മോദിക്കും അമിത്ഷാക്കും പുറമേ രത്തൻ ടാറ്റ പി.എം കെയേർസ് ട്രസ്റ്റ് അംഗം, മറ്റുള്ളവർ ആരൊക്കെ?

വെബ്സൈറ്റ് ഡൊമൈയ്ൻ, എംബ്ലം, വിലാസം തുടങ്ങിയവയെല്ലാം സർക്കാറിന്റേതാണെങ്കിലും പി.എം കെയേർസ് സർക്കാർ ഫണ്ടല്ലെന്ന് മുമ്പ് പ്രധാനമന്ത്രിയുടെ ഓഫീസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു

Update: 2022-09-21 15:35 GMT
Advertising

പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിലെത്തിയ ശേഷം രൂപവത്കരിച്ച ദി പ്രൈം മിനിസ്റ്റേഴ്സ് സിറ്റിസൺ അസിസ്റ്റൻറ്സ് ആൻഡ് റിലീഫ് ഇൻ എമർജൻസി സിറ്റുവേഷൻ ഫണ്ട് (പി.എം കെയേർസ്) ട്രസ്റ്റ് അംഗമായി ടാറ്റാ സൺസ് മുൻ ചെയർമാൻ രത്തൻ ടാറ്റയും. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി നിലനിൽക്കേ രൂപവത്കരിച്ച ഫണ്ടിന്റെ പുതിയ മൂന്നു ട്രസ്റ്റിമാരിലൊരാളായാണ് രത്തൻ ടാറ്റയെത്തുന്നത്. ചൊവ്വാഴ്ച പിഎം കെയേഴ്‌സ് ബോർഡ് ട്രസ്റ്റിമാരുടെ യോഗം ചൊവ്വാഴ്ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ എന്നിവർക്ക് പുറമേ പുതുതായി നാമനിർദേശം ചെയ്യപ്പെട്ട മുൻ സുപ്രിംകോടതി ജഡ്ജി കെ.ടി തോമസ്, മുൻ ഡെപ്യൂട്ടി സ്പീക്കർ കാരിയ മുണ്ടെ, രത്തൻ ടാറ്റ എന്നിവർ പങ്കെടുത്തു.


പിഎം കെയേഴ്‌സിനുള്ള ഉപദേശക സമിതിയുടെ ഭരണഘടനയ്ക്കായും ട്രസ്റ്റ് മൂന്ന് പേരുകൾ നാമനിർദ്ദേശം ചെയ്തു. ഇന്ത്യയുടെ മുൻ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ രാജീവ് മെഹ്റിഷി, ഇൻഫോസിസ് ഫൗണ്ടേഷൻ മുൻ ചെയർപേഴ്സൺ സുധാ മൂർത്തി, ടീച്ച് ഫോർ ഇന്ത്യയുടെ സഹസ്ഥാപകനും ഇൻഡികോർപ്സിന്റെയും പിരമൽ ഫൗണ്ടേഷന്റെയും മുൻ സിഇഒയുമായ ആനന്ദ് ഷാ എന്നിവരെയാണ് നാമനിർദേശം ചെയ്തത്. പുതിയ ട്രസ്റ്റികളുടെ പങ്കാളിത്തം പിഎം കെയേഴ്‌സിന് വിശാല കാഴ്ച്ചപ്പാടുകൾ നൽകുമെന്നും അവരുടെ വിപുല അനുഭവ സമ്പത്ത് ഫണ്ട് കൂടുതൽ ജനകീയമാകാൻ ഇടയാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.



വെബ്സൈറ്റ് ഡൊമൈയ്ൻ, എംബ്ലം, വിലാസം തുടങ്ങിയവയെല്ലാം സർക്കാറിന്റേതാണെങ്കിലും പി.എം കെയേർസ് സർക്കാർ ഫണ്ടല്ലെന്ന് മുമ്പ് സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു. പി.എം കെയേർസ് ചാരിറ്റബിൾ ട്രസ്റ്റാണെന്ന് പ്രധാനമന്ത്രിയുടെ ഓഫിസാണ് ഡൽഹി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്. ഭരണഘടനയുടെ 12ാം അനുഛേദപ്രകാരം ഫണ്ട് സർക്കാറിന് കീഴിലാക്കണമെന്ന ഹരജി പരിഗണിക്കവേയാണ് വിവരം കൈമാറിയത്. പി.എം കെയേർസ് ഫണ്ട് പൊതുഖജനാവിലേക്ക് ചേർക്കാനാകില്ലെന്നും ഓഫിസ് അറിയിച്ചു. 12ാം അനുഛേദ പ്രകാരം എല്ലാ ഭരണ ഉദ്യോഗസ്ഥ സംവിധാനങ്ങളും അതോറിറ്റികളും ഗവൺമെൻറ് ഓഫ് ഇന്ത്യക്ക് കീഴിലായതിനാൽ പി.എം കെയേർസും ഉൾപ്പെടുത്തണമെന്നും അത് പ്രവർത്തനത്തിൽ സുതാര്യത ഉറപ്പാക്കുമെന്നുമായിരുന്നു ഹരജിക്കാരനായ അഡ്വക്കറ്റ് സംയാക് ഗാങ്വാളിന്റെ വാദം.



ഫണ്ട് സമാഹരണം സർക്കാർ ചിഹ്നങ്ങൾ ഉപയോഗിച്ച്

ഫണ്ട് സർക്കാർ ചിഹ്നങ്ങൾ ഉപയോഗിച്ച് സമാഹരിച്ചതാണെന്നും gov.in എന്ന ഡൊമൈയ്ൻ പേര്, ഇന്ത്യയുടെ എംബ്ലം, പ്രധാനമന്ത്രിയെന്ന പേരും പൂർണരൂപവും എന്നിവയെല്ലാം ഓദ്യോഗികവും അനൗദ്യോഗികവുമായ ആശയവിനിമയത്തിനും വെബ്സൈറ്റിലും ഉപയോഗിക്കുന്നുണ്ടെന്നും ഹരജിക്കാരൻ വാദിച്ചു. ഫണ്ടിന്റെ വിലാസം 'പ്രൈം മിനിസ്റ്റേഴ്സ് ഓഫിസ്, സൗത്ത് ബ്ലോക്ക്, ന്യൂഡൽഹി' എന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ ഫണ്ട് സമാഹരിക്കുന്നത് പാർലമെൻറ് ഭരണഘടനപ്രകാരം തീരുമാനമെടുത്തതിനാലല്ലെന്നും ഒരു ട്രസ്റ്റ് ആയി സ്ഥാപിക്കപ്പെട്ടതാണെന്നും സർക്കാർ അറിയിച്ചു. ഫണ്ട് ഉടമപ്പെടുത്താനോ അതിലേക്ക് ധനസഹായം നൽകാനോ ഉദ്ദേശിക്കുന്നില്ലെന്നും അധികൃതർ പറഞ്ഞു. പി.എം കെയേർസിലേക്ക് വ്യക്തികളും സ്ഥാപനങ്ങളും ഇഷ്ടാനുസരണം പണം നൽകുകയാണെന്നും ഇത് ബിസിനസ്ല്ലെന്നും അവർ കോടതിയെ അറിയിച്ചു.

വിവരാവകാശ നിയമപ്രകാരം പരിഗണിക്കപ്പെടുന്ന പബ്ലിക് അതോറിറ്റി എന്ന ഗണത്തിലും പി.എം കെയേർസ് പെടില്ലെന്ന് മുമ്പ് സർക്കാർ വ്യക്തമാക്കിയിരുന്നു. സ്വകാര്യ സംഭാവനകളടക്കം ഫണ്ടിലേക്ക് എത്തുന്നുണ്ടെന്നും പറഞ്ഞിരുന്നു. കേസിൽ സെപ്തംബർ 27 ന് ഡൽഹി ഹൈക്കോടതി തുടർനടപടി സ്വീകരിക്കും.

പി.എം. കെയേർസ്; വിവാദവും വസ്തുതയും

2020 മാർച്ചിലാണ് പി.എം കെയേർസ് സ്ഥാപിക്കപ്പെട്ടത്. കോവിഡാനന്തരം അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗപ്പെടുത്താനുള്ള ഫണ്ടെന്ന നിലയിലാണ് പണം സമാഹരിക്കപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദി ചെയർപേഴ്സണും ഇതര മന്ത്രിമാർ ട്രസ്റ്റികളുമായാണ് ഫണ്ട് രൂപവത്കരിച്ചത്. ഡിസംബറിൽ ഫണ്ടിന്റെ ട്രസ്റ്റ് ഡീഡ് പുറത്തുവന്നതോടെയാണ് വിവാദം തുടങ്ങുന്നത്. ആർ.ടി.ഐ പരിശോധനയിൽ ഉൾപ്പെടാതിരിക്കാൻ പ്രൈവറ്റ് ഫണ്ടണെന്നാണ് രേഖകളിലുണ്ടായിരുന്നത്.

എന്നാൽ മറ്റൊരിക്കൽ വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടി ട്രസ്റ്റ് സർക്കാർ സ്ഥാപിച്ചതും സർക്കാറിന്റെ ഉടമസ്ഥതിയിലുള്ളതുമാണെന്നായിരുന്നു. ഈ രണ്ടു നടപടികളും തമ്മിലുള്ള വൈരുദ്ധ്യം ചോദ്യം ചെയ്യപ്പെട്ടു. ഡൽഹിയിലെ റവന്യൂ വിഭാഗത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ട ഫണ്ടിൽ സുതാര്യത വേണമെന്ന് നാളുകളായി പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെടുന്നുണ്ട്. പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസ നിധിയുണ്ടായിരിക്കെ മറ്റൊരു ഫണ്ടിന്റെ ആവശ്യകതയും അവർ ചോദ്യം ചെയ്തിരുന്നു.

2020 മേയിൽ ആർ.ടി.ഐ ആക്ട് പ്രകാരമുള്ള ചോദ്യത്തിന് പി.എം കെയേർസ് പബ്ലിക് അതോറിറ്റിയാണെന്നായിരുന്നു സർക്കാർ നൽകിയ മറുപടി. എന്നാൽ ഏപ്രിലിൽ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യക്ക് ഫണ്ട് പരിശോധിക്കാനാവില്ലെന്നായിരുന്നു സർക്കാർ നിലപാട്.

Ratan Tata Member of PM Cares Trust, who else?

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News