ഡൽഹിയിലെ അക്ബർ റോഡിന് ജനറൽ റാവത്തിന്റെ പേരിടണം; ആവശ്യവുമായി ബിജെപി നേതാവ്
ഇതാദ്യമായല്ല, അക്ബർ റോഡിന്റെ പേരു മാറ്റാൻ ബിജെപി മുറവിളി കൂട്ടുന്നത്
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെ വിഖ്യാതമായ അക്ബർ റോഡിന്റെ പേരു മാറ്റണമെന്ന ആവശ്യവുമായി ബിജെപി നേതാവ്. ഈയിടെ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ പേരിടണമെന്നാണ് നിർദേശം. റാവത്തിന് നൽകാനാവുന്ന ഏറ്റവും വലിയ ആദരവാകും അതെന്ന് ബിജെപി മീഡിയാ വിഭാഗം അംഗം നവീൻ കുമാർ ജിൻഡാൽ പറയുന്നു. പേരു മാറ്റം ആവശ്യപ്പെട്ട് നവീൻ ഡൽഹി മുനിസിപ്പൽ കൗൺസിലിന് കത്തയച്ചു.
അക്ബർ അതിക്രമിയാണ്. ഇതൊരു പ്രധാന റോഡുമാണ്. അതു കൊണ്ടു തന്നെ റോഡിന്റെ പേര് റാവത്തിന്റെ നാമത്തിലേക്ക് മാറ്റണം- അദ്ദേഹം ആവശ്യപ്പെട്ടു. ആവശ്യത്തോട് അനുകൂലമായ നയം സ്വീകരിക്കുമെന്ന് മുനിസിപ്പൽ കോർപറേഷൻ വൈസ് ചെയർപേഴ്‌സൺ സതീഷ് ഉപാധ്യായ പറഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെ നിരവധി പേർ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതാദ്യമായല്ല, അക്ബർ റോഡിന്റെ പേരു മാറ്റാൻ ബിജെപി മുറവിളി കൂട്ടുന്നത്. നേരത്തെ, റോഡിന്റെ പേര് മഹാറാണ പ്രതാപ് റോഡ് എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വിക സിങ് മുനിസിപ്പൽ കൌണ്‍സിലിന് കത്തെഴുതിയിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ അക്ബർ റോഡ് എന്നെഴുതിയ ബോർഡ് ഹിന്ദു സേനാ പ്രവർത്തകർ നശിപ്പിച്ചിരുന്നു.
ഡൽഹിയിലെ വിവിഐപി മേഖലയാണ് അക്ബർ റോഡ്. കോൺഗ്രസ് ഓഫീസും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ വസതിയും ഈ റോഡിലാണ്.
തമിഴ്‌നാട്ടിലെ കൂനൂരിൽ ഡിസംബർ എട്ടിനുണ്ടായ കോപ്റ്റർ അപകടത്തിലാണ് ബിപിൻ റാവത്ത് കൊല്ലപ്പെട്ടത്. രാജ്യത്തിന്റെ പ്രഥമ സംയുക്ത സൈനിക മേധാവിയായിരുന്നു.