'എലികളെപ്പോലെ' ആർഎസ്എസ് ജാർഖണ്ഡിനെ കാർന്നു തിന്നു, നേതാക്കളെ ബിജെപി വിലയ്ക്കു വാങ്ങി; ഹേമന്ത് സോറൻ

തെരഞ്ഞെടുപ്പ് നേട്ടത്തിനായി ഹിന്ദു-മുസ്‍ലിം സമുദായങ്ങൾക്കിടയിൽ ബിജെപി ഭിന്നത വളർത്തുകയാണെന്നും ആരോപണം

Update: 2024-09-25 11:26 GMT
Advertising

ന്യൂഡൽഹി: രാഷ്ട്രീയ സ്വയംസേവക് സംഘത്തെ ( ആർഎസ്എസ് ) എലികളോട് ഉപമിച്ച് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ. ജാർഖണ്ഡിലേക്ക് കടന്നു കയറിയ ആർഎസ്എസ്, എലികളെ പോലെ സംസ്ഥാനത്തെ കാർന്നു തിന്നുവെന്നും നേതാക്കളെ ബിജെപി വിലയ്ക്കു വാങ്ങിയെന്നും സോറൻ ആരോപിച്ചു. തെരഞ്ഞെടുപ്പ് നേട്ടത്തിനായി സംസ്ഥാനത്തെ സാമുദായിക സൗഹാർദം തകർക്കാനാണ് ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജാർഖണ്ഡിലെ സാഹിബ്ഗഞ്ചിലുള്ള ഭോഗ്നാദിഹിൽ നടന്ന റാലിയിൽ സംസാരിക്കുകയായരിന്നു.

'ആർഎസ്എസ് എലികളെപ്പോലെ സംസ്ഥാനത്തെ ആക്രമിച്ച് നശിപ്പിക്കുകയാണ്. ഇത്തരം ശക്തികൾ നിങ്ങളുടെ ഗ്രാമങ്ങളിൽ കടന്നു കയറുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അവരെ തുരത്തണം. രാഷ്ട്രീയ നേട്ടങ്ങൾക്കായി തെരഞ്ഞെടുപ്പിന് മുമ്പ് വർഗീയ കലാപങ്ങളും സംഘർഷങ്ങളും സൃഷ്ടിക്കാനാണ് അവർ ആഗ്രഹിക്കുന്നത്'. സോറൻ റാലിയിൽ പറഞ്ഞു. രാജ്യത്ത് ഹിന്ദു-മുസ്‍ലിം സമുദായങ്ങൾക്കിടയിൽ ഭിന്നത വളർത്താനുള്ള ബിജെപിയുടെ പ്രവർത്തനങ്ങൾക്ക് മുന്നിൽ നിൽക്കുന്നത് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജാർഖണ്ഡിൽ ബിജെപി നടത്തുന്ന പരിവർത്തൻ യാത്രകളെ ലക്ഷ്യ വെച്ച് സോറൻ കഴിഞ്ഞ ദിവസം നടത്തിയ കഴുകൻ പരാമർശം ബിജെപിയെ ചൊടിപ്പിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കൾ കഴുകന്മാരെപ്പോലെ കറങ്ങുന്നത് കാണാമെന്നും അത് അവസാനിപ്പിക്കണമെന്നും സോറൻ‍ പറഞ്ഞിരുന്നു. അതേസമയം സോറൻ്റെ കഴുകൻ പരാമർശത്തെ വിമർശിച്ച് കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ രം​ഗത്തുവന്നിരുന്നു. വരാനിരിക്കുന്ന നിയമസ​ഭാ തെരഞ്ഞെടുപ്പിൽ സോറനുള്ള തക്ക മറുപടി ജാർഖണ്ഡിലെ ജനങ്ങൾ നൽകുമെന്ന് പാസ്വാൻ പറഞ്ഞു.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News