വോട്ടിങ് മെഷീന്റെ വിശ്വാസ്യത: തെരഞ്ഞെടുപ്പ് കമീഷനെതിരെ ഇന്‍ഡ്യ മുന്നണി

മുഴുവന്‍ വിവിപാറ്റുകളും എണ്ണണമെന്നാവശ്യപ്പെട്ട് പ്രമേയം

Update: 2023-12-20 09:23 GMT
Advertising

ന്യൂഡല്‍ഹി: ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളുടെ വിശ്വാസ്വത ചോദ്യചിഹ്‌നമായ സാഹചര്യത്തില്‍, തെരഞ്ഞെടുപ്പുകളില്‍ വിവിപാറ്റ് സ്‌ളിപ്പുകള്‍ പൂര്‍ണമായും എണ്ണണമെന്ന് ഇന്‍ഡ്യ മുന്നണി പ്രമേയം. കഴിഞ്ഞദിവസം ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന മുന്നണി യോഗത്തിലാണ് ഇതുസംബന്ധിച്ച പ്രമേയം ഐക്യകണ്‌ഠേന പാസാക്കിയത്.

വോട്ട് ചെയ്ത ശേഷം കാണുന്ന വിവിപാറ്റ് സ്‌ളിപ്പ് നിലവില്‍ അതേ പെട്ടിയിലേക്ക് വീഴുന്ന രീതിയാണുള്ളത്. ഇത് മാറ്റി വിവിപാറ്റ് സ്‌ളിപ്പ് വോട്ടറുടെ കൈവശം ലഭിക്കുകയും തുടര്‍ന്ന് അത് പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം പ്രത്യേക പെട്ടിയില്‍ നിക്ഷേപിക്കാനും സാധിക്കണം. തുടര്‍ന്ന് എല്ലാ സ്‌ളിപ്പുകളും എണ്ണണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

നേരത്തെ ഇന്‍ഡ്യ സഖ്യത്തിലെ പാര്‍ട്ടികള്‍ ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളുടെ പ്രവര്‍ത്തനവും വിശ്വാസ്യതയും ചോദ്യം ചെയ്ത് വിശദമായ നിവേദനം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍, കമീഷന്‍ ഇതുസംബന്ധിച്ച് നേതാക്കളെ കാണാന്‍ കൂട്ടാക്കിയിട്ടില്ലെന്ന് പ്രമേയത്തില്‍ കുറ്റപ്പെടുത്തി.

വോട്ടിങ് മെഷീന്റെ പ്രവര്‍ത്തനം സംബന്ധിച്ച് ഇന്‍ഡ്യ മുന്നണി വീണ്ടും സംശയങ്ങള്‍ ഉയര്‍ത്തുകയാണ്. നിരവധി വിദഗ്ധരും പ്രഫഷനലുകളും ഉയര്‍ത്തിയ സംശയങ്ങള്‍ കൂടിയാണിത്.

വിവിപാറ്റ് സ്‌ളിപ്പ് വോട്ടറുടെ കൈവശം ലഭിക്കുകയും അത് പരിശോധിച്ച് മറ്റൊരു പെട്ടിയില്‍ നിക്ഷേപിക്കാനും സാധിക്കണം. തുടര്‍ന്ന് ഇവ പൂര്‍ണമായും എണ്ണുകയും വേണം. ഇതുവഴി സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിലുള്ള ജനങ്ങളുടെ വിശ്വാസം പുനഃസ്ഥാപിക്കാനാകുമെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News