പ്രധാനമന്ത്രിയുടെ ജന്മദിനത്തിലെ റെക്കോർഡ് വാക്സിനേഷൻ: കണക്കുകൾ വ്യാജമെന്ന് ആരോപണം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്റ്റംബർ പതിനേഴിന് രാജ്യത്ത് റെക്കോർഡ് വാക്സിനേഷൻ നടത്തിയതിന്റെ കണക്കുകൾ വ്യാജമെന്ന് ആരോപണം. രണ്ടര കോടി ഡോസ് വാക്സിനാണ് അന്ന് നൽകിയതെന്നാണ് സർക്കാർ അവകാശവാദം. പ്രധാനമന്ത്രിക്ക് ജന്മദിനോപഹാരമായി ബി.ജെ.പി പ്രവർത്തകർ ഇത് ആഘോഷിക്കുകയും ചെയ്തു. മോദിയുടെ ജന്മദിനത്തിന് മുൻപ് പ്രതിദിനം 70 ലക്ഷം ഡോസ് വാക്സിനുകളാണ് വിതരണം ചെയ്തിരുന്നത്. എന്നാൽ റെക്കോർഡ് വാക്സിനേഷന്റെ കണക്കുകളിൽ ക്രമക്കേടുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി നിരവധി റിപോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
33,98,685 ഡോസ് വാക്സിനുകളുമായി ബിഹാർ ആണ് കണക്കുകളിൽ ഒന്നാമത്. ബി.ജെ.പി ഭരിക്കുന്ന കർണാടക, ഉത്തർ പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് പിന്നീടുള്ള സ്ഥാനങ്ങളിൽ. ജനതാ ദൾ - ബി.ജെ.പി സഖ്യമാണ് ബിഹാർ ഭരിക്കുന്നത്.
സെപ്റ്റംബർ 15 നും 16 നും ഓഫ്‌ലൈൻ ആയി രേഖപ്പെടുത്തിയ കണക്കുകൾ കൂടി പതിനേഴാം തീയതിയിലെ കണക്കായി അപ്ലോഡ് ചെയ്തതായി സ്ക്രോൾ റിപ്പോർട്ട് ചെയ്യുന്നു. പ്രധാനമന്ത്രിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട് ഉയർന്ന കണക്കുകൾക്കായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ കടുത്ത സമ്മർദ്ദത്തിലായിരുവെന്നും റിപ്പോർട്ടിൽ പറയുന്നു.
വാക്സിനേഷൻ കണക്കുകൾ രേഖപ്പെടുത്താനുള്ള വെബ്‌സൈറ്റ് സെപ്റ്റംബർ പതിനാറിന് പ്രവർത്തനരഹിതമായിരിക്കുമെന്നും അതിനാൽ കണക്കുകൾ ഓഫ്‌ലൈൻ ആയി രേഖപ്പെടുത്തണമെന്നും ബിഹാറിലെ വിവിധ ജില്ലകളിലെ ആരോഗ്യ ഉദ്യോഗസ്ഥർക്ക് നിർദേശം ലഭിച്ചിരുന്നു. സാധാരണ നിലയിൽ വാക്സിനേഷൻ നടന്നിട്ടും ചില ജില്ലകളിൽ ഈ മാസം 14 ,15 , 16 തീയതികളിൽ കോവിന് വെബ്‌സൈറ്റിൽ കണക്കുകൾ പൂജ്യമായാണ് കാണിച്ചത്.
വാക്സിൻ എടുക്കാത്ത നിരവധി പേർക്ക് സെപ്റ്റംബർ പതിനേഴിന് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നുവെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു. മധ്യപ്രദേശിലെ ആഗർ മൽവാ സ്വദേശിയായ അശുതോഷ് ശർമ്മയുടെ നാല് മാസം മുൻപ് മരിച്ചു പോയ മാതാവിനും വാക്സിൻ ലഭിച്ചതായി അന്ന് സന്ദേശം ലഭിച്ചിരുന്നു.