കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ഉടൻ

ഡബ്ല്യൂ എച്ച് ഒ അംഗീകാരം ലഭിക്കാത്തതിനാൽ കൊവാക്‌സിൻ സ്വീകരിച്ചവർക്ക് വിദേശ യാത്ര നടത്താൻ സാധിച്ചിരുന്നില്ല

Update: 2021-10-26 15:01 GMT
Editor : abs | By : Web Desk
Advertising

ന്യൂഡൽഹി: ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) അനുമതി ഉടൻ ലഭിക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട സാങ്കേതിക ഉപദേശക സമിതിയുടെ യോഗം നടന്നുകൊണ്ടിരിക്കുകയാണെന്ന് ഡബ്ല്യുഎച്ച്ഒ വക്താവ് മാർഗരറ്റ് ഹാരിസ് റോയിട്ടേഴ്‌സിനോടു പറഞ്ഞു.

അടിയന്തര ഉപയോഗത്തിനാകും ആദ്യഘട്ടത്തിൽ അനുമതി ലഭിക്കുക. രേഖകൾ കൃത്യമായി സമർപ്പിച്ചാൽ 24 മണിക്കൂറിൽ അംഗീകാരം ലഭിക്കും. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വാക്സിനായ കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി കഴിഞ്ഞ മാസം കിട്ടുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ നിർമാതാക്കളായ ഭാരത് ബയോടെക്കിൽ നിന്ന് ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സമിതി കൂടുതൽ വിശദീകരണം തേടിയതോടെ തീരുമാനം വൈകുകയായിരുന്നു.

ഡബ്ല്യൂ എച്ച് ഒ അംഗീകാരം ലഭിക്കാത്തതിനാൽ കൊവാക്‌സിൻ സ്വീകരിച്ചവർക്ക് വിദേശ യാത്ര നടത്താൻ സാധിച്ചിരുന്നില്ല. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ച വാക്‌സിനുകളിലൊന്ന് കൊവാക്‌സിനാണ്. മറ്റൊന്ന് കൊവിഷീൽഡും. ഫൈസർ-ബയോഎൻടെക്, ആസ്ട്രസെനക്ക-എസ്‌കെ ബയോ/സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ജോൺസൺ ആൻഡ് ജോൺസൺ, ജൻസെൻ, മൊഡേണ എന്നീ വാക്‌സിനുകൾക്കാണ് ഡബ്ല്യുഎച്ച്ഒ നിലവിൽ അനുമതി നൽകിയിട്ടുണ്ട്. സിനോഫാം വാക്‌സിന് അടിയന്തര ഉപയോഗത്തിനും അനുമതിയുണ്ട്. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News