നിർബന്ധിത മതംമാറ്റം: കർണാടകയിൽ ഹിന്ദുത്വസംഘടനകൾ ചർച്ച് കൈയേറി; പുരോഹിതനുനേരെ ആക്രമണം
അച്ചനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംഎൽഎ അരവിന്ദ് ബെല്ലാഡ് ദേശീയപാത ഉപരോധിക്കുകയും ചെയ്തിരുന്നു
നിർബന്ധിത മതപരിവർത്തനം ആരോപിച്ച് കർണാടകയിലെ ചർച്ച് കൈയേറി ഹിന്ദുത്വ സംഘടനകൾ. ചർച്ചിനുള്ളിൽ ഭജനയും കീർത്തനങ്ങളും പാടിയായിരുന്നു ബജ്രങ് ദൾ, വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകരുടെ പ്രതിഷേധം.
ഇന്ന് രാവിലെയാണ് ഹുബ്ബാളിയിലെ ബൈരിദേവരകൊപ്പ ചർച്ചിൽ സംഘ്പരിവാർ പ്രവർത്തകർ സംഘടിച്ചെത്തി പ്രതിഷേധിച്ചത്. ചർച്ചിലെ പുരോഹിതൻ സോമു അവരാധിയെ ഇവർ ആക്രമിച്ചതായും പരാതിയുണ്ട്. കഴിഞ്ഞ ദിവസം വിശ്വനാഥ് എന്ന പേരുള്ളയാളെ മതംമാറ്റത്തിന് നിർബന്ധിച്ചുവെന്ന ആരോപണത്തിനു പിറകെയാണ് സംഘ്പരിവാർ പ്രതിഷേധം. അച്ചനും മറ്റ് മൂന്നുപേർക്കുമെതിരെ ഇയാൾ പൊലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്.
സംഭവത്തിൽ പ്രതിഷേധിച്ച് സ്ത്രീകളടക്കം നിരവധി ബജ്രങ്ദൾ, വിഎച്ച്പി പ്രവർത്തകരാണ് ഇന്ന് രാവിലെ 11ഓടെ ചർച്ചിലെത്തിയത്. ചർച്ചിനുള്ളിൽ കയറി ഭജനയും ഹിന്ദു കീർത്തനങ്ങളും ആലപിക്കാൻ തുടങ്ങി ഇവർ. ഇതിനിടെ ഇവിടെയെത്തിയ അച്ചനെ സംഘം കൈയേറ്റം ചെയ്തു. കൈയേറ്റത്തിൽ പരിക്കേറ്റ അച്ചനെയും ഒപ്പമുണ്ടായിരുന്നവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അച്ചനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംഎൽഎ അരവിന്ദ് ബെല്ലാഡ് ദേശീയപാത ഉപരോധിക്കുകയും ചെയ്തിരുന്നു.
Watch: Right-Wing Activist Sing Bhajan at Karnataka, India Church as a "Protest" @TheGardianNews ,@nytimes , @CNN, @BBCWorld https://t.co/4xBQhbHTG9
— MZak (@mdzakiiqbal) October 18, 2021
അച്ചനടക്കം നാലുപേർക്കെതിരെ ഹുബ്ലി പൊലീസ് പട്ടികജാതി, പട്ടികവർഗ സംരക്ഷണ വകുപ്പുപ്രകാരം കേസെടുത്തിട്ടുണ്ട്. മതവികാരം വ്രണപ്പെടുത്തിയ കേസും ഇവർക്കെതിരെയുണ്ട്. നാലുപേരെയും ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്ത ശേഷം ഇവരെ വിട്ടയയ്ക്കുകയും ചെയ്തു.