'മോദിജിയാണ് സംവിധാനം ചെയ്തത് എന്നൊന്നും ക്രെഡിറ്റ് ഏറ്റെടുക്കല്ലേ': ഓസ്കര്‍ ജേതാക്കളെ അഭിനന്ദിക്കവേ ഖാര്‍ഗെ

മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വാക്കുകള്‍ ഭരണപക്ഷ ബെഞ്ചിലും ചിരിപടര്‍ത്തി

Update: 2023-03-14 12:16 GMT

Mallikarjun Kharge 

Advertising

ഡല്‍ഹി: ഓസ്കര്‍ പുരസ്കാരം നേടിയ 'നാട്ടു നാട്ടു'വിന്‍റെയും 'എലഫന്‍റ് വിസ്പേഴ്സി'ന്‍റെയും അണിയറ പ്രവര്‍ത്തകരെ അഭിനന്ദിക്കവേ ഭരണപക്ഷത്തെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. 'ഞങ്ങളാണ് സംവിധാനം ചെയ്തത്' എന്നൊന്നും ക്രെഡിറ്റ് ഏറ്റെടുക്കരുതെന്നാണ് ഖാര്‍ഗെ രാജ്യസഭയില്‍ പറഞ്ഞത്.

"ഓസ്കര്‍ പുരസ്കാരം നേടിയ 'നാട്ടു നാട്ടു'വിന്‍റെയും 'എലഫന്‍റ് വിസ്പേഴ്സി'ന്‍റെയും അണിയറ പ്രവര്‍ത്തകരെ ഞാനും അഭിനന്ദിക്കുന്നു. രണ്ടു പുരസ്കാരങ്ങളും ദക്ഷിണേന്ത്യയില്‍ നിന്നാണ്. അങ്ങേയറ്റം അഭിമാനമുണ്ട്. അതോടൊപ്പം ഭരണപക്ഷം ക്രെഡിറ്റ് ഏറ്റെടുക്കരുതെന്നൊരു അപേക്ഷയുണ്ട്. അതായത് ഞങ്ങളാണ് എഴുതിയത്, മോദിജിയാണ് സംവിധാനം ചെയ്തത് എന്നൊന്നും ക്രെഡിറ്റ് ഏറ്റെടുക്കല്ലേ. ആർആർആറും എലഫന്റ് വിസ്‌പേഴ്‌സും ലോകത്തിന് ഇന്ത്യ നൽകിയ സംഭാവനകളാണ്"- എന്നാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞത്.

ഖാര്‍ഗെയുടെ വാക്കുകള്‍ കേട്ട് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഉള്‍പ്പെടെയുള്ളവര്‍ ചിരിച്ചു. പരാമര്‍ശം ഭരണപക്ഷത്തും ചിരിപടര്‍ത്തി. വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കർ, ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ, തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവ് തുടങ്ങിയവരും ചിരിച്ചു.

മോദി സര്‍ക്കാര്‍ രാജ്യസഭയിലേക്ക് പ്രഗത്ഭരായ കലാകാരന്മാരെയാണ് നാമനിര്‍ദേശം ചെയ്യുന്നതെന്ന് ഓസ്കര്‍ ജേതാക്കളെ അഭിനന്ദിക്കവേ മന്ത്രി പീയുഷ് ഗോയല്‍ അവകാശപ്പെട്ടിരുന്നു. 2022ൽ നാമനിർദേശം ചെയ്യപ്പെട്ടവരിൽ ആർആർആറിന്റെ തിരക്കഥാകൃത്ത് വി വിജയേന്ദ്ര പ്രസാദും ഉൾപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

"ആന്ധ്രാപ്രദേശിൽ നിന്നുള്ള തിരക്കഥാകൃത്ത് പതിറ്റാണ്ടുകളായി സർഗാത്മക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. പ്രധാനമന്ത്രി മോദിജി അദ്ദേഹത്തിന്റെ മഹത്വം തിരിച്ചറിയുകയും അദ്ദേഹത്തിന്റെ കൃതികൾ ഇന്ത്യയുടെ മഹത്തായ സംസ്‌കാരം അടയാളപ്പെടുത്തുന്നുവെന്ന് പറയുകയും ചെയ്തു. ഇന്ന് 'നാട്ടു നാട്ടു' എന്ന ഗാനത്തിന് ഓസ്കർ ലഭിച്ചതോടെ 'ആർആർആർ' എന്ന സിനിമ ആഗോളതലത്തില്‍ ശ്രദ്ധേയമായി. ഇത് പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പിന്റെ ആഗോള അംഗീകാരമാണ്"- എന്നാണ് പീയൂഷ് ഗോയല്‍ കുറിച്ചത്.

ഓസ്കര്‍ പുരസ്കാരം നേടിയവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ അഭിനന്ദിക്കുകയുണ്ടായി. 'നാട്ടു നാട്ടു' എന്ന ഗാനം ആഗോളതലത്തില്‍ ജനപ്രിയമാണ്. വര്‍ഷങ്ങളോളം ആ ഗാനം ഓര്‍മിക്കപ്പെടും. എം.എം കീരവാണിക്കും ചന്ദ്രബോസിനും മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍ എന്നാണ് നരേന്ദ്ര മോദി ട്വീറ്റ് ചെയ്തത്. എലഫന്‍റ് വിസ്പേഴ്സ് ടീമിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. സുസ്ഥിര വികസനത്തിന്‍റെയും പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നതിന്‍റെയും പ്രാധാന്യം ഈ ഡോക്യുമെന്‍ററി എടുത്തുകാട്ടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.  





Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News