4 കോടി രൂപയും കോടികളുടെ മൂല്യമുള്ള വസ്തുക്കളും പിടിച്ചെടുത്തു ; ഛത്തീസ്‍ഗഢിലെ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ ഇ.ഡി റെയ്ഡ്
സർക്കാർ ഉദ്യോഗസ്ഥർ, രാഷ്ട്രീയക്കാർ, വ്യവസായികൾ എന്നിവരുമായി ബന്ധപ്പെട്ട 40 ഇടങ്ങളിലാണ് ചൊവ്വാഴ്ച പുലർച്ചെ അഞ്ച് മണി മുതൽ ഇ.ഡി സംഘങ്ങൾ റെയ്ഡ് നടത്തിയത്
റായ്പൂര്‍: ഛത്തീസ്ഗഢിലെ ഉന്നത ഉദ്യോഗസ്ഥർ, രാഷ്ട്രീയക്കാർ, വ്യവസായികൾ എന്നിവരുമായി ബന്ധപ്പെട്ട 40 സ്ഥലങ്ങളിൽ നടത്തിയ റെയ്ഡില്‍ ഇതുവരെ 4 കോടി രൂപയും കോടികളുടെ മൂല്യമുള്ള വസ്തുക്കളും സുപ്രധാന രേഖകളും കണ്ടെടുത്തതായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വൃത്തങ്ങൾ അറിയിച്ചു.
ഛത്തീസ്ഗഡിൽ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലുമായി ബന്ധമുള്ള സർക്കാർ ഉദ്യോഗസ്ഥർ, രാഷ്ട്രീയക്കാർ, വ്യവസായികൾ എന്നിവരുമായി ബന്ധപ്പെട്ട 40 ഇടങ്ങളിലാണ് ചൊവ്വാഴ്ച പുലർച്ചെ അഞ്ച് മണി മുതൽ ഇ.ഡി സംഘങ്ങൾ റെയ്ഡ് നടത്തിയത്. അനധികൃത സ്വത്തിനെക്കുറിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗമായിട്ടായിരുന്നു റെയ്ഡ്. സംസ്ഥാനത്ത് നടന്ന ഓരോ കൽക്കരി നീക്കത്തിനും ചിലർ ടണ്ണിന് 25 രൂപ വീതം അനധികൃത കമ്മീഷനായി പിരിച്ചെടുത്തിരുന്നതായി ഇ.ഡി വ്യക്തമാക്കി. ബാദൽ മക്കാട് ജില്ലാ കോൺഗ്രസ് അധ്യക്ഷൻ സൂര്യകാന്ത് തിവാരിയുടെയും മറ്റ് സർക്കാർ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലുള്ള സംഘമാണ് ഇതിനു പിന്നില്‍. കമ്മീഷന്‍ വകയില്‍ 500 കോടി രൂപ നേടിയതായി ഇ.ഡി പറയുന്നു.
മഹാസമുന്ദ് ജില്ലയിൽ, രാഷ്ട്രീയക്കാരും വ്യവസായികളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും റെയ്ഡ് നടന്നു. റായ്ഗഡ് കലക്ടർ റണു ഷാഹുവിന്‍റെ വസതിയിലും ഇ.ഡി എത്തിയിരുന്നു. റായ്പൂർ, റായ്ഗഡ്, മഹാസമുന്ദ്, കോർബ, തുടങ്ങിയ ജില്ലകളിലും ഇ.ഡിയുടെ പ്രത്യേക സംഘങ്ങൾ രാവിലെ മുതൽ റെയ്ഡ് ആരംഭിച്ചതായി വൃത്തങ്ങൾ അറിയിച്ചു.