സുപ്രിംകോടതി ഉത്തരവിന് പുല്ലുവില; ഹിമാചലിലെ പള്ളി പൊളിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികൾ

പള്ളി നിർമാണം അനധികൃതമാണ് എന്നാരോപിച്ചാണ് ഇവരുടെ നീക്കം.

Update: 2024-09-17 16:29 GMT
Residents of Himachal Village demand demolition of another mosque
AddThis Website Tools
Advertising

ഷിംല: രാജ്യത്ത് ബുൾഡോസർ രാജിന് തടയിട്ട് സുപ്രിംകോടതി പുറത്തിറക്കിയ ഉത്തരവിന് പുല്ലുവില കൽപ്പിച്ച് ഹിമാചലിലും പള്ളി പൊളിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികൾ. തലസ്ഥാനമായ ഷിംലയിലെ കസുംപ്തിയിൽ സ്ഥിതിചെയ്യുന്ന പള്ളി പൊളിക്കണമെന്ന ആവശ്യവുമായാണ് നാട്ടുകാർ രം​ഗത്തെത്തിയിരിക്കുന്നത്.

പള്ളി നിർമാണം അനധികൃതമാണ് എന്നാരോപിച്ചാണ് ഇവരുടെ നീക്കം. ഈ ആവശ്യമുന്നയിച്ച് കൗൺസിലർ രഞ്ചന ശർമയുടെ നേതൃത്വത്തിലുള്ള സംഘം പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ അമിത് കശ്യപ്, എസ്പി സഞ്ജീവ് കുമാർ ​ഗാന്ധി, ഷിംല മുനിസിപ്പൽ കമ്മീഷണർ ഭൂപീന്ദർ ആത്രി എന്നിവർക്ക് നിവേദനം നൽകി.

'കസുംപ്തിയിൽ ഒരു പ്രത്യേക സമുദായം നിർമിച്ച കെട്ടിടം മുനിസിപ്പൽ കോർപ്പറേഷൻ നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരുന്നു. ഒരിക്കലും ഒരു പള്ളിയോ മതപരമായ സ്ഥലമോ ആയിരുന്നില്ല അത്. ഇപ്പോൾ അവിടെ ആ സമുദായത്തിലെ അംഗങ്ങൾ ഒത്തുകൂടുന്നു. ഈ കെട്ടിടം പൊളിക്കാൻ കഴിഞ്ഞ വർഷം മുനിസിപ്പൽ കമ്മീഷണർ ഉത്തരവിറക്കിയിരുന്നെങ്കിലും ഇതുവരെ അത് ചെയ്തിട്ടില്ല'- രഞ്ചന ശർമ ആരോപിച്ചു.

കഴിഞ്ഞ ബുധനാഴ്ച, ഷിംലയിലെ സഞ്ജൗലി പ്രദേശത്തെ പള്ളിയുടെ ഒരു ഭാഗം പൊളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചവരും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിൽ 10 പേർക്ക് പരിക്കേറ്റിരുന്നു. വെള്ളിയാഴ്ച മാണ്ഡി പട്ടണത്തിലെ ഒരു മുസ്‌ലിം പള്ളിയുടെ കൈയേറ്റം പൊളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചവർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചിരുന്നു.

രാജ്യത്ത് ബുൾഡോസർ രാജ് നടപ്പാക്കുന്നത് ഇന്ന് സുപ്രിംകോടതി തടഞ്ഞിരുന്നു. സുപ്രിംകോടതിയുടെ അനുമതിയില്ലാതെ ബുൾഡോസർ രാജ് നടപ്പാക്കരുതെന്നാണ് നിർദേശം. ജസ്റ്റിസുമാരായ ബി.ആർ ഗവായ്, കെ.വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. കോടതിയുടെ അനുമതിയില്ലാതെ കെട്ടിടങ്ങൾ പൊളിക്കരുതെന്ന് ഉത്തരവിൽ പറയുന്നു. കൂടാതെ ഒക്ടോബർ ഒന്നുവരെ ഇത്തരം നടപടികൾ നിർത്തിവയ്ക്കാനും കോടതി നിര്‍ദേശിച്ചു.

കുറ്റാരോപിതരായ വ്യക്തികളുടെ കെട്ടിടങ്ങൾ ശിക്ഷാനടപടിയായി ചില സംസ്ഥാന സർക്കാരുകൾ ബുൾഡോസർ ഉപയോ​ഗിച്ച് പൊളിച്ചുനീക്കുന്നതിനെതിരെ നൽകിയ ഹരജികളിലാണ് കോടതിയുടെ നടപടി. ഉത്തർപ്രദേശും ഡൽഹിയുമടക്കമുള്ള വിവിധ സംസ്ഥാനങ്ങളിൽ കുറ്റകൃത്യത്തിലേർപ്പെട്ടവരുടെ വീടുകളും വസ്തുക്കളും, അനധികൃത കൈയേറ്റം ആരോപിച്ച് പള്ളികളും മദ്രസകളും സംസ്ഥാന സർക്കാരുകളും പൊലീസും ബുൾഡോസർ ഉപയോഗിച്ച് തകർത്തത് വിവാദമായിരുന്നു.

അതേസമയം, ബുൾഡോസർ രാജിനെതിരെ മുമ്പും സുപ്രിംകോടതി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. ഏതെങ്കിലും കേസിൽ പ്രതിയായതുകൊണ്ട് മാത്രം കുറ്റാരോപിതരുടെ കെട്ടിടം പൊളിക്കാൻ പാടില്ലെന്നായിരുന്നു കോടതിയുടെ നിർദേശം.



Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News