അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പുനൽകിയാൽ യുപി പൊലീസിൽ ഹാജരാകാമെന്ന് ട്വിറ്റർ ഇന്ത്യ മേധാവി
താൻ ട്വിറ്ററിന്റെ ഒരു ജീവനക്കാരൻ മാത്രമാണ്, കമ്പനിയുടെ പ്രതിനിധിയാണെന്ന് പൊലീസിന് പറയാനാകില്ലെന്നും ട്വിറ്റർ ഇന്ത്യ മാനേജിങ് ഡയരക്ടർ മനീഷ് മഹേശ്വരി കർണാടക ഹൈക്കോടതിയില്‍ വ്യക്തമാക്കി
അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പുനല്‍കിയാല്‍ ഉത്തർപ്രദേശ് പൊലീസിൽ ഹാജരാകാമെന്ന് ട്വിറ്ററിന്റെ ഇന്ത്യൻ മേധാവി. ട്വിറ്റർ ഇന്ത്യ മാനേജിങ് ഡയരക്ടർ മനീഷ് മഹേശ്വരിയാണ് കർണാടക ഹൈക്കോടതിയോട് ഇക്കാര്യം വ്യക്തമാക്കിയത്.
ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് യുപി പൊലീസ് അയച്ച നോട്ടീസിനെതിരെ മനീഷ് മഹേശ്വരി സമർപ്പിച്ച ഹരജിയിൽ വാദംകേൾക്കുകയായിരുന്നു കർണാടക കോടതി. ഉത്തർപ്രദേശിലെ ലോണിയിൽ മുസ്ലിം വയോധികനുനേരെയുണ്ടായ ആൾക്കൂട്ട ആക്രമണത്തിന്റെ വിഡിയോ ട്വിറ്ററിൽ വൈറലായതിനു പിറകെയായിരുന്നു യുപി പൊലീസ് നോട്ടീസ് നൽകിയത്.
മനീഷ് മഹേശ്വരിക്കു വേണ്ടി സിവി നാഗേഷ് ആണ് കർണാടക ഹൈക്കോടതിയിൽ ഹാജരായത്. താൻ ട്വിറ്ററിന്റെ ഒരു ജീവനക്കാരൻ മാത്രമാണ്. താനാണ് കമ്പനിയുടെ പ്രതിനിധിയെന്ന് പൊലീസിന് പറയാനാകില്ല. കമ്പനിക്കു മാത്രമേ അതിന് സാധിക്കൂ. ട്വിറ്റർ കമ്മ്യൂണിക്കേഷൻസ് ഇന്ത്യ കമ്പനി സ്ഥിതി ചെയ്യുന്നത് ബംഗളൂരുവിലാണ്, ഗാസിയാബാദിലല്ല. കർണാടക ഹൈക്കോടതിക്കു കീഴിലാണ് കമ്പനി വരുന്നതെന്നും മനീഷ് സൂചിപ്പിച്ചു.
എന്നാൽ, താനാണ് ട്വിറ്റർ ഇന്ത്യയുടെ തലവനെന്ന് മനീഷ് തന്നെ വ്യക്തമാക്കിയതാണെന്നും ഇതിനാലാണ് ഐടി നിയമത്തിലെ 41എ വകുപ്പുപ്രകാരം അദ്ദേഹത്തിന് നോട്ടീസ് നൽകിയതെന്നും യുപി പൊലീസ് വാദിച്ചു. തങ്ങൾ ആരെയും വേട്ടയാടുകയല്ലെന്നും ഇന്ത്യയിലെ കമ്പനി മേധാവി ആരാണെന്നു വ്യക്തമാക്കണെന്ന് മനീഷ് മഹേശ്വരിയോട് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി.
മനീഷിനെതിരെ ബലംപ്രയോഗിച്ചുള്ള നടപടി സ്വീകരിക്കുന്നത് വിലക്കി കർണാടക കോടതി ഏകാംഗ ബെഞ്ച് ജസ്റ്റിസ് ജി നരേന്ദർ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇടക്കാല ഉത്തരവിനെതിരെ യുപി പൊലീസ് സുപ്രീംകോടതിയിൽ ഹരജി നൽകിയിട്ടുണ്ട്.