മുഖ്യമന്ത്രിയായി ഷിൻഡേ; ഗോവയിലെ ഹോട്ടലിൽ വിമതരുടെ ആനന്ദനൃത്തം, വീഡിയോ
ഹോട്ടലിൽ നൃത്തം ചെയ്യുന്ന വിമതരുടെ ദൃശ്യങ്ങൾ ദേശീയ വാർത്താ ഏജൻസിയായ എ.എൻ.ഐ പുറത്തു വിട്ടു
ഗോവ: ഉദ്ധവ് താക്കറേ രാജി വച്ചതിന് പിറകേ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരമേറ്റ ഏകനാഥ് ഷിൻഡേയുടെ സത്യ പ്രതിജ്ഞക്ക് ശേഷം ആനന്ദനൃത്തം ചവിട്ടി വിമത.എം.എൽ എമാർ. ഗോവയിലെ ഹോട്ടലിൽ നൃത്തം ചെയ്യുന്ന വിമതരുടെ ദൃശ്യങ്ങൾ ദേശീയ വാർത്താ ഏജൻസിയായ എ.എൻ.ഐ പുറത്തു വിട്ടു. ഹോട്ടലിനുള്ളിലെ മേശകളിൽ കയറി നിന്നും മറ്റുമാണ് വിമതർ ആനന്ദ നൃത്തം ചവിട്ടിയത്.
കഴിഞ്ഞ ദിവസമാണ് വിമത ശിവസേനാ നേതാവ് ഏക്നാഥ് ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായും ദേവേന്ദ്ര ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തത്. മുംബൈയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ദേവേന്ദ്ര ഫഡ്നാവിസ് ഷിൻഡെയെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു. ദേവേന്ദ്ര ഫഡ്‌നവിസ് മഹാരാഷ്ട്രാ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നായിരുന്നു നേരത്തെ പുറത്തു വന്ന വിവരം.
ഉദ്ധവ് താക്കറെ രാജിവെച്ചതോടെയാണ് ശിവസേനാ വിമത വിഭാഗവുമായി ചേർന്ന് ബി.ജെ.പി അധികാരത്തിലേറിയത്. 16 എംഎൽഎമാരുടെ അയോഗ്യതാ നടപടി സുപ്രിംകോടതിയുടെ പരിഗണിക്കുന്ന സാഹചര്യത്തിലാണ് സത്യപ്രതിജ്ഞ നടന്നത്.
ബിജെപി ഭരിക്കുന്ന മൂന്നു സംസ്ഥാനങ്ങളിൽ താമസിച്ച് ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ നടന്ന വിമത നീക്കത്തിനൊടുവിലാണ് ഉദ്ദവ് സര്‍ക്കാര്‍ വീണത്.അധികാര മോഹമല്ല, ആശയപ്രതിബദ്ധതയാണ് തങ്ങളെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചതെന്ന് വിമത വക്താവ് ദീപക് കേസർകർ പറഞ്ഞു. ശിവസേനയിൽ ആരും താക്കറെ കുടുംബത്തിന് എതിരല്ലെന്നും ഉദ്ധവിനെ ഇപ്പോഴും ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.