'ഷർട്ടിന് 70,000 രൂപ, ഷൂസിന് 2 ലക്ഷം, വാച്ചിന് 20 ലക്ഷം'; വാങ്കഡെ ഇതെങ്ങനെ നേടി?
വാങ്കഡെ 70,000 രൂപ വിലയുള്ള ഷർട്ടും രണ്ടു ലക്ഷം രൂപ വിലയുള്ള ഷൂസും 25-50 ലക്ഷം രൂപ വിലയുള്ള വാച്ചുകളും ധരിച്ചിരുന്നുവെന്നു മാലിക് ആരോപിച്ചു
നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ സോണൽ ഡയറക്ടർ സമീർ വാങ്കഡെക്കെതിരെ ആരോപണം കടുപ്പിച്ച് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്. വാങ്കഡെ 70,000 രൂപ വിലയുള്ള ഷർട്ടും രണ്ടു ലക്ഷം രൂപ വിലയുള്ള ഷൂസും 25-50 ലക്ഷം രൂപ വിലയുള്ള വാച്ചുകളും ധരിച്ചിരുന്നുവെന്നു മാലിക് ആരോപിച്ചു.
സത്യസന്ധനായ ഉദ്യോഗസ്ഥനു ഇത്രയും വിലയേറിയ സാധനങ്ങൾ എങ്ങനെ വാങ്ങാൻ കഴിയും. ആളുകളെ കള്ളക്കേസുകളിൽ കുരുക്കി കോടികൾ തട്ടിയെടുക്കുന്നതാണു വാങ്കഡെയുടെ രീതി. ഈ ജോലി ചെയ്യാൻ വാങ്കഡെയ്ക്ക് ഒരു 'സ്വകാര്യ സൈന്യ'മുണ്ടായിരുന്നു-മാലിക് ആരോപിച്ചു. തനിക്ക് അധോലോകവുമായി ബന്ധമുണ്ടെന്ന മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ആരോപണത്തെ മാലിക് തള്ളി. അങ്ങനെയാണെങ്കിൽ, ഫഡ്നാവിസ് മുഖ്യമന്ത്രിയായിരുന്നപ്പോൾ എന്തുകൊണ്ട് തനിക്കെതിരെ അന്വേഷണം നടത്തിയില്ല എന്നായിരുന്നു മാലിക്കിന്റെ ചോദ്യം.
കഴിഞ്ഞ 15 ദിവസമായി ജെഎൻപിടി തുറമുഖത്തു ലഹരിമരുന്ന് അടങ്ങിയ മൂന്ന് കണ്ടെയ്‌നറുകൾ കിടക്കുന്നുണ്ടെന്നും റവന്യു ഇന്റലിജൻസ് വകുപ്പ് ഇക്കാര്യത്തിൽ നടപടിയെടുക്കാത്തത് എന്താണെന്നും മാലിക് ചോദിച്ചു.