ജാതി സെൻസസിനെ പിന്തുണച്ച് ആർഎസ്എസ്; രാഷ്ട്രീയ ആയുധമാക്കരുതെന്ന് മുന്നറിയിപ്പ്
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനപ്പുറം ജാതി സെന്‍സസിനെ കൂടുതൽ ഗൗരവത്തോടെ കൈകാര്യം ചെയ്യണമെന്ന് ആർഎസ്എസ് വക്താവ് സുനിൽ അംബേദ്കര്‍
നാഗ്‍പൂര്‍/പാലക്കാട്: പ്രതിപക്ഷത്തുനിന്നുള്ള ശക്തമായ മുറവിളികൾക്കിടെ ജാതി സെൻസസിനെ പിന്തുണച്ച് ആർഎസ്എസ്സും. ജാതി വിവരങ്ങൾ ശേഖരിക്കുന്നത് സാമൂഹികക്ഷേമ പദ്ധതികൾ നടപ്പാക്കാനുള്ള സുപ്രധാനമായ മാർഗമാണെന്നാണ് ആർഎസ്എസ് വ്യക്തമാക്കിയിരിക്കുന്നത്. ഇതോടൊപ്പം സെൻസസിനെ രാഷ്ട്രീയ ആയുധമാക്കരുതെന്ന മുന്നറിയിപ്പും സംഘ്പരിവാർ നൽകിയിട്ടുണ്ട്.
ആർഎസ്എസ് മുഖ്യ വക്താവ് സുനിൽ അംബേദ്കറാണ് ജാതി സെൻസസ് വിഷയത്തിൽ സംഘ് നിലപാട് വ്യക്തമാക്കിയത്. ആർഎസ്എസ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജാതിയും ജാതിബന്ധങ്ങളുമെല്ലാം ഹിന്ദു സമൂഹത്തിൽ സൂക്ഷ്മതലങ്ങളുള്ള വിഷയങ്ങളാണ്. ദേശീയ ഐക്യത്തിന്റെയും അഖണ്ഡതയുടെയും കൂടി വിഷയമാണത്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനപ്പുറം കൂടുതൽ ഗൗരവത്തോടെ തന്നെ അതു കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും സുനിൽ പറഞ്ഞു.
ക്ഷേമപ്രവർത്തനങ്ങൾ നടപ്പാക്കാൻ ഇത്തരത്തിൽ ജാതി സെൻസസ് വളരെ പ്രധാനമാണെന്നാണ് ആർഎസ്എസ് കരുതുന്നത്. പിന്നാക്കം നിൽക്കുകയോ പ്രത്യേക ശ്രദ്ധ ആവശ്യമുള്ളതോ ആയ ഏതെങ്കിലും ജാതി വിഭാഗത്തിന്റെയോ സമുദായത്തിന്റെയോ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ടെങ്കിൽ ഇത്തരം കണക്കുകൾ ഏറെ ഉപകാരപ്പെടും. സർക്കാരിനു കണക്കുകൾ വേണമെങ്കിൽ കണക്കെടുപ്പ് ആവശ്യമാണെന്നു മാത്രമല്ല, ഇതു മുൻപും ചെയ്തതുമാണ്. എന്നാൽ, അതു തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ആയുധമായി മാറാതിരിക്കാനുള്ള ജാഗ്രത വേണമെന്നും സുനിൽ അംബേദ്കർ സൂചിപ്പിച്ചു.
പാലക്കാട്ട് നടക്കുന്ന അഖിൽ ഭാരതീയ സമന്വയ ബൈഠകിൽ ആണ് സുനിൽ അംബേദ്കർ നിലപാട് വ്യക്തമാക്കിയതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം ഉടലെടുത്ത ബിജെപി-ആർഎസ്എസ് അസ്വാരസ്യങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകളോടും ചടങ്ങിൽ അദ്ദേഹം പ്രതികരിച്ചിരുന്നു. ബിജെപി സ്വയം പര്യാപ്തമാണെന്ന ജെ.പി നഡ്ഡയുടെ പ്രസ്താവനയും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആർഎസ്എസ് പ്രവർത്തകർ സജീവമായിരുന്നില്ലെന്ന വിമർശനങ്ങളും യോഗത്തിൽ ചർച്ച ചെയ്തതായാണ് സുനിൽ പറയുന്നത്. ഇതെല്ലാം കുടുംബവിഷയങ്ങളാണെന്നും പ്രശ്‌നങ്ങളൊക്കെ പരിഹരിക്കുമെന്നുമാണ് ആർഎസ്എസ് വക്താവ് അറിയിച്ചത്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യമായ ഇൻഡ്യ മുന്നണിയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ജാതി സെൻസസ്. രണ്ടാം മോദി സർക്കാരിന്റെ കാലത്തു തന്നെ കോൺഗ്രസ് ഇതേ ആവശ്യം ഉയർത്തിയിരുന്നു. എന്നാൽ, ജനങ്ങളെ വിഭജിക്കാനുള്ള കോൺഗ്രസ് തന്ത്രമെന്നു പറഞ്ഞ് ഇതിനെ തള്ളിക്കളയുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും.
എന്നാൽ, ജാതി സെൻസസ് ആവശ്യത്തെ ആർഎസ്എസും പിന്തുണച്ചതോടെ പഴയ പടി തള്ളിക്കളയാൻ മോദി സർക്കാരിനാകില്ലെന്നുറപ്പാണ്. ഒബിസി ക്ഷേമത്തിനായുള്ള പാർലമെന്റ് സമിതി അടുത്തിടെ ജാതി സെൻസസ് തങ്ങളുടെ അജണ്ടയിൽ ഉൾപ്പെടുത്തിയിരുന്നു. സമിതി അംഗങ്ങളുടെ ശക്തമായ ആവശ്യത്തെ തുടർന്നായിരുന്നു ഇത്. സെൻസസിനു പുറമെ പിന്നാക്ക വിഭാഗ ദേശീയ കമ്മിഷൻ, ഒബിസി ക്ഷേമ വകുപ്പുകൾ എന്നിവയുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാനും ബിജെപി എംപി ഗണേഷ് സിങ് അധ്യക്ഷനായ പാർലമെന്റ് സമിതി തീരുമാനിച്ചിട്ടുണ്ട്.
ഡിഎംകെയും കോൺഗ്രസും ശക്തമായി ഉയർത്തുന്ന ജാതി സെൻസസ് ആവശ്യത്തെ ബിജെപി സഖ്യകക്ഷി ജെഡിയുവും പിന്തുണച്ചിട്ടുണ്ട്. ആർഎസ്എസ് കൂടി നിലപാട് വ്യക്തമാക്കിയതോടെ മിക്കവാറും പഴയ നയം തിരുത്താൻ ബിജെപി നിർബന്ധിതരായേക്കും.
Summary: RSS backs caste census for welfare, opposes its use for electoral purposes