ഹാക്ക് ചെയ്യാനാകുമെന്ന് ഇലോൺ മസ്‌ക്; വോട്ടിങ് മെഷീന്റെ വിശ്വാസ്യത വീണ്ടും ചർച്ചയാവുന്നു

ബാലറ്റ് പേപ്പറിലൂടെ തെരഞ്ഞെടുപ്പ് നടത്തണമെന്ന് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.

Update: 2024-06-16 14:07 GMT
Advertising

ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ വിശ്വാസ്യത സംബന്ധിച്ച് വീണ്ടും ചർച്ച കൊഴുക്കുന്നു. ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുള്ളതിനാൽ ഇ.വി.എമ്മുകൾ ഒഴിവാക്കണമെന്ന് അഭിപ്രായപ്പെട്ട് എക്‌സ് ഉടമസ്ഥനും സ്‌പേസ് എക്‌സ് സ്ഥാപകനുമായ ഇലോൺ മസ്‌ക് രംഗത്തെത്തി. ഇതിനെതിരെ ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചതോടെയാണ് ചർച്ചകൾ സജീവമായത്. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സ്വതന്ത്ര സ്ഥാനാർഥിയായ റോബർട്ട് എഫ്. കെന്നഡിയുടെ പോസ്റ്റിനോട് പ്രതികരിക്കവെയായിരുന്നു വിഷയത്തിൽ മസ്‌ക് ആദ്യമായി പ്രതികരിച്ചത്. പ്യൂർട്ടോറിക്ക തെരഞ്ഞെടുപ്പിൽ ഇ.വി.എമ്മിൽ വ്യാപകമായി ക്രമക്കേടുകൾ കണ്ടെത്തിയെന്നും ഇതേക്കുറിച്ച് യു.എസ് വോട്ടർമാരും ജാഗരൂകരാകണമെന്നായിരുന്നു റോബർട്ട് കെന്നഡി ആവശ്യപ്പെട്ടത്. മനുഷ്യരാലോ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴിയോ ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയേറെയുള്ളതിനാൽ ഇ.വി.എമ്മുകൾ ഉപേക്ഷിക്കണമെന്നും റോബർട്ടിന്റെ വാദത്തെ പിന്തുണച്ച് മസ്‌കും ആവശ്യപ്പെട്ടു.

എന്നാൽ, ഇത് ഇന്ത്യയിലെ ഇ.വി.എം വിവാദങ്ങളോടുള്ള പ്രതികരണമാണെന്നു തെറ്റിദ്ധരിച്ച പോലെയായിരുന്നു രാജീവ് ചന്ദ്രശേഖരന്റെ ഇടപെടൽ. സുരക്ഷിതമായ ഡിജിറ്റൽ ഹാർഡ്വെയർ ആർക്കും നിർമിക്കാനാകില്ലെന്നു സൂചിപ്പിക്കുന്ന തരത്തിൽ വലിയൊരു സാമാന്യവൽക്കരണമാണ് മസ്‌ക് നടത്തിയിരിക്കുന്നതെന്ന് രാജീവ് വിമർശിച്ചു. ഇന്റർനെറ്റുമായി ബന്ധിപ്പിച്ച വോട്ടിങ് മെഷീനുകൾ നിർമിക്കാൻ സാധാരണ കംപ്യൂട്ടിങ് പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്ന യു.എസ് പോലെയുള്ള സ്ഥലങ്ങളിൽ മസ്‌കിന്റെ നിരീക്ഷണം ശരിയായിരിക്കാമെന്നു തുടർന്ന അദ്ദേഹം ഇന്ത്യയിലെ ഇ.വി.എമ്മുകളുടെ സ്ഥിതി അതല്ലെന്നും വാദിച്ചു.

രാജീവ് ചന്ദ്രശേഖരന്റെ വാദങ്ങൾ ഇങ്ങനെയാണ്: ''ഇന്റർനെറ്റ്, വൈഫൈ, ബ്ലൂടൂത്ത് എന്നിവയുമായൊന്നും ബന്ധമില്ലാത്തതും, എല്ലാ മാധ്യങ്ങളിൽനിന്നും നെറ്റ്വർക്കുകളിൽനിന്നും വേർപ്പെട്ടുനിൽക്കുന്നതും സുരക്ഷിതവും പ്രത്യേകമായി രൂപകൽപന ചെയ്തതുമാണ് ഇന്ത്യൻ ഇ.വി.എമ്മുകൾ. അത് റീപ്രോഗ്രാമിങ് ചെയ്യാനാകില്ല. ഇന്ത്യ ചെയ്ത പോലെയും ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ രൂപകൽപന ചെയ്യാവുന്നതാണ്. വേണമെങ്കിൽ പരിശീലനം തരുന്നതിൽ സന്തോഷമേയുള്ളൂ''

എന്നാൽ, എന്തും ഹാക്ക് ചെയ്യപ്പെടാമെന്നായിരുന്നു ഇതിനോട് മസ്‌ക് പ്രതികരിച്ചത്. സാങ്കേതികമായി താങ്കൾ ശരിയായിരിക്കുമെന്നും എന്തും സാധ്യമാണെന്നും ബി.ജെ.പി നേതാവ് ഇനിനു മറുപടിയും നൽകി. ഉദാഹരണത്തിന് ക്വാണ്ടം കംപ്യൂട്ടിങ് ഉപയോഗിച്ച് ഏതു തരത്തിലുള്ള എൻക്രിപ്ഷനും(രഹസ്യ കോഡിലാക്കിയവ) എനിക്ക് ചുരുളഴിച്ചെടുക്കാനാകും; അതിനു വേണ്ട സാങ്കേതിക സജ്ജീകരണങ്ങളുണ്ടെങ്കിൽ. ജെറ്റ് വിമാനങ്ങളുടെ ഗ്ലാസ് കോക്പിറ്റുകളുടെ ഉൾപ്പെടെയുള്ള ഡിജിറ്റൽ ഹാർഡ്വെയർ ഹാക്ക് ചെയ്യാൻ എനിക്കാകും. എന്നാൽ, ബാലറ്റ് പേപ്പറിൽനിന്നു വ്യത്യസ്തമായി സുരക്ഷിതവും വ്യത്യസ്തവുമായ ഇ.വി.എമ്മുകളുടെ കാര്യം അതല്ല. ഇക്കാര്യത്തിൽ വിയോജിപ്പ് തുടരാമെന്നും രാജീവ് ചന്ദ്രശേഖരൻ കൂട്ടിച്ചേർത്തു.

ഇതിന് പിന്നാലെ ഇ.വി.എമ്മിന്റെ വിശ്വാസ്യതയിൽ ആശങ്ക പങ്കുവച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. മഹാരാഷ്ട്രയിൽനിന്നുള്ള ലോക്‌സഭാ എം.പി രവീന്ദ്ര വയ്ക്കറുടെ ബന്ധും ഇ.വി.എം അൺലോക്ക് ചെയ്യാൻ കഴിയുന്ന ഫോൺ ഉപയോഗിച്ചെന്ന് പൊലീസ് കണ്ടെത്തിയതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.

''ഇന്ത്യയിലെ ഇ.വി.എം ഒരു ബ്ലാക്ക് ബോക്‌സ് ആണ്. അത് ആർക്കും പരിശോധിക്കാൻ അനുവാദമില്ല. തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയെക്കുറിച്ച് ഗുരുതര ആശങ്കകളുണ്ട്. സ്ഥാപനങ്ങൾക്ക് ഉത്തരവാദിത്തം നഷ്ടപ്പെടുമ്പോൾ ജനാധിപത്യം വഞ്ചിക്കപ്പെടുന്നു''-രവാന്ദ്ര വയ്ക്കറുടെ ബന്ധുവിനെ പൊലീസ് പിടികൂടിയെന്ന വാർത്ത പങ്കുവച്ച് രാഹുൽ എക്‌സിൽ കുറിച്ചു.

ബാലറ്റ് പേപ്പറിലൂടെ തെരഞ്ഞെടുപ്പ് നടത്തണമെന്ന് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും രംഗത്തെത്തി. ഇ.വി.എമ്മിലെ കൃത്രിമം പുറത്തുവരുമ്പോൾ ഇ.വി.എം ഉപയോഗിക്കണമെന്ന വാശിക്ക് പിന്നിലെ കാരണം എന്താണെന്ന് ബി.ജെ.പി വ്യക്തമാക്കണം. സാങ്കേതികവിദ്യ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ളത്. അത് പ്രശ്‌നങ്ങൾക്ക് കാരണമായാൽ അതിന്റെ ഉപയോഗം നിർത്തണമെന്നും അഖിലേഷ് എക്‌സിൽ കുറിച്ചു.

ഇ.വി.എം അൺലോക്ക് ചെയ്യാനുള്ള ഒ.ടി.പി ലഭിക്കാനായി ഉപയോഗിച്ചിരുന്ന ഫോൺ രവീന്ദ്ര വയ്ക്കറുടെ മരുമകൻ മങ്കേഷ് പണ്ടിൽക്കർ ഉപയോഗിച്ചെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. മങ്കേഷിനും തെരഞ്ഞെടുപ്പ് കമ്മീഷൻ പോൾ പോർട്ടലായ എൻകോറിന്റെ ഓപ്പറേറ്റർ ദിനേഷ് ഗൗരവിനും നോട്ടീസ് അയച്ചതായി പൊലീസ് അറിയിച്ചു. ഈ ഫോൺ പരിശോധനക്കായി ഫൊറൻസിന് ലബോറട്ടറിയിലേക്ക് അയച്ചെന്നും പൊലീസ് വ്യക്തമാക്കി. മൊബൈൽ ഫോണിലെ വിവരങ്ങളും വിരലടയാളങ്ങളും വിശദമായി പരിശോധിക്കാനാണ് പൊലീസ് തീരുമാനം.

ശിവസേന (ഏക്‌നാഥ് ഷിൻഡെ പക്ഷം) സ്ഥാനാർഥിയായിരുന്ന രവീന്ദ്ര വയ്ക്കർ മുംബൈ നോർത്ത് വെസ്റ്റ് ലോക്‌സഭാ സീറ്റിൽനിന്ന് 48 വോട്ടിനാണ് വിജയിച്ചത്. ഇത്തവണത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായിരുന്നു ഇത്. ജൂൺ 4ന് വോട്ടെണ്ണുമ്പോഴാണ് വോട്ടെണ്ണൽ കേന്ദ്രത്തിൽവച്ച് മങ്കേഷ് മൊബൈൽ ഫോൺ ഉപയോഗിച്ചതായി മറ്റു സ്ഥാനാർഥികൾ പരാതി ഉന്നയിച്ചത്. 6.30 വരെ വോട്ടെണ്ണുമ്പോൾ ചെറിയ വോട്ടിന് ശിവസേന ഉദ്ധവ് വിഭാഗം സ്ഥാനാർഥി അമോൽ ക്രിതികർ ആയിരുന്നു മുന്നിൽ.

എന്നാൽ അസാധുവാക്കപ്പെട്ട പോസ്റ്റൽ വോട്ടുകളേക്കാൾ കുറവാണ് വിജയിച്ച സ്ഥാനാർഥിയുടെ ഭൂരിപക്ഷമെങ്കിൽ റിട്ടേണിങ് ഓഫിസർ സ്വമേധയാ റീകൗണ്ടിങ് നടത്തണമെന്ന തിരഞ്ഞെടുപ്പ് ഹാൻഡ്ബുക്കിലെ നിയമപ്രകാരം വീണ്ടും വോട്ടെണ്ണുകയായിരുന്നു. തുടർന്ന് രണ്ടു തവണ വോട്ടെണ്ണിയതോടെ 48 വോട്ടിന് വയ്കറിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

റീകൗണ്ടിങ്ങിന്റെ സമയത്താണ് മങ്കേഷ് ഫോണിൽ നിരന്തരം സംസാരിച്ചെന്ന ആരോപണമുയർന്നിട്ടുള്ളത്. 19ാം ഘട്ട വോട്ടെണ്ണലിനുശേഷം എണ്ണിയ വോട്ടുകളുടെ വിവരം നൽകുന്നത് അവസാനിപ്പിച്ചെന്നും തുടർന്ന് 26 റൗണ്ടിനുശേഷം വയ്ക്കറിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നെന്നും ക്രിതികർ ആരോപിച്ചു. ഇതേത്തുടർന്ന് പിന്നെയും വോട്ടെണ്ണണം എന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News