പ്രധാനമന്ത്രിക്കെതിരായ പരാമർശം: രാഹുലിനെതിരായ പരാതിയിൽ പ്രിവിലേജ് കമ്മിറ്റി തെളിവെടുപ്പ് ഇന്ന്

പ്രിവിലേജ് കമ്മിറ്റി കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ രാഹുൽ ഗാന്ധിയുടെ സഭയിലെ അംഗത്വവും റദ്ദ് ചെയ്യാനാകും

Update: 2023-03-10 01:15 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരായ ബി.ജെ.പി എം.പി നിഷികാന്ത് ദുബെയുടെ പരാതിയിൽ പ്രിവിലേജ് കമ്മിറ്റി ഇന്ന് തെളിവെടുപ്പ് നടത്തും. അദാനിയുമായി ബന്ധപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രാഹുൽ ഗാന്ധി ലോക് സഭയിൽ സംസാരിച്ചതാണ് പരാതിക്കു ആധാരം.

ഫെബ്രുവരി 7 ലെ രാഷ്ട്രപതിക്കുള്ള നന്ദിപ്രമേയ ചർച്ചയിലാണ് രാഹുൽ ഗാന്ധി മോദിക്കെതിരെ ആഞ്ഞടിച്ചത്. 2014 -ൽ മോദി പ്രധാനമന്ത്രിയായ ശേഷമാണ് അദാനി കുതിച്ചുയർന്നത്. ലോകത്തെ സമ്പന്നന്മാരുടെ പട്ടികയിൽ 609 മത്തെ റാങ്കിൽ നിന്നും രണ്ടാമനായി തുടങ്ങിയ കാര്യങ്ങളായിരുന്നു രാഹുല്‍ ഉന്നയിച്ചത്.  രാഹുൽ ഗാന്ധിയുടെ പ്രസംഗം അപകീർത്തികരവും സഭയെ തെറ്റി ധരിപ്പിക്കുന്നതുമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു .

ഇന്ന് സമിതി നിഷികാന്ത് ദുബെയിൽ നിന്നും മൊഴിയെടുക്കും. കോൺഗ്രസിനെ പ്രതിനിധീകരിച്ചു കൊടിക്കുന്നിൽ സുരേഷ് ആണ് സമിതിയിലുള്ളത്. ഡിഎംകെ യിലെ ടി.ആർ ബാലു ,ടി.എം സിയിലെ കല്യാൺ ബാനർജി എന്നിവരാണ് പ്രതിപക്ഷ പാർട്ടിയിൽ നിന്നുള്ളത്. ബി.ജെ.പി എം.പി സുനിൽ സിംഗിന്റെ അധ്യക്ഷതയിലുള്ള ഈ സമിതിയിൽ ഭൂരിപക്ഷവും ബി.ജെ.പി അംഗങ്ങളാണ്. പ്രിവിലേജ് കമ്മിറ്റി കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ രാഹുൽ ഗാന്ധിയുടെ സഭയിലെ അംഗത്വവും റദ്ദ് ചെയ്യാനാകും.

1978 -ൽ പ്രിവിലേജ് സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഇന്ദിരാ ഗാന്ധിയെ സഭയിൽ നിന്നും പുറത്താക്കിയത്. അദാനിയുമായി ബന്ധപ്പെടുത്തി രാഹുൽ ഗാന്ധി പ്രസംഗിച്ചത് സഭാ രേഖകളിൽ നിന്നും നീക്കം ചെയ്തതിനാൽ പരാതി നിലനിൽക്കില്ലെന്ന വാദം കോൺഗ്രസ് ഉയർത്താനാണ് സാധ്യത.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News