റിപബ്ലിക്ക് ടി.വിയോട് പ്രത്യേകം പ്രതികരിച്ചില്ല; വിദ്യാർത്ഥിനികളെ കൈയേറ്റം ചെയ്തും അസഭ്യം ചൊരിഞ്ഞും റിപ്പോർട്ടർ
ഇവരെ ഭ്രാന്തുള്ള സ്ത്രീ) എന്ന് വിളിച്ച് അധിക്ഷേപിക്കുകയും ബലം പ്രയോഗിച്ച് പുറത്താക്കാൻ ശ്രമിക്കുകയും ചെയ്‌തു
ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട് ബാംഗ്ലൂരിലെ പത്ര സമ്മേളനത്തിൽ പങ്കെടുത്ത വിദ്യാർഥികളെ കൈയേറ്റം ചെയ്ത് റിപ്പബ്ലിക് ടി.വി റിപ്പോർട്ടർ. റിപ്പബ്ലിക് ടി.വിക്ക് മാത്രമായി പ്രതികരണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് അഫ്രീൻ ഫാത്തിമ, അയിഷ റെന, ലദീദ ഫർസാന എന്നിവരെ കയ്യേറ്റം ചെയ്യുകയും അവർക്കെതിരെ അസഭ്യം പറയുകയുമായിരുന്നു.
ഇവരെ ഭ്രാന്തുള്ള സ്ത്രീ (പാഗൽ ലഡ്കി) എന്ന് വിളിച്ച് അധിക്ഷേപിക്കുകയും ബലം പ്രയോഗിച്ച് പുറത്താക്കാൻ ശ്രമിക്കുകയും ചെയ്‌തെന്ന് മുസ്ലിം കളക്റ്റീവ് നേതാവ് ലദീദ ഫർസാന ഫെയ്സ്ബുക്കിൽ കുറിച്ചു.
ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂർണരൂപം
'' കർണാടക ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ പ്രതിനിധി സംഘത്തോടൊപ്പം ബാംഗ്ലൂർ പ്രസ് ക്ലബ്ബിൽ ഒരു വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. തുടർന്ന് റിപ്പബ്ലിക് ടിവിയിലെ റിപ്പോർട്ടർമാർ ഞങ്ങളെ കൈയേറ്റം ചെയ്തു. റിപ്പബ്ലിക് ടിവിക്കായി അഫ്രീൻ ഫാത്തിമ വ്യക്തിപരമായി പ്രതികരണം നൽകാൻ വിസമ്മതിച്ചപ്പോൾ, അവർ ഞങ്ങളെ അധിക്ഷേിക്കാൻ തുടങ്ങി.
'പാഗൽ ലഡ്കി' എന്ന് വിളിക്കുകയും ശാരീരികമായി ഞങ്ങളെ അവിടെ നിന്ന് പുറത്താക്കാൻ ശ്രമിക്കുകയും ചെയ്തു. ഇത് അവരുടെ ഇടമാണെന്നും ഞങ്ങളോട് പുറത്തുപോകാൻ ആവശ്യപ്പെടുകയും ചെയ്തു. എന്റെ കയ്യിൽ മുറിവുണ്ട്. ഇത്തരത്തിലുള്ള വലതുപക്ഷപരവും അക്രമാസക്തവുമായ ഭയപ്പെടുത്തലിലൂടെ നമ്മെ ഭയപ്പെടുത്താൻ കഴിയില്ല''