ഇന്നർ മണിപ്പൂർ ലോക്സഭാ മണ്ഡലത്തിലെ 11 പോളിങ് ബൂത്തുകളിൽ ഇന്ന് റീപോളിങ്
അടുത്ത വെള്ളിയാഴ്ച് ഔട്ടർ മണിപ്പൂർ ലോക്‌സഭാ മണ്ഡലത്തിൽ ബാക്കിയുള്ള സ്ഥങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കും
മണിപ്പൂർ: സംഘർഷമുണ്ടായതിനെ തുടർന്ന് വോട്ടെടുപ്പ് പൂർണമായി തടസപ്പെട്ട ഇന്നർ മണിപ്പൂർ ലോക്സഭാ മണ്ഡലത്തിലെ 11 ബൂത്തുകളിൽ ഇന്ന് വീണ്ടും വോട്ടെടുപ്പ് നടക്കും. രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെയാണ് വോട്ടെടുപ്പ്. സംഘർഷത്തെ തുടർന്ന് തെരഞ്ഞെടുപ്പ് ഭാഗികമായും പൂർണമായും നിർത്തിവെച്ചതും വോട്ടിങ് യന്ത്രം തകർത്തതുമായ ഇരുപതോളം ബൂത്തുകൾ മണിപ്പൂരിലുണ്ടായിരുന്നു. 47 പോളിങ് സ്റ്റേഷനുകളിൽ റീപോളിങ് നടത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ 11 ബൂത്തുകളിൽ മാത്രമാണ് വീണ്ടും വോട്ടെടുപ്പ് നടക്കുന്നത്.
മണിപൂരിലെ രണ്ട് ലോക്സഭാ മണ്ഡലങ്ങളായ ഇന്നർ മണിപ്പൂരിൽ പൂർണമായും ഔട്ടർ മണിപ്പൂരിലെ ചിലയിടങ്ങളിലുമാണ് ആദ്യ ഘട്ടത്തിൽ പോളിങ് നടന്നത്. കലാപത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പ് എന്ന നിലയിൽ വൻ സൈനിക വിന്യാസം നടത്തിയിരുന്നു. എന്നിട്ടും വെടിവെപ്പ്, ഇവിഎം മെഷീനുകൾ നശിപ്പിക്കൽ, ബൂത്തുപിടിത്തം എന്നിവയുണ്ടായി. 72 ശതമാനം പോളിങ്ങാണ് മണിപൂരിൽ ആകെ രേഖപ്പെടുത്തിയത്. അടുത്ത വെള്ളിയാഴ്ച് ഔട്ടർ മണിപ്പൂർ ലോക്‌സഭാ മണ്ഡലത്തിൽ ബാക്കിയുള്ള സ്ഥങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കും.