ആര്‍എസ്എസ് രവി; തമിഴ്നാട് ഗവര്‍ണറെ പരിഹസിച്ച് ഉദയനിധി സ്റ്റാലിന്‍

നീറ്റ് ബില്ലിനെതിരെ ഡിഎംകെ വിദ്യാർഥികളും മെഡിക്കൽ വിഭാഗങ്ങളും സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത നിരാഹാര സമരത്തിലാണ് മന്ത്രിയുടെ പരാമര്‍ശം

Update: 2023-08-21 05:35 GMT
Editor : Jaisy Thomas | By : Web Desk

ഉദയനിധി സ്റ്റാലിന്‍/ആര്‍.എന്‍ രവി

Advertising

ചെന്നൈ: നീറ്റ് വിരുദ്ധ ബില്ലില്‍ തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവിയെ പരിഹസിച്ച് യുവജനക്ഷേമ വകുപ്പ് മന്ത്രി ഉദയനിധി സ്റ്റാലിന്‍. സംസ്ഥാനത്ത് നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (അണ്ടർ ഗ്രാജ്വേറ്റ്) നിരോധിക്കുന്ന ബിൽ പാസാക്കാൻ ഗവർണർ ആർഎൻ രവി വിസമ്മതിച്ചതിതിനെ തുടർന്നാണ് വിമർശനം. ഗവര്‍ണറെ 'ആർഎസ്എസ് രവി' എന്നു വിളിച്ചായിരുന്നു ഉദയനിധിയുടെ പരിഹാസം.

നീറ്റ് ബില്ലിനെതിരെ ഡിഎംകെ വിദ്യാർഥികളും മെഡിക്കൽ വിഭാഗങ്ങളും സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത നിരാഹാര സമരത്തിലാണ് മന്ത്രിയുടെ പരാമര്‍ശം. ബില്ലിന് അനുമതി നൽകുന്ന അവസാന വ്യക്തി താനായിരിക്കുമെന്ന ഗവർണറുടെ പരാമർശത്തിനെതിരെയാണ് ഉദയനിധിയുടെ പ്രതികരണം. ഗവർണറെ അഹങ്കാരിയെന്ന് വിളിച്ച് ഉദയനിധി പറഞ്ഞു. "അദ്ദേഹം ആർഎൻ രവിയല്ല, ആർഎസ്എസ് രവിയാണ്, ഞാൻ ഗവർണറോട് ചോദിക്കട്ടെ, നിങ്ങൾ ആരാണ്? നിങ്ങൾക്ക് എന്ത് അധികാരമുണ്ട്? നിങ്ങൾ ഒരു പോസ്റ്റ്മാൻ മാത്രമാണ്."

ഗവർണർ സ്ഥാനം രാജിവെച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കാനും ഉദയനിധിവെല്ലുവിളിച്ചു. “നിങ്ങളുടെ പദവിയിൽ നിന്ന് രാജിവെക്കുക. ഏതെങ്കിലും നിയോജക മണ്ഡലത്തിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുക, ജനങ്ങളെ നേരിൽ കണ്ട് നിങ്ങളുടെ ആശയങ്ങൾ പറയുക, അവർ നിങ്ങൾക്ക് നേരെ ചെരിപ്പെറിയും. നിങ്ങൾ വിജയിച്ചാൽ, ഞാൻ നിങ്ങളുടെ വാക്കുകൾ കേൾക്കും, നീറ്റിനെ പിന്തുണയ്ക്കും."- ഉദയനിധി സ്റ്റാലിൻ പറഞ്ഞു.

നീറ്റ് പരീക്ഷയിൽ രണ്ടുതവണ വിജയിക്കാത്തതിനെ തുടർന്ന് ചെന്നൈയിൽ പരീക്ഷാർഥി ജീവനൊടുക്കിയതിനെ തുടർന്നാണ് ഡിഎംകെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ആത്മഹത്യാ കുറിപ്പ് ഇല്ലായിരുന്നു. എന്നാൽ മരിക്കുന്നതിന് മുൻപ് മകന്‍റെ മരണത്തിന് നീറ്റ് അഡ്മിനിസ്ട്രേഷനെ പിതാവ് കുറ്റപ്പെടുത്തിയിരുന്നു.സംഭവത്തിന്‍റെ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനാണെന്ന് ആരോപിച്ച ഉദയനിധി ഇത് കൊലപാതകമാണെന്നും പറഞ്ഞു. "ഇത് ആത്മഹത്യയല്ല, കൊലപാതകമാണ്, ഇതിന് ഉത്തരവാദി കേന്ദ്രസർക്കാരാണ്, എഐഎഡിഎംകെയും അവർക്കൊപ്പം കൈകോർക്കുന്നു. മന്ത്രിയോ എംഎൽഎയോ എന്ന നിലയിലല്ല ഞാൻ ഈ പ്രതിഷേധത്തിൽ പങ്കെടുത്തത്. മരിച്ച വിദ്യാർത്ഥിയുടെ സഹോദരനായാണ് ഞാനിവിടെ എത്തിയത്'' ഉദയധിധി സ്റ്റാലിന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News