ക്രിസ്ത്യന്‍ പാരമ്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കരുത്, വിദ്യാര്‍ഥികള്‍ ഭരണഘടന വായിക്കട്ടെ; സിബിസിഐ സ്കൂളുകള്‍ക്ക് നിര്‍ദേശം

സ്കൂള്‍ കെട്ടിടത്തിന്‍റെ പ്രവേശന കവാടത്തില്‍ ഭരണഘടനയുടെ ആമുഖം പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്

Update: 2024-04-05 05:57 GMT
Editor : Jaisy Thomas | By : Web Desk
Advertising

ബെംഗളൂരു: രാജ്യത്തെ നിലവിലെ സാമൂഹികാന്തരീക്ഷം കണക്കിലെടുത്ത് സുപ്രധാന നിര്‍ദേശങ്ങളുമായി കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ(സിബിസിഐ). സിബിസിഐയുടെ കീഴിലുള്ള എല്ലാ വിദ്യാദ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് നിര്‍ദേശം നല്‍കിയത്. എല്ലാ വിശ്വാസങ്ങളെയും പാരമ്പര്യങ്ങളെയും മാനിക്കുകയും ഇതര മതങ്ങളില്‍ പെട്ട വിദ്യാര്‍ഥികളുടെ മേല്‍ ക്രിസ്ത്യന്‍ പാരമ്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യരുതെന്നും നിര്‍ദേശിക്കുന്നു.

ദിവസേനയുള്ള അസംബ്ലിയിൽ വിദ്യാര്‍ഥികള്‍ ഭരണഘടനയുടെ ആമുഖം വായിക്കണമെന്നും സ്കൂള്‍ പരിസരത്ത് 'മതാന്തര പ്രാര്‍ഥനാമുറി' സജ്ജമാക്കണമെന്നും നിര്‍ദേശത്തിലുണ്ട്. രാജ്യത്തെ ഇപ്പോഴത്തെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളിലുള്ള വെല്ലുവിളികൾ നേരിടാനുള്ള മാർഗനിർദേശങ്ങൾ എന്ന തലക്കെട്ടിലാണ് സി.ബി.സി.ഐ.യുടെ വിദ്യാഭ്യാസ-സാംസ്കാരിക ഓഫീസ് മാര്‍ഗരേഖ തയ്യാറാക്കിയിരിക്കുന്നത്. സിബിസിഐയുടെ കീഴില്‍ ഏകദേശം 14,000 സ്കൂളുകൾ, 650 കോളേജുകൾ, ഏഴ് സർവകലാശാലകൾ, അഞ്ച് മെഡിക്കൽ കോളേജുകൾ, 450 സാങ്കേതിക, തൊഴിലധിഷ്ഠിത സ്ഥാപനങ്ങൾ എന്നിവയുണ്ട്.ജ നുവരിയിൽ ബെംഗളൂരുവിൽ സിബിസിഐയുടെ 36-ാമത് ജനറൽ ബോഡി യോഗം ചേര്‍ന്നിരുന്നു. തിങ്കളാഴ്ച സിബിസിഐയുടെ വിദ്യാഭ്യാസ- സാംസ്‌കാരിക വിഭാഗം 13 പേജുള്ള മാർഗനിർദ്ദേശവും നിർദ്ദേശ രേഖയും പുറപ്പെടുവിച്ചിരുന്നു. രാജ്യത്തെ നിലവിലെ സാമൂഹിക-രാഷ്ട്രീയ സാഹചര്യം യോഗത്തിൽ ചർച്ചയായിരുന്നു. ക്രിസ്ത്യൻ സമൂഹം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രിൻസിപ്പൽമാർക്കും ജീവനക്കാർക്കും എതിരായ സമീപകാല ആക്രമണങ്ങളുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിലാണ് ഈ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്.

സ്കൂള്‍ കെട്ടിടത്തിന്‍റെ പ്രവേശന കവാടത്തില്‍ ഭരണഘടനയുടെ ആമുഖം പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. സ്കൂളിന്‍റെ ന്യൂനപക്ഷ സര്‍ട്ടിഫിക്കറ്റും കവാടത്തില്‍ പ്രദര്‍ശിപ്പിക്കണം. സ്കൂള്‍ കെട്ടിടവും ഭൂമിയും സംബന്ധിച്ച എല്ലാ രേഖകളും നിയമനങ്ങള്‍ സംബന്ധിച്ച രേഖകളും സൂക്ഷിക്കണം. സ്‌കൂൾ ലോബിയിലും ലൈബ്രറിയിലും ഇടനാഴികളിലും ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികൾ, ശാസ്ത്രജ്ഞർ, കവികൾ, ദേശീയ നേതാക്കൾ തുടങ്ങിയ പ്രമുഖരുടെ ഫോട്ടോകളും വയ്ക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്വാഗതാർഹവും യോജിപ്പുള്ളതുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഉൾക്കൊള്ളുന്ന രീതികളിൽ പരിശീലനം നൽകാനും നിർദേശിക്കുന്നു.വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സുരക്ഷ ശക്തമാക്കുന്നതിനും സിബിസിഐ മാർഗനിർദേശങ്ങൾ ഊന്നൽ നൽകുന്നു.

“അടുത്ത കാലത്തായി ഉയർന്നുവരുന്ന രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, കത്തോലിക്കാ സ്കൂളുകൾ എന്ന നിലയിൽ നമ്മൾ കൂടുതൽ സെൻസിറ്റീവ് ആയിരിക്കണമെന്ന് ഞാൻ കരുതുന്നു. പ്രിൻസിപ്പൽമാർ കൂടുതൽ സംവേദനക്ഷമതയുള്ളവരായിരിക്കാനുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണിത്. കാരണം ഞങ്ങളുടെ ഭൂരിഭാഗം വിദ്യാർഥികളും അധ്യാപകരും എല്ലായ്പ്പോഴും മറ്റ് മതങ്ങളിൽ നിന്നുള്ളവരാണ്'' സിബിസിഐ ദേശീയ സെക്രട്ടറി ഫാദർ മരിയ ചാൾസ് എസ്‍ഡിബി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. മാർഗനിർദ്ദേശങ്ങൾ പ്രധാനമായും കത്തോലിക്കാ സ്കൂളുകളെ ഉദ്ദേശിച്ചുള്ളതാണെങ്കിലും സഭയുടെ കീഴിലുള്ള എല്ലാ സ്കൂളുകൾക്കും കോളേജുകൾക്കും സാങ്കേതിക, തൊഴിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇത് ബാധകമാണെന്ന് ഫാദർ ചാൾസ് പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News