ചെറിയൊരു കൈപ്പിഴ; 1300 രൂപയ്ക്ക് പകരം നൽകിയത് 3,419 കോടി രൂപയുടെ കറന്റ് ബില്ല്
ബില്ല് കണ്ട് കുഴഞ്ഞുവീണ വീട്ടുടമസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഗ്വാളിയാർ: മധ്യപ്രദേശിലെ ഗ്വാളിയോർ സ്വദേശിയായ പ്രിയങ്ക ഗുപ്ത കറന്റ് ബില്ല് കണ്ടു ഞെട്ടി. ആയിരവും പതിനായിരവുമല്ല 3,419 കോടി രൂപയുടെ ബില്ലാണ് കുടുംബത്തിന് ലഭിച്ചത്. മാസം ശരാശരി 1500 രൂപയുടെ ബില്ലാണ് ഇതുവരെ ലഭിച്ചുകൊണ്ടിരുന്നത്. ബില്ല് കണ്ട് പ്രിയങ്കയുടെ പിതാവ് രാജേന്ദ്ര പ്രസാദ് ഗുപ്ത കുഴഞ്ഞുവീഴുകയും ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
സംഭവം വിവാദമായതോടെ വൈദ്യുത വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. തുടർന്ന് നടന്ന പരിശോധനയിലാണ് ബില്ലടിച്ച ഓഫീസ് ക്ലർക്കിന് പറ്റിയ കൈപ്പിഴയാണ് ഭീമൻ ബില്ലിന് കാരണമെന്ന് തെളിഞ്ഞത്. 1300 രൂപയായിരുന്നു യഥാർഥത്തിൽ ബില്ല് തുക. ഇതാണ് 3,419,53,25,293 കോടി രൂപയായത്. ഗുരുതരമായ പിഴവ് വരുത്തിയത് ഒരാളെ പിരിച്ചുവിട്ടു. റവന്യൂ ഓഫീസറെ സസ്‌പെൻഡ് ചെയ്യുകയും ജൂനിയർ എഞ്ചിനീയർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു.
വൈദ്യുത വകുപ്പിന്റെ വെബ്‌സൈറ്റിലും ഇതേ ബില്ലുതന്നെയാണ് നൽകിയിരിക്കുന്നതെന്ന് പ്രിയങ്കയുടെ ഭർത്താവും അഭിഭാഷകനുമായ സഞ്ജീവ് പറഞ്ഞു.
എന്നാൽ സോഫ്റ്റ്വെയർ പിശകാണ് ബില്ലിന് കാരണമെന്ന് വൈദ്യുതി കമ്പനി ജനറൽ മാനേജർ നിതിൻ മംഗ്ലിക് പ്രതികരിച്ചു. പിഴവ് ശ്രദ്ധയിൽപ്പെട്ടപ്പോൾ അത് തിരുത്തുകയും ജീവനക്കാർക്കെതിരെ നടപടിയെടുക്കുകയും ചെയ്തതതായി സംസ്ഥാന ഊർജ മന്ത്രിയുമായ പ്രദുംൻ സിംഗ് തോമർ പറഞ്ഞു.