ജനസംഖ്യാ വളർച്ച നിരക്ക് കുറയുന്നു, ദമ്പതികൾക്ക് മൂന്ന് കുട്ടികളെങ്കിലും വേണം; മോഹൻ ഭഗവത്

ഇന്ത്യയുടെ ജനസംഖ്യാ വളർച്ചാ നിരക്ക് 2.1ൽ താഴെവന്നാൽ സമൂഹം നശിക്കുമെന്ന് ആർഎസ്എസ് തലവൻ മോഹൻ ഭഗവത് പറഞ്ഞു

Update: 2024-12-01 12:56 GMT
Editor : നബിൽ ഐ.വി | By : Web Desk
Advertising

ന്യൂഡൽഹി: ഇന്ത്യയുടെ ജനസംഖ്യാ നിരക്ക് കുറയാതിരിക്കാൻ കുടുംബത്തിൽ കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും ഉണ്ടായിരിക്കണമെന്ന് ആർഎസ്എസ് ​തലവൻ മോഹൻ ഭഗവത്. ഒരു സമൂഹത്തിന്റെ നിലനിൽപ്പിന് ജനസംഖ്യാ സ്ഥിരത അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. നാഗ്പൂരിൽ നടന്ന 'കാതലെ കുൽ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രാജ്യത്ത് ജനസംഖ്യ കുറയുന്നത് ആശങ്കാജനകമാണ്. ആധുനിക ജനസംഖ്യാ പഠനങ്ങൾ സൂചിപ്പിക്കുന്നത് ഒരു സമൂഹത്തിലെ ജനസംഖ്യ 2.1 എന്ന നിരക്കിന് താഴെയാകുമ്പോൾ ആ സമൂഹം വംശനാശത്തെ അഭിമുഖീകരിക്കുന്നു എന്നാണ്. ആ സമൂഹം അപ്രത്യക്ഷമാകാൻ ബാഹ്യ ഭീഷണികൾ ആവശ്യമില്ല. അതിനാൽ, നമ്മുടെ ജനസംഖ്യ 2.1-ൽ താഴെയാകരുത്. ലോകത്ത് നിന്ന് പല ഭാഷകളും സമൂഹങ്ങളും ഇതുമൂലം വേരറ്റുപോയെന്നും' അദ്ദേഹം പറഞ്ഞു.

1998ലും 2002ലും അവതരിപ്പിച്ച ഇന്ത്യയുടെ ജനസംഖ്യാ നയത്തെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. ജനസംഖ്യ 2.1-ൽ താഴെയാകരുതെന്ന് അതിൽ വ്യക്തമായി പരാമർശിച്ചിട്ടുണ്ട്. അതനുസരിച്ച് ഒരു കുടുംബത്തിന് കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും ആവശ്യമാണെന്ന് കണക്കുകൾ പറയുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേശക സമിതിയിലെ അംഗവും സാമ്പത്തിക വിദഗ്ധയുമായ ഷാമിക രവി ജനസംഖ്യാ വളർച്ച നിരക്ക് കുറയുന്നു എന്ന് കഴിഞ്ഞ ദിവസം 'എക്സിൽ'കുറിച്ചിരുന്നു. ഇന്ത്യയിലെ മുക്കാൽ ഭാഗത്തോളം സംസ്ഥാനങ്ങളിലെ ഫെർട്ടിലിറ്റി നിരക്ക് ജനസംഖ്യ നിലനിർത്താൻ ആവശ്യമായ അളവിലും താഴെയാണ് എന്നും ഷാമിക പറഞ്ഞിരുന്നു

2062ൽ ഇന്ത്യയുടെ ജനസംഖ്യ 1.701 ബില്യൺ ആയിരിക്കുമെന്നാണ് അടുത്തിടെ പുറത്തിറക്കിയ യുഎൻ വേൾഡ് പോപ്പുലേഷൻ പ്രോസ്പെക്റ്റ്സ് റിപ്പോർട്ടിൽ പറയുന്നത്. നിലവിൽ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. യുഎൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, '2062 ജനുവരി മുതൽ ജൂലൈ വരെയുള്ള കാലയളവിൽ ഇന്ത്യയുടെ ജനസംഖ്യ കുറയാൻ തുടങ്ങും. ആ വർഷം ജനസംഖ്യയിൽ 2,22,000 പേരെ കൂട്ടിച്ചേർക്കാൻ സാധ്യതയുണ്ട്. അതിനുശേഷമായിരിക്കും ഇന്ത്യയിലെ ജനസംഖ്യ കുറയാൻ തുടങ്ങുന്നത്. 2063ൽ രാജ്യത്തിന് ഏകദേശം 1,15,000 പേരെ നഷ്ടപ്പെടും. 2064ൽ ഈ എണ്ണം 4,37,000 ആയും 2065ൽ 7,93,000 ആയും വർദ്ധിക്കും'.

നേരത്തെ തമിഴ്‌നാട്ടിലെയും ആന്ധ്രാപ്രദേശിലെയും മുഖ്യമന്ത്രിമാർ അവരുടെ പൗരന്മാരോട് വളർച്ചാ നിരക്ക് ഉയർത്തുവാൻ ആഹ്വാനം ചെയ്തിട്ടുണ്ട്.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഫെർട്ടിലിറ്റി നിരക്ക് ദേശീയ ശരാശരിയായ 2.1ൽ നിന്ന് വളരെ താഴെ 1.6ആയി കുറഞ്ഞിട്ടുണ്ടെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു പറഞ്ഞു. മുൻകാല ജനസംഖ്യാ നിയന്ത്രണ നടപടികൾ മാറ്റി, വലിയ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിയമങ്ങൾ തൻ്റെ സർക്കാർ പരിഗണിക്കുന്നുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു. ദക്ഷിണേന്ത്യയില്‍ പ്രായമായവരുടെ എണ്ണം വര്‍ധിക്കുകയാണെന്നും കൂടുതല്‍ കുട്ടികളെ ജനിപ്പിക്കേണ്ടതിനെ കുറിച്ച് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രായമായവർ വർദ്ധിക്കുന്നത് സംസ്ഥാനത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെ ബുദ്ധിമുട്ടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.

ചന്ദ്രബാബു നായിഡുവിന് പിന്നാലെ കുട്ടികളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആഹ്വാനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും രംഗത്തെത്തിയിരുന്നു. ചെന്നൈയില്‍ സമൂഹവിവാഹം ഉദ്ഘാടനം ചെയ്ത സ്റ്റാലിൻ ഒരു പഴയ തമിഴ് പഴഞ്ചൊല്ലിനെ ഉദ്ധരിച്ച് സംസാരിച്ചു. '16 തരം സമ്പത്ത് നേടി സമൃദ്ധമായ ജീവിതം നയിക്കുക എന്നാണ് പറയുക. നിങ്ങൾക്ക് 16 കുട്ടികൾ ഉണ്ടാകണമെന്നല്ല ആ അനുഗ്രഹത്തിന്റെ അർഥം. എന്നാൽ ഇപ്പോൾ അങ്ങനെ സാഹചര്യം ഉണ്ടായിരിക്കുകയാണ്, എന്തുകൊണ്ട് പതിനാറ് കുട്ടികളെ ജനിപ്പിച്ചുകൂടാ' എന്ന് അദ്ദേഹം ചോദിച്ചു.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News