ലണ്ടനിൽ ജീൻസും ടീ ഷർട്ടുമിട്ട് 'ഹിജാബ് ഗേൾ' മുസ്‌കാൻ ഖാൻ; സത്യാവസ്ഥയെന്ത്?
മുസ്‌കാൻ ലണ്ടനിലെത്തിയതോടെ ഹിജാബ് ഉപേക്ഷിച്ചെന്ന് ആരോപണം - Fact Check
കർണാടകയിലെ ഹിജാബ് വിവാദ വേളയിൽ ഏറെ മാധ്യമ ശ്രദ്ധ നേടിയ പേരാണ് മാണ്ഡ്യ പിഇഎസ് കോളജിലെ വിദ്യാര്‍ത്ഥി മുസ്‌കാൻ ഖാന്‍റേത്. ഹിജാബ് ധരിച്ച് കോളജിലേക്ക് വരുന്ന വേളയിൽ തന്നെ തടഞ്ഞ ഹിന്ദുത്വവാദികൾക്ക് മുമ്പിൽ അല്ലാഹു അക്ബർ എന്നു വിളിച്ചാണ് ഇവർ വാർത്തകളിൽ നിറഞ്ഞത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും മുസ്‌കാൻ ഹിജാബ് പ്രക്ഷോഭത്തിന്‍റെ മുഖമാകുകയും ചെയ്തു.
മുസ്‌കാൻ ഖാന്റേത് എന്ന പേരിൽ ജീൻസും ടീ ഷർട്ടും സൺഗ്ലാസും ധരിച്ച മറ്റൊരു പെൺകുട്ടിയുടെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെടുന്നത്. ചിത്രം ട്വിറ്ററില്‍ പങ്കുവച്ച ഒരാൾ ഹിന്ദിയിൽ കുറിച്ചത് ഇങ്ങനെയാണ്; 'ഹിജാബ് അവകാശത്തിനായി പോരടിച്ച ഈ പെൺകുട്ടി മുസ്‌കാനെ ഓർക്കുന്നുണ്ടോ? അവർ ഇപ്പോൾ ലണ്ടനിലാണ്. കർണാടകയിലെ ബിജെപിക്കെതിരെ പ്രതിഷേധിച്ച ശേഷം ജോലിയും ജീവിതവും ഉറച്ചു. സർക്കാർ മാറി. ടൂൾ കിറ്റ് പൂർണമായി'.
മുസ്‌കാൻ ലണ്ടനിലെത്തിയതോടെ ഹിജാബ് ഉപേക്ഷിച്ചു, കർണാടകയിൽ മാത്രമേ ഹിജാബ് ധരിച്ചുള്ളൂ എന്നിങ്ങനെയുള്ള അവകാശവാദങ്ങളുമായി നിരവധി ട്വീറ്റുകളും പ്രത്യക്ഷപ്പെട്ടു. സംഘ് അനുകൂല ട്വിറ്റർ ഹാൻഡിലുകളിൽ നിന്നായിരുന്നു ഈ ട്വീറ്റുകൾ.
യഥാർത്ഥത്തിൽ ഈ ചിത്രത്തിന് മുസ്‌കാൻ ഖാനുമായി ബന്ധമൊന്നുമില്ല എന്നതാണ് വസ്തുത. റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന സയേമയുടേതാണ് ഈ ചിത്രം. വെരിഫൈഡ് ഹാൻഡ്‌ലുള്ള ആർജെയാണ് സയേമ.
2023 ജൂൺ ആറിന് ലണ്ടൻ ഈസ് ബ്യൂട്ടിഫുൾ (ലണ്ടൻ മനോഹരമാണ്) എന്ന ശീർഷകത്തോടെ സയേമ ട്വിറ്ററിൽ പങ്കുവച്ച ചിത്രമാണിത്. ചിത്രം തന്റേതു തന്നെയാണെന്ന് സയേമ ദേശീയ മാധ്യമമായ ഇന്ത്യ ടുഡേയോട് പറഞ്ഞു.
അതിനിടെ, വിദേശത്തു നിന്നുള്ള നിരവധി സർവകലാശാലകളിൽനിന്ന് തനിക്ക് പ്രവേശന വാഗ്ദാനം ലഭിച്ചിരുന്നു എന്നും അതെല്ലാം നിരസിക്കുകയായിരുന്നു എന്നും മുസ്‌കാൻ ഖാൻ പറഞ്ഞു. വിദേശത്തു പോയി പഠിക്കാൻ ഇപ്പോൾ പദ്ധതിയില്ലെന്നും 2023 ഏപ്രിൽ 15ന് ദൈനിക് ഭാസ്‌കറിന് നൽകിയ അഭിമുഖത്തിൽ അവർ വ്യക്തമാക്കിയിരുന്നു. മുസ്‌കാൻ വിദേശത്തു പോയിട്ടില്ലെന്ന് പിതാവ് മുഹമ്മദ് ഹുസൈൻ ഖാനും പ്രതികരിച്ചു.