റെക്കോഡ് തകർച്ച; രൂപയുടെ മൂല്യം 81.5ലേക്ക് താഴ്ന്നു
ആഗോള-ആഭ്യന്തര ഓഹരി വിപണികളിലെ തകർച്ചയാണ് കറൻസിയുടെ മൂല്യത്തെ പെട്ടെന്ന് ബാധിച്ചത്. 80.99 നിലവാരത്തിലായിരുന്നു വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.
Update: 2022-09-26 06:14 GMT
മുംബൈ: രൂപയുടെ മൂല്യത്തിൽ റെക്കോഡ് തകർച്ച. തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചയുടനെ യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും കുറഞ്ഞ മൂല്യമായ 81.55 നിലവാരത്തിലെത്തി.
ആഗോള-ആഭ്യന്തര ഓഹരി വിപണികളിലെ തകർച്ചയാണ് കറൻസിയുടെ മൂല്യത്തെ പെട്ടെന്ന് ബാധിച്ചത്. 80.99 നിലവാരത്തിലായിരുന്നു വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ഒമ്പത് വ്യാപാര ദിനങ്ങളിൽ എട്ടിലും രൂപ ഘട്ടംഘട്ടമായി തകർച്ച നേരിട്ടു. ഈ ദിവസങ്ങളിലുണ്ടായ നഷ്ടം 2.28 ശതമാനമാണ്.
യു.എസ് ഡോളർ ശക്തിയാർജിക്കുന്നതിന്റെ പ്രതിഫലനമാണ് ഇന്ത്യൻ രൂപയെ പിറകോട്ട് വലിക്കുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കാൻ യു.എസ് ഫെഡറൽ റിസർവ് നികുതി നിരക്കുകൾ ഉയർത്തുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തിൽ രൂപയുടെ മൂല്യം ഇനിയും താഴേക്ക് പോകുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.