം.

എന്നാൽ ആവശ്യം ഹരിയാന സർക്കാർ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് കൈമാറി. പരോൾ അനുവദിക്കേണ്ടതിന്റെ കൃത്യമായ കാരണം ബോധ്യപ്പെടുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗുർമീതിനോട് ആവശ്യപ്പെട്ടു.

56കാരനായ ​ഗുർമീത് റാം ആ​ഗസ്റ്റ് 13ന് ആരംഭിച്ച 21 ദിവസത്തെ പരോളിന് ശേഷം സെപ്റ്റംബർ രണ്ടിനാണ് തിരികെ റോഹ്തക്കിലെ സുനാരിയ ജയിലിലേക്ക് എത്തിയത്. ബലാത്സം​ഗ- കൊലക്കേസുകളിൽ അറസ്റ്റിലായി ജയിലിലായ ശേഷം ഇയാൾക്ക് ലഭിക്കുന്ന പത്താമത്തെ പരോളായിരുന്നു ഇത്. ഇതിനു പിന്നാലെയാണ് വീണ്ടും പരോൾ ആവശ്യപ്പെട്ട് രം​ഗത്തെത്തിയിരിക്കുന്നത്.

ഇയാൾക്ക് ആവർത്തിച്ച് പരോൾ നൽകുന്നതിനെതിരെ ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി (എസ്‌ജിപിസി) പഞ്ചാബ്- ഹരിയാന ഹൈക്കോടതിയെ സമർപ്പിച്ചിരുന്നു. ആശ്രമത്തിലെ അന്തേവാസികളായ രണ്ട് യുവതികളെ ബലാത്സംഗം ചെയ്തതിനും മറ്റ് രണ്ട് കൊലക്കേസുകളിലും 2017ൽ ശിക്ഷിക്കപ്പെട്ടാണ് ഇയാൾ സുനാരിയ ജയിലിൽ തടവിൽ കഴിയുന്നത്.

നേരത്തെ, 2023 ജൂലൈയിൽ 30 ദിവസവും ജനുവരിയിൽ 40 ദിവസം ഇയാൾക്ക് പരോൾ അനുവദിച്ചിരുന്നു. അതിനു മുമ്പ് 2022 ഒക്ടോബറിൽ 40 ദിവസവും ജൂണിലും ഫെബ്രുവരിയിലുമുൾപ്പെടെയും പരോൾ നൽകിയിരുന്നു. ഇത് വിവാദമായതിനു പിന്നാലെ ഇതിനെ ന്യായീകരിച്ച് ഹരിയാന മുഖ്യമന്ത്രിയായിരുന്ന മനോഹർലാൽ ഖട്ടർ രം​ഗത്തെത്തിയിരുന്നു. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് പരോൾ നൽകുന്നതെന്നും അത് ദേരാ സച്ചാ സൗദ മേധാവിയുടെ അവകാശമാണെന്നുമായിരുന്നു ബിജെപി നേതാവിന്റെ വാദം.

നേരത്തെ, വാളുകൊണ്ട് കേക്ക് മുറിച്ച് പരോൾ ആഘോഷിക്കുന്ന റാം റഹീം സിങ്ങിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. 2023 ജനുവരിയിൽ പരോളിലിറങ്ങിയ ശേഷം ഇയാൾ സംഘടിപ്പിച്ച മെഗാ ശുചിത്വ കാമ്പയിനിൽ ഹരിയാന ബിജെപി നേതാക്കളും പങ്കെടുത്തിരുന്നു. രാജ്യസഭാ എംപി കൃഷൻ ലാൽ പൻവാറും മുൻ മന്ത്രി കൃഷൻ കുമാർ ബേദിയും ഉൾപ്പെടെയുള്ള ഏതാനും മുതിർന്ന ബിജെപി നേതാക്കളാണ് ചടങ്ങിൽ പങ്കെടുത്തത്.

അതിനു മുമ്പ് ഒക്ടോബറിൽ ഓൺലൈനായി സംഘടിപ്പിച്ച 'സത്‌സം​ഗ്' എന്ന പരിപാടിയിൽ ബിഹാറിൽ നിന്നുള്ള ബിജെപി മേയർ അടക്കമുള്ളവർ പങ്കെടുത്തതും വിവാദമായിരുന്നു. കർണാൽ മേയർ രേണു ബാല ​ഗുപ്ത, ഡെപ്യൂട്ടി മേയർ നവീൻ കുമാർ, സീനിയർ ഡെപ്യൂട്ടി മേയർ രാജേഷ് അ​ഗ്​ഗി തുടങ്ങിയവരാണ് പരിപാടിയിൽ പങ്കാളികളായത്.

1948ൽ മസ്താ ബലോചിസ്താനി ആരംഭിച്ച ദേര സച്ച സൗദ എന്ന സംഘടനയുടെ തലവനാണ് ഗുർമീത് സിങ്. ആശ്രമത്തിലെ രണ്ട് അന്തേവാസികളെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ഗുർമീതിനെ 20 വർഷം തടവിനാണ് ശിക്ഷിച്ചത്. ബലാത്സംഗത്തിലൂടെ സ്ത്രീകള്‍ ശുദ്ധീകരിക്കപ്പെടുന്നു എന്ന് അവകാശപ്പെട്ട ഗുര്‍മീത് തന്‍റെ അനുയായികളായ സ്ത്രീകളെ പലതരം ലൈംഗിക വൈകൃതങ്ങള്‍ക്ക് വിധേയരാക്കിയിരുന്നു.

ഒടുവില്‍ 2017ലാണ് ബലാത്സംഗ കേസിലും രണ്ട് കൊലപാതക കേസുകളിലുമായി കോടതി ആദ്യം ശിക്ഷ വിധിച്ചത്. തുടര്‍ന്ന്, 2002ല്‍ തന്റെ മാനേജരായിരുന്ന രഞ്ജിത് സിങ്ങിനെ വധിച്ച കേസിൽ മറ്റ് നാല് പേര്‍ക്കൊപ്പം 2021ൽ ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. വെടിവച്ചാണ് രഞ്ജിത് സിങ്ങിനെ കൊലപ്പെടുത്തിയത്.

ഗുര്‍മീത് സ്ത്രീകളെ ചൂഷണം ചെയ്യുന്നതിനെക്കുറിച്ച വാര്‍ത്തകള്‍ പുറം ലോകത്തെ അറിയിച്ചത് രഞ്ജിത് സിങ്ങാണ് എന്നാരോപിച്ചാണ് റാം റഹീമും കൂട്ടാളികളും ഇയാളെ വെടിവച്ചു കൊന്നത്. 16 വര്‍ഷം മുമ്പ് ഒരു മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ 2019ലും ഇയാള്‍ ശിക്ഷിക്കപ്പെട്ടിരുന്നു.

അതേസമയം, ഗുർമീത് റാം റഹീം സിങ്ങിന് തുടർച്ചയായി പരോൾ അനുവദിച്ച ജയിൽ സൂപ്രണ്ട് ബിജെപിയിൽ ചേർന്നിരുന്നു. ഹരിയാനയിലെ ഗുരുഗ്രാം ജില്ലാ ജയിൽ സൂപ്രണ്ടായിരുന്ന സുനിൽ സാങ്‌വാൻ ആണ് സ്ഥാനം രാജിവച്ച് ബിജെപിയിൽ ചേർന്നത്. ഹരിയാന നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഇയാളെ ചാർഖി ദാദ്രി സീറ്റിൽ ബിജെപി സ്ഥാനാർഥിയാക്കുകയും ചെയ്തു.






Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News