ഖാർഗെയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി നിർദേശിച്ചതിലെ ‘നീരസം’; നിതീഷിനെ വിളിച്ച് രാഹുൽ ഗാന്ധി
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ് ഖാർഗെയുടെ പേര് നിർദേശിച്ചത്
ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഫോണിൽ വിളിച്ച് സംസാരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഇൻഡ്യ മുന്നണിയിലെ നേതാക്കൾ നിർദേശിച്ചതിൽ നിതീഷിന് നീരസമുണ്ടെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാഹുൽ അദ്ദേഹവുമായി ഫോണിൽ ചർച്ച നടത്തുന്നത്.
ചൊവ്വാഴ്ച ചേർന്ന ഇൻഡ്യ മുന്നണി യോഗത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ് ഖാർഗെയുടെ പേര് നിർദേശിച്ചത്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഖാർഗെയുടെ പേര് നിർദേശിച്ചതിൽ കോൺഗ്രസിന്റെ നിലപാട് നിതീഷിന് മുന്നിൽ രാഹുൽ വ്യക്തമാക്കിയെന്നാണ് ജനതാ ദൾ (യു) വൃത്തങ്ങൾ അറിയിക്കുന്നത്. മുന്നണിയുടെ ശക്തി വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇരുവരും ഫോണിൽ സംസാരിച്ചതായാണ് വിവരം. ഇൻഡ്യ മുന്നണിയിൽ പല വിഷയങ്ങളുമായി ബന്ധപ്പെട്ട് നിതീഷ് ഇടഞ്ഞുനിൽക്കുകയാണ്. അദ്ദേഹത്തെ അനുനയിപ്പിക്കൽ കൂടിയായിരുന്നു രാഹുലിന്റെ ലക്ഷ്യം.
ഇൻഡ്യ മുന്നണി യോഗത്തിൽ മമത ബാനർജിക്ക് പുറമെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പ്രധാനമന്ത്രി സ്ഥാനാർഥിയായി ഖാർഗയുടെ പേര് നിർദേശിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു.
എന്നാൽ, പ്രധാനമന്ത്രി സ്ഥാനാർഥി ആരാകണമെന്ന ചർച്ച പിന്നീടാകാമെന്ന നിലപാടിലാണ് മല്ലികാർജുൻ ഖാർഗെ. ഇൻഡ്യ സഖ്യത്തിന്‍റെ വിജയത്തിനാണ് പ്രഥമ പരിഗണന. ആരാകും പ്രധാനമന്ത്രിയെന്ന ചർച്ച പിന്നീടാകാം. ലോക്സഭയിൽ മതിയായ എം.പിമാരില്ലെങ്കിൽ പിന്നെ പ്രധാനമന്ത്രി ചർച്ചകൊണ്ട് എന്ത് കാര്യം? ആദ്യം ഭൂരിപക്ഷം നേടിയെടുക്കലാണ് ലക്ഷ്യം. അതിന് ശേഷം കാര്യങ്ങൾ ജനാധിപത്യപരമായി തീരുമാനിക്കാമെന്നും ഖാർഗെ വ്യക്തമാക്കിയിരുന്നു.