നവരാത്രി ആഘോഷത്തിൽ പങ്കെടുത്ത മുസ്‍ലിം യുവാവിന് വിഎച്ച്പി-ബജ്റംഗ്ദൾ പ്രവർത്തകരുടെ ക്രൂരമർദനം

പരിപാടിയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കവെ യുവാവിന്റെ മതം ചോദ്യം ചെയ്യുകയും അഹിന്ദുവാണെന്ന് തിരിച്ചറിഞ്ഞതോടെ മർദിക്കുകയുമായിരുന്നു

Update: 2024-10-05 12:25 GMT
Advertising

ലഖ്നൗ: നവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുത്തിതിന് മുസ്‍ലിം യുവാവിന് ക്രൂരമർദനം. വിശ്വഹിന്ദു പരിഷത്ത്-ബജ്റംഗ്ദൾ പ്രവർത്തകർ മർദിച്ചെന്നാണ് മർദനമേറ്റ യുവാവിന്റെ പരാതി. ഉത്തർപ്രദേശിലെ കാൺപൂരിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം.

സ്വരൂപ് നഗറിലെ ലജ്പത് ഭവനിലാണ് നവരാത്രിയുമായി ബന്ധപ്പെട്ട ആഘോഷ പരിപാടികൾ നടന്നത്. ഈ ഭാഗത്തേക്ക്‌ അഹിന്ദുക്കൾ പ്രവേശിക്കുന്നത് തടയാൻ പ്രത്യേക പരിശോധന ഏർപ്പെടുത്തിയിരുന്നു. സ്വകാര്യ ഗാർഡുകളും സന്നദ്ധപ്രവർത്തകരും സന്ദർശകരുടെ തിരിച്ചറിയൽ രേഖകൾ നോക്കിയാണ് പരിശോധന നടത്തിയിരുന്നത്. ഇങ്ങനെ നടത്തിയ പരിശോധനയിലാണ് മുസ്‍ലിം യുവാവിന് ക്രൂരമർദനമേറ്റത്.

പരിപാടിയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കവെ യുവാവിന്റെ മതം ചോദ്യം ചെയ്യുകയും അഹിന്ദുവാണെന്ന് തിരിച്ചറിഞ്ഞതോടെ മർദിക്കുകയുമായിരുന്നു. അക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മർദനമേറ്റ യുവാവിന്റെ പരാതിയിൽ അജ്ഞാതർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി മോത്തിജീൽ പൊലീസ് ഔട്ട്‌പോസ്റ്റ് ഇൻചാർജ് രവികുമാർ, ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ദിനേശ് തിർപതി എന്നിവർ പറഞ്ഞു.

മർദനമേറ്റയാളുടെ മൊഴി രേഖപ്പെടുത്താൻ അദ്ദേഹത്തെ വിളിച്ചു വരുത്താൻ നിർദേശിച്ചതായും പൊലീസ് അറിയിച്ചു. നഗരത്തിൽ നടന്നുകൊണ്ടിരിക്കുന്ന നവരാത്രി ഉത്സവത്തിൽ മറ്റ് മതങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കുന്നത് തടയാൻ പരിശോധന നടത്തിയതായി വിഎച്ച്പി ജില്ലാ സെക്രട്ടറി യുവരാജ് ദ്വിവേദി പ്രസ്താവനയിൽ സമ്മതിച്ചിട്ടുണ്ട്.

അഹിന്ദുക്കളായ നിരവധി യുവാക്കളോട് പരിപാടി നടക്കുന്ന പ്രദേശത്തേക്ക് പ്രവേശിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായും എന്നാൽ മുന്നറിയിപ്പ് ലംഘിച്ച് പ്രവേശിച്ചവരെ ബലം പ്രയോഗിച്ച് തടയുകയും ചെയ്തായും അദ്ദേഹം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

SUMMARY: VHP members beat Muslim man for ‘trying to attend’ Navratri celebration

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News