'ഗൗരവമുള്ള വിഷയം': നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരായ ഹരജിയില്‍ എ.ജിയുടെ സഹായം തേടി സുപ്രിംകോടതി

ബി.ജെ.പി നേതാവ് അശ്വനി കുമാർ ഉപാധ്യായ നൽകിയ ഹരജിയിൽ അറ്റോർണി ജനറലിന്റെ സഹായം ആവശ്യമാണെന്ന് കോടതി വ്യക്തമാക്കി

Update: 2023-01-09 15:28 GMT
Advertising

ഡല്‍ഹി: നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ നടപടികള്‍ ആവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ സുപ്രിംകോടതി അറ്റോര്‍ണി ജനറലിന്‍റെ സഹായം തേടി. ബി.ജെ.പി നേതാവ് അശ്വനി കുമാർ ഉപാധ്യായ നൽകിയ ഹരജിയില്‍ അറ്റോര്‍ണി ജനറലിന്‍റെ സഹായം ആവശ്യമാണെന്ന് കോടതി വ്യക്തമാക്കി.

നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന ആരോപണം ഗൗരവമേറിയതാണെന്ന് കോടതി നിരീക്ഷിച്ചു- "രാജ്യത്തിന്‍റെ അറ്റോർണി ജനറൽ എന്ന നിലയിൽ ഞങ്ങൾക്ക് നിങ്ങളുടെ സഹായം വേണം. ബലപ്രയോഗത്തിലൂടെയോ പ്രലോഭനത്തിലൂടെയോ മറ്റെന്തെങ്കിലും കാര്യത്തിലൂടെയോ മതപരിവർത്തനങ്ങൾ നടക്കുന്നുവെന്നാണ് ആരോപണം. ഇത് യഥാർഥത്തിൽ നടന്നിട്ടുണ്ടോ ഇല്ലയോ എന്ന് ഞങ്ങൾ അഭിപ്രായം പറയുന്നില്ല. യഥാർഥത്തിൽ നടക്കുന്നുണ്ടെങ്കിൽ, മതസ്വാതന്ത്ര്യത്തിനുള്ള അവകാശവും മതം മാറാനുള്ള അവകാശവും തമ്മിൽ വ്യത്യാസമുണ്ട്. വശീകരിച്ചും മറ്റും അങ്ങനെ സംഭവിക്കുകയാണെങ്കിൽ എന്താണ് ചെയ്യേണ്ടത്? എന്താണ് തിരുത്തൽ നടപടികൾ?" ജസ്റ്റിസ് എം.ആര്‍ ഷാ അധ്യക്ഷനായ ബെഞ്ച് എ.ജിയോട് ചോദിച്ചു.

ഹരജി രാഷ്ട്രീയ പ്രേരിതമാണെന്നും നിയമസഭയുടെ തീരുമാനത്തിന് വിടണമെന്നും തമിഴ്‌നാടിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി വിൽസൺ ആവശ്യപ്പെട്ടു. 2002ൽ തമിഴ്‌നാട്ടിൽ മതപരിവർത്തന വിരുദ്ധ നിയമം നിലവിലുണ്ടായിരുന്നു, അത് 2006ൽ റദ്ദാക്കി. തമിഴ്നാട്ടില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ നടക്കുന്നില്ല. ജനങ്ങളുടെ ഇച്ഛയാണ് നിയമനിര്‍മാണത്തില്‍ പ്രതിഫലിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഹരജിക്കാരൻ ബി.ജെ.പി അംഗമാണെന്നും ഹരജി രാഷ്ട്രീയ പ്രേരിതമാണെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ദയവായി രാഷ്ട്രീയനിറം കൊണ്ടുവരരുതെന്ന് ബെഞ്ച് ആവശ്യപ്പെട്ടു. പരിഗണനയിലുള്ള വിഷയത്തിലേക്ക് വരാനും ആവശ്യപ്പെട്ടു.

തമിഴ്‌നാടിനെ സംബന്ധിച്ചിടത്തോളം ഹരജിക്കാരന്‍റെ പരാമര്‍ശം തെറ്റാണെന്ന് അഭിഭാഷകന്‍ വില്‍സണ്‍ വാദിച്ചു. ഞങ്ങള്‍ക്ക് സംസ്ഥാനം എ, സംസ്ഥാനം ബി എന്നൊന്നുമില്ല, രാജ്യത്തെയാണ് പരിഗണിക്കുന്നതെന്ന് ബെഞ്ച് പറഞ്ഞു. ഏതെങ്കിലും സംസ്ഥാനത്തെ ലക്ഷ്യം വെയ്ക്കുകയാണെന്ന് കരുതരുതെന്നും ബെഞ്ച് ആവശ്യപ്പെട്ടു. ഹരജികള്‍ പരിശോധിക്കാന്‍ കോടതി എ.ജിക്ക് സമയം നല്‍കി. ഫെബ്രുവരി 7ന് ഹരജി വീണ്ടും പരിഗണിക്കും. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News