രത്തൻ ടാറ്റ: വിടവാങ്ങിയത് സാധാരണക്കാരന്റെ ഹൃദയംതൊട്ട പ്രതിഭാശാലിയായ വ്യവസായി

പുതിയ മേഖലകളിൽ ടാറ്റാ ഗ്രൂപ്പിനെ വളർത്തിയെടുത്തതിന് പിന്നിൽ രത്തൻ ടാറ്റയുടെ ദീർഘവീക്ഷണമായിരുന്നു.

Update: 2024-10-10 02:31 GMT
Advertising

ന്യൂഡൽഹി: ടാറ്റാ ഗ്രൂപ്പിനെ ആഗോള ബ്രാൻഡാക്കി മാറ്റിയ ചെയർമാനാണ് രത്തൻ ടാറ്റ. വിശ്വാസ്യത എന്ന ബ്രാൻഡ് മുറുകെ പിടിച്ചു. പുതിയ മേഖലകളിൽ ടാറ്റാ ഗ്രൂപ്പിനെ വളർത്തിയെടുത്തതിന് പിന്നിൽ രത്തൻ ടാറ്റയുടെ ദീർഘവീക്ഷണമായിരുന്നു. സാധാരണക്കാരന്റെ ഹൃദയംതൊട്ട പ്രതിഭാശാലിയായ വ്യവസായിയെ ആണ് രാജ്യത്തിന് നഷ്ടമായത്.

1937 ഡിസംബർ 28ന് ബോംബെയിലാണ് രത്തൻ ജനിക്കുന്നത്. ടാറ്റ ഗ്രൂപ്പിന്റെ സ്ഥാപകൻ ജംഷഡ്ജിയുടെ മകൻ രത്തൻജി ദത്തെടുത്ത നെവൽ ടാറ്റയുടെ മകനാണ് രത്തൻ ടാറ്റ. 24 മത്തെ വയസിൽ ടാറ്റാ സ്റ്റീൽ കടയിൽ ജോലിക്കാരനായിട്ടാണ് ബിസിനസ് രംഗത്തേക്ക് പിച്ചവെക്കുന്നത്. പടി പടിയായി ഉയർന്നു 1970 ആയപ്പോൾ മാനേജർ കസേരയിലെത്തി. 1991ൽ ചെയർമാൻ പദവി ഏറ്റെടുത്ത രത്തൻ ടാറ്റ ഗ്രൂപ്പിന്റെ അകത്തും പുറത്തുമുള്ള കൊടുങ്കാറ്റിനെ അതിജീവിച്ചു മുന്നേറി. ജാഗ്വർ ഉൾപ്പെടെയുള്ള കാർ വിദേശ കമ്പനികളെ ടാറ്റാ ഏറ്റെടുത്തു. സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തി പുതിയ തലച്ചോറുകളെ കണ്ടെത്തുകയും വളർത്തിയെടുക്കുകയും ചെയ്തു. ശരാശരി ഇന്ത്യക്കാരന് താങ്ങാനാവുന്ന, ഒരു ലക്ഷം രൂപയുടെ കാറിന്റെ സ്രഷ്ടാവായി.



നാനോ കാർ ഉത്പാദന യൂണിറ്റിന് ബംഗാളിൽ തുടക്കമിട്ടപ്പോൾ രാഷ്ട്രീയ ചുഴലി വീശിയടിച്ചു. പിന്മാറാതെ, ഗുജറാത്തിലെ പ്ലാന്റിൽ സ്വപ്നം വിരിയിച്ചെടുത്തു. 75 വയസ് തികഞ്ഞപ്പോൾ 21 വർഷം നീണ്ട ചെയർമാൻ പദവിയിൽ നിന്ന് പടിയിറങ്ങി. 2016ൽ ടാറ്റ ഗ്രൂപ്പിലെ കലുഷിത അന്തരീക്ഷത്തിൽ 15 മാസത്തേക്ക് കടിഞ്ഞാൺ ഏറ്റെടുത്ത് വീണ്ടും അമരക്കാരനായി. സ്നാപ് ഡീൽ മുതൽ ഓല കാബ്‌സിൽ വരെ ഗ്രൂപ്പ് നിക്ഷേപം നടത്തി. വ്യവസായ ശാലകൾക്കൊപ്പം മികച്ച ആതുരാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥാപിച്ചു. തൊഴിലാളികളും ഗ്രൂപ്പും തമ്മിലുള്ള ഇഴയടുപ്പം കൂടുതൽ കരുത്തുള്ളതാക്കി. മനുഷ്യ മുഖമുള്ള ബിസിനസ് സാമ്രാജ്യമാക്കി ടാറ്റയെ മാറ്റി. ആകാശവും കരയും കടലും ടാറ്റയുടെ ഉത്പന്നങ്ങൾ കീഴടക്കി. ടാറ്റ ഉത്പന്നങ്ങളെ ഉപയോഗിക്കാതെയും സേവനങ്ങളെ അനുഭവിക്കാതെയോ ഒരിന്ത്യക്കാരന് ഒരു ദിവസം പൂർത്തിയാക്കാൻ കഴിയാത്ത നിലയിലേക്ക് മാറ്റിയ ശേഷമാണ് അദ്ദേഹം ടാറ്റയുടെ തലപ്പത്തുനിന്ന് വിടവാങ്ങിയത്. ഉയരം കൂടുംതോറും സഹജീവികളോടുള്ള കരുണ വർധിപ്പിക്കുകയും ചെയ്ത അസാധാരണ ജീവിതത്തിനാണ് ഇന്നലെ തിരശീല വീണത്.

കുറഞ്ഞ വിലക്ക് ഒരു കാർ സ്വന്തമാക്കുകയെന്ന സാധാരണക്കാരന്റെ സ്വപ്നം യാഥാർഥ്യമാക്കിയ പ്രതിഭയാണ് രത്തൻ ടാറ്റ. രാജ്യത്തെ വാഹന വിപണിയിലെ വിപ്ലവമായിരുന്നു നാനോ എന്ന കുഞ്ഞൻ കാർ. ചെറിയ യാത്രകൾ പലപ്പോഴും വലിയ സ്വപ്നങ്ങളിലേക്ക് ചിറകുവിരിക്കാറുണ്ട്. അങ്ങനെയുള്ള യാത്ര തന്നെയാണ് ഈ കുഞ്ഞൻ കാറിന് പിന്നിലുമുള്ളത്.

2003 ലെ ഒരു സാധാരണ പ്രഭാതം... തിരക്കേറിയ മുംബൈ നഗരത്തിന്റെ വീഥികളിൽ, അച്ഛനും അമ്മയും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബം ഇത്തിരിപോന്ന സ്‌കൂട്ടറിൽ പതിവ് യാത്രയിലാണ്. രത്തൻ ടാറ്റയുടെ കണ്ണുകൾ ഉടക്കിയത് ആ കുഞ്ഞുങ്ങളിലേക്ക് തന്നെയാണ്. ചെറിയ കുടുംബത്തിന് യാത്ര ചെയ്യാൻ പറ്റുന്ന ഒരു കാർ എന്ന ആശയം അന്ന് രത്തൻ ടാറ്റയുടെ മനസ്സിലുദിച്ചു. നാനോയുടെ യാത്ര അവിടെ തുടങ്ങി...2008ൽ സാധാരണക്കാരന്റെ കാറായി ടാറ്റാ നാനോ അവതരിപ്പിച്ചു.

ഷോറും വില ഒരുലക്ഷം രൂപ. പെട്രോൾ-സിഎൻജി. ഓപ്ഷനുകളിലായി ഏഴ് വേരിയന്റുകൾ. 22 കിലോമീറ്റർ ഇന്ധനക്ഷമത. ഒരു കുഞ്ഞൻ കാറിന് ഇതൊക്കെ തന്നെ ധാരളം...എന്നാൽ, ചെയർമാന്റെ ആഗ്രഹപ്രകാരമെത്തിയ ഈ വാഹനം പ്രതീക്ഷിച്ചത്ര ലാഭത്തിലേക്കെത്തിയില്ല. കമ്പനിയുടെ സാമ്പത്തിക നഷ്ടത്തിന് പിന്നിൽ നാനോ കാർ ആണ് എന്നുവരെ ആക്ഷപമുയർന്നു. വിപണി വിലയേക്കാൾ കൂടുതൽ നിർമാണ ചെലവുള്ള വാഹനം നഷ്ടത്തിലായിട്ടും വൈകാരിക കാരണങ്ങളാൽ മാത്രമാണ് 2018 വരെ നിലനിന്നുപോന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News