ബി.ജെ.പിയും ആർ.എസ്.എസും വിഷം പോലെയാണ്; അവർ ഈ രാജ്യത്തെ നശിപ്പിച്ചു: ഖാർഗെ
ഡൽഹിയിൽ നടന്ന ഇൻഡ്യാ സഖ്യത്തിന്റെ റാലിയിൽ പ്രധാനമന്ത്രിക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷ വിമർശനമാണ് നേതാക്കൾ ഉന്നയിച്ചത്.
ന്യൂഡൽഹി: ബി.ജെ.പിയും ആർ.എസ്.എസും വിഷം പോലെയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. അത് രുചിച്ചുനോക്കരുത്. അവർ ഈ രാജ്യത്തെ നശിപ്പിച്ചു. ഇനിയും അത് തുടരാൻ അനുവദിക്കരുത്. നാം ഒരുമിച്ച് നിന്നാൽ മാത്രമേ ബി.ജെ.പിയെ പരാജയപ്പെടുത്താൻ കഴിയുകയുള്ളൂ. നമ്മൾ പരസ്പരം പോരടിച്ചാൽ വിജയിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി രാംലീല മൈതാനിയിൽ ഇൻഡ്യാ മുന്നണിയുടെ മഹാറാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, ശരദ് പവാർ, അഖിലേഷ് യാദവ്, ഉദ്ധവ് താക്കറെ, ഭഗവന്ത് മാൻ, തേജസ്വി യാദവ് തുടങ്ങിയ നേതാക്കൾ റാലിയിൽ പങ്കെടുത്തു. വേദിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സന്ദേശം ഭാര്യ സുനിത വായിച്ചു.
കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് റാലിയിൽ പ്രതിപക്ഷനേതാക്കൾ ഉന്നയിച്ചത്. രാജ്യത്തെയും ഭരണഘടനയും സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പിൽ മാച്ച് ഫിക്‌സിങ് നടത്തുകയാണ്. മൂന്നോ നാലോ മുതലാളിമാരുടെ സഹായത്തോടെ മോദി തെരഞ്ഞെടുപ്പ് നിയന്ത്രിക്കുകയാണെന്നും രാഹുൽ ആരോപിച്ചു.
രാജ്യം ആരുടെയും തന്തയുടെ വകയല്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ പറഞ്ഞു. രാജ്യം 140 കോടി ജനങ്ങളുടേതാണ്. ജനാധിപത്യം അപകടത്തിലാണ്. രാജ്യത്ത് വെറുപ്പിന്റെ തീ ആളിക്കത്തുന്നു. ഇതിനെതിരെ ഒറ്റക്കെട്ടായി പോരാടും. കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യാം. പക്ഷേ, അദ്ദേഹത്തിന്റെ ആശയങ്ങളെ ഒന്നും ചെയ്യാനാവില്ലെന്നും ബി.ജെ.പിയുടെ നുണഫാക്ടറിയാണ് ഇവിടെ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.