ഹരിത ഊര്‍ജത്തിലും കുത്തക ലക്ഷ്യമിട്ട് അംബാനി; ജര്‍മന്‍, ഡെന്‍മാര്‍ക്ക് കമ്പനികളിലും നിക്ഷേപം
ഹരിത ഊര്‍ജ ഉല്‍പാദനത്തിനായി ഗുജറാത്തിലെ ജാംനഗറില്‍ നാല് ജിഗാ ഫാക്ടറികള്‍ നിര്‍മിക്കുമെന്നും നവ ഊര്‍ജ രംഗത്ത് 75,000 കോടി മുതല്‍മുടക്കുമെന്നും റിലയന്‍സ് നേരത്തെ പ്രഖ്യാപിച്ചിരുന്നു
ഹരിത ഊര്‍ജത്തിലും കുത്തക സ്ഥാപിക്കാന്‍ ഒരുങ്ങി മുകേഷ് അംബാനി. യു.എസിലെ ഊര്‍ജ സംരംഭക കമ്പനിയായ ആംബ്രിയില്‍ പണം മുടക്കി തുടക്കമിട്ട യത്‌നം പിന്നീട് നോര്‍വേയിലെ ആര്‍.ഇ.സി സോളാര്‍ പൂര്‍ണമായി വിലകൊടുത്ത് വാങ്ങുന്നതിലേക്കെത്തി. തുടര്‍ന്ന് ഷപ്പൂര്‍ജി പല്ലോണ്‍ജി ഗ്രൂപ്പിന്റെ സ്‌റ്റെര്‍ലിങ് വില്‍സണ്‍ സോളാര്‍ കമ്പനിയില്‍ 40 ശതമാനം ഓഹരി ഉടമാവകാശം സ്വന്തമാക്കി.
അതിനു പിന്നാലെ ജര്‍മന്‍ സോളാര്‍ പാനല്‍ നിര്‍മാണ കമ്പനിയിലും ഡെന്‍മാര്‍ക്കിലെ ഹൈഡ്രജന്‍ ഇലക്‌ട്രോളൈസേഴ്‌സ് കമ്പനിയിലും മുതല്‍മുടക്കിയിരിക്കുകയാണ് റിലയന്‍സ്. ആംബ്രി ഒഴികെ കമ്പനികളെല്ലാം കഴിഞ്ഞ മൂന്ന് ദിവസത്തിനകമാണ് അംബാനി വരുതിയിലാക്കിയത്. റിലയന്‍സ് ന്യൂ എനര്‍ജി സോളാര്‍ എന്ന ഉപകമ്പനി വഴിയാണ് ഹരിത ഊര്‍ജ രംഗത്തെ നിക്ഷേപങ്ങള്‍. ആര്‍.ഇ.സി സോളാറിനെ ഏറ്റെടുക്കാന്‍ 5,800 കോടി മുടക്കിയപ്പോള്‍ ആംബ്രിയില്‍ നിക്ഷേപിച്ചത് 376 കോടിയാണ്.
218 കോടിയാണ് ജര്‍മന്‍ കമ്പനിയായ നെക്‌സ്‌വേഫില്‍ മുടക്കുന്നതെന്ന് ചൊവ്വാഴ്ച ഓഹരി നിയന്ത്രണ സ്ഥാപനമായ സെബിയെ റിലയന്‍സ് അറിയിച്ചു. ഡെന്‍മാര്‍ക്കിലെ സ്റ്റീസ്ഡല്‍ എ.എസ് ടെക്‌നോളജി കമ്പനിയിലാണ് ഏറ്റവും പുതിയ നിക്ഷേപം.ഇന്നോ എനര്‍ജി, ലിന്‍വുഡ്, സൗദി ആരാംകൊ എന്നീ കമ്പനികളും റിലയന്‍സുമായി സഹകരിക്കുന്നുണ്ട്.
ഹരിത ഊര്‍ജ ഉല്‍പാദനത്തിനായി ഗുജറാത്തിലെ ജാംനഗറില്‍ നാല് ജിഗാ ഫാക്ടറികള്‍ നിര്‍മിക്കുമെന്നും നവ ഊര്‍ജ രംഗത്ത് 75,000 കോടി മുതല്‍മുടക്കുമെന്നും റിലയന്‍സ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.