'ഞാൻ ഹിന്ദുസ്ഥാനി മുസ്‌ലിം, നിങ്ങളെന്നെ പഠിപ്പിക്കേണ്ട'; ടിവി ചർച്ചയിൽ ബിജെപി നേതാവിനെ കുടഞ്ഞ് എബിപി അവതാരക
"എന്തു ധരിക്കണം എന്ന് പണ്ഡിറ്റ് ശുക്ല എന്നെ പഠിപ്പിക്കേണ്ട"
ഡൽഹി: ചാനൽ ചർച്ചയിൽ മതം പറഞ്ഞ് അധിക്ഷേപിച്ച ബിജെപി പ്രതിനിധിയെ നിർത്തിപ്പൊരിച്ച് എബിപി ന്യൂസ് അവതാരക റുമാന ഖാൻ. പുതിയ പാർലമെന്റിൽ സ്ഥാപിച്ച ചെങ്കോലുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെയാണ് നാടകീയ സംഭവങ്ങൾ. ചർച്ചയ്ക്കിടെ 'നിങ്ങൾ ബുർഖയണിഞ്ഞു വരൂ' എന്നാക്ഷേപിച്ച ബിജെപി പ്രതിനിധി പ്രേം ശുക്ലയോട് താൻ അഭിമാനിയായ ഹിന്ദുസ്ഥാനി മുസ്‌ലിമാണെന്നും എന്തു ധരിക്കണമെന്ന് പഠിപ്പിക്കേണ്ടൈന്നും റുമാന തിരിച്ചടിച്ചു.
'റുമാന ഇസാർ ഖാൻ അല്ലേ, ബുർഖയും വന്നു. മുസൽമാനെ കുറിച്ച് കേൾക്കുമ്പോൾ ഇനി നിങ്ങളുടെ കൈയിൽ ഏതെങ്കിലും സ്റ്റീരിയോ ടൈപ്പ് ബാക്കിയുണ്ടോ? മുസൽമാൻ ആണെങ്കിൽ ജിഹാദി ആകും. മുസൽമാൻ ആണെങ്കിൽ ബുർഖ ധരിക്കും. മുസൽമാൻ ആണെങ്കിൽ ഹിന്ദു-മുസൽമാൻ കളിക്കാം. പണ്ഡിറ്റ് ശുക്ല, നിങ്ങളെ തുറന്നു കാണിക്കും. അന്തസ്സോടെ പറയുന്നു. ഞാൻ ഹിന്ദുസ്ഥാനിയാണ്. ഹിന്ദുസ്ഥാനി മുസ്‌ലിമാണ്. എന്തു ധരിക്കണം എന്ന് പണ്ഡിറ്റ് ശുക്ല എന്നെ പഠിപ്പിക്കേണ്ട. മുസൽമാൻ, ബുർഖ, ജിഹാദ് ഇതൊന്നുമല്ലാതെ നിങ്ങളുടെ കൈയിൽ പറയാനൊന്നുമില്ല' - എന്നായിരുന്നു റുമാനയുടെ പ്രതികരണം.
രാജഭരണ കാലത്തെ ചെങ്കോൽ ഇപ്പോൾ പാർലമെന്റിൽ സ്ഥാപിക്കേണ്ട ആവശ്യം എന്താണ് എന്നായിരുന്നു റുമാനയുടെ ആദ്യ ചോദ്യം. അശോകചക്രവും രാജഭരണത്തിന്റെ ഭാഗമാണ് എന്നായിരുന്നു ശുക്ലയുടെ ഉത്തരം. ഖാൻ മാഡം എന്നു വിളിച്ചാണ് ശുക്ല ചോദ്യത്തിന് മറുപടി നൽകിയത്. ഇതിന് 'ഹിന്ദു-മുസൽമാൻ വിഷയങ്ങളിലേക്ക് വരുന്നത് പഴയ പതിവാണ്' എന്നു പറഞ്ഞ് റുമാന തിരിച്ചടിച്ചു.