യു.പിയിൽ വീണ്ടും ബുൾഡോസർരാജ്; എഐഎംഐഎം നേതാവിന്റെ ഭാര്യയുടെ റെസ്റ്റോറന്റ് തകർത്തു
ഡൽഹി- ലഖ്നൗ ദേശീയപാതയോരത്ത് 700 ചതുരശ്ര മീറ്റർ സ്ഥലത്താണ് റെസ്റ്റോറന്റ് നിർമിച്ചിരുന്നത്.
ബറേയ്‌ലി: ഉത്തർപ്രദേശിൽ എഐഎംഐഎം നേതാവിന്റെ ഭാര്യയുടെ റെസ്റ്റോറന്റിന് നേരെയും ബുൾഡോസർരാജ്. മുഹമ്മദ് തൗഫീഖെന്ന നേതാവിന്റെ ഭാര്യ നഗിന ബീഗത്തിന്റെ ബറേയ്ലി ബിത്രി ചൈൻപൂർ പ്രദേശത്തെ ഹോട്ടലാണ് അധികൃതർ തകർത്തത്. ഗ്രീൻ ബെൽറ്റിലാണ് നിർമാണമെന്ന് ആരോപിച്ചാണ് ബറേയ്ലി ഡെവലപ്മെന്റ് അതോറിറ്റിയുടെ നടപടി.
ഡൽഹി- ലഖ്നൗ ദേശീയപാതയോരത്ത് 700 ചതുരശ്ര മീറ്റർ സ്ഥലത്താണ് റെസ്റ്റോറന്റ് നിർമിച്ചിരുന്നത്. രജിസ്ട്രേഷൻ രേഖകൾ ഉണ്ടായിട്ടും യാതൊരു മുൻകൂർ നോട്ടീസും നൽകാതെയാണ് ഇരുനില കെട്ടിടം പൊളിച്ചതെന്ന് നഗിന ബീഗം പറഞ്ഞു. 'കെട്ടിടമൊഴിയാൻ ഞങ്ങൾക്ക് സമയം നൽകിയതുമില്ല. 60 ലക്ഷത്തിന്റെ നഷ്ടമാണ് അധികൃതരുടെ അപ്രതീക്ഷിത നടപടിയിലൂടെ ഞങ്ങൾക്കുണ്ടായത്'- അവർ വ്യക്തമാക്കി.
'2016ലാണ് ഈ റെസ്റ്റോറന്റ് ഞങ്ങൾ നിർമിച്ചത്. പെട്ടെന്നൊരു സുപ്രഭാതത്തിൽ ബി.ഡി.എ അധികൃതരെത്തി കെട്ടിടം പൊളിക്കുകയായിരുന്നു. ഞങ്ങൾ തടയാൻ ശ്രമിച്ചപ്പോൾ അവർ 2015ൽ പുറത്തിറക്കിയ ഒരു നോട്ടീസ് കാണിച്ചു. അന്ന് ഈ സ്ഥലത്ത് ഒരു റെസ്റ്റോറന്റ് ഉണ്ടായിരുന്നില്ല. ചട്ടങ്ങൾക്ക് വിരുദ്ധമായി ഞങ്ങളൊന്നും നിർമിച്ചിട്ടില്ല. മാത്രമല്ല ദേശീയപാതാ അതോറിറ്റിക്ക് ആവശ്യമായ ഫീസും നൽകിയിരുന്നു'- മുഹമ്മദ് തൗഫീഖ് പറഞ്ഞു.
'രാഷ്ട്രീയ വിരോധമാണ് ഇത്തരമൊരു നടപടിക്ക് കാരണം. ബി.ഡി.എ ഉദ്യോഗസ്ഥർ എന്റെ ഭാര്യയോട് മോശമായി പെരുമാറുകയും ചെയ്തു. സംഭവത്തിൽ നടപടിയാവശ്യപ്പെട്ട് ഞങ്ങൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്'- അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിത്രി ചൈൻപൂർ മണ്ഡലത്തിലെ എഐഎംഐഎം സ്ഥാനാർഥിയായിരുന്നു മുഹമ്മദ് തൗഫീഖ്.
അതേസമയം, ഗ്രീൻ ബെൽറ്റായി നിശ്ചയിക്കപ്പെട്ട പ്രദേശത്ത് അനധികൃതമായാണ് നിർമാണമെന്ന് ചൂണ്ടിക്കാട്ടി കുടുംബത്തിന് പലതവണ നോട്ടീസ് നൽകിയിരുന്നു എന്നാണ് ബി.ഡി.എ ഉദ്യോഗസ്ഥനായ ഗൗതം സിങ്ങിന്റെ വാദം. യു.പി നഗരാസൂത്രിത- വികസന നിയമം 1973 പ്രകാരമാണ് റെസ്റ്റോറന്റിനെതിരായ നടപടിയെന്നും ഗൗതം സിങ് അവകാശപ്പെട്ടു.