ഒമിക്രോൺ; രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്കുകള്‍

ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് ആർടിപിസിആർ പരിശോധന കർശനമാക്കിയിരുന്നു. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്കും ഇത് ബാധകമാണ്.

Update: 2021-12-08 13:21 GMT
Editor : abs | By : Web Desk
Advertising

കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വിവിധ രാജ്യങ്ങളിൽ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ യാത്രാ മാർഗനിർദേശങ്ങൾ കേന്ദ്ര സർക്കാർ പുതുക്കിയിരുന്നു. ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് ആർടിപിസിആർ പരിശോധന കർശനമാക്കുകയും ചെയ്തു. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്കും ഇത് ബാധകമാണ്.

പുതിയ സാഹചര്യത്തിൽ ആർടിപിസിആർ  നിരക്ക് കുറച്ചത് ആശ്വാസമാണെങ്കിലും പരിശോധനയ്ക്കായുള്ള വിമാനത്താവളങ്ങളിലെ നീണ്ട ക്യൂ, കാലതാമസം എന്നിവ യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകളാണ്. 

മുംബൈ

അദാനി എയര്‍പോര്‍ട്സിന്റെ കീഴില്‍ പ്രവര്‍ത്തുക്കുന്ന മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റാപ്പിഡ് പിസിആര്‍ നിരക്ക് 4,500 രൂപയില്‍ നിന്ന് 3,900 രൂപയാക്കി കുറച്ചു. സാധാരണയായി ഒരു അര്‍ടിപിസിആര്‍ പരിശോധന നടത്തുന്നത് 600 രൂപയാണ്.

ഡല്‍ഹി

ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രണ്ട് പരിശോധനകളാണുള്ളത്. ഒന്ന് 500 രൂപയുടെ സാധാരണ ആര്‍ടിപിസിആര്‍ പരിശോധനയാണ്. ഇതിന്റെ ഫലം ആറ് മുതല്‍ എട്ട് മണിക്കൂറുകള്‍ക്ക് ശേഷമായിരിക്കും ലഭിക്കുക. പിന്നീടുള്ളത് 3,500 രൂപയുടെ റാപ്പിഡ് പിസിആര്‍ പരിശോധനയാണ്. ഫലം 60-90 മിനിറ്റുകള്‍ക്കുള്ളില്‍ ലഭിക്കും.

ചെന്നൈ

ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 2,900 രൂപയാണ് നിലവിലെ റാപ്പിഡ് പിസിആര്‍ നിരക്ക്. നേരത്തെ ഇത് 3,400 രൂപയായിരുന്നു. സാധാരണ ആര്‍ടിപിസിആര്‍ നിരക്ക് 700 രൂപയില്‍ നിന്ന് 600 രൂപയാക്കി കുറയ്ക്കുകയും ചെയ്തു.

കർണാടക

ബംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സാധാരണ ആർടിപിസിആർ ടെസ്റ്റിന് 500 രൂപയാണ്. (കാലതാമസം അഞ്ച് മണിക്കൂർ). സെഫീഡ് ജീൻ എക്സ്പെർട്ട് ടെസ്റ്റിന് 2,750 രൂപയുമാണ് നിരക്ക്, ഫലം 25 മിനിറ്റിനുള്ളിൽ ലഭിക്കും.

അഹമ്മദാബാദ്

സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്ന വിവരം അനുസരിച്ച് റാപ്പിഡ് പിസിആർ പരിശോധനാ നിരക്ക് 2,700 രൂപയാണ്.

കോഴിക്കോട്

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ റാപ്പിഡ് പിസിആർ പരിശോധനയ്ക്ക് 1,580 രൂപയാണ് നിരക്ക്.

ഹൈദരാബാദ്

ജിഎംആർ ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആർടിപിസിആർ ടെസ്റ്റിന് 750 രൂപയും റാപ്പിഡ് പിസിആർ ടെസ്റ്റിന് 3,900 രൂപയുമാണ് നിരക്ക്. ബുക്ക് ചെയ്യാനും ടെസ്റ്റുകൾ നടത്താനും എയർപോർട്ടിൽ ഒരു പുതിയ ലാബും സജ്ജമാണ്.

യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീൽ, ബോട്സ്വാന, ചൈന, സിംബാബ്‌വെ, മൗറീഷ്യസ്, ന്യൂസിലാൻഡ്, ഹോങ്കോംഗ്, സിംഗപ്പൂർ, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളാണ് ഹൈറിസ്ക്ക് പട്ടികയിലുള്ളത്.  

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News