ദേശീയ മുസ്‌ലിം എന്നൊക്കെ മുന്‍പ് പറഞ്ഞിരുന്നു; ന്യൂനപക്ഷ മോര്‍ച്ച ഇനി ആവശ്യമില്ല-സുവേന്ദു അധികാരി

'സബ് കാ സാത്ത്, സബ് കാ വികാസ് മുദ്രാവാക്യം ഇനി വേണ്ട. നമ്മള്‍ക്കൊപ്പം ആരുണ്ടോ, അവര്‍ക്കൊപ്പം നമ്മളുണ്ട് എന്നാണ് ഇനി പറയേണ്ടത്.'

Update: 2024-07-17 10:37 GMT
Editor : Shaheer | By : Web Desk

സുവേന്ദു അധികാരി

Advertising

കൊല്‍ക്കത്ത: ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച പിരിച്ചുവിടണമെന്ന ആവശ്യവുമായി ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. പ്രധാനമന്ത്രിയുടെ 'സബ് കാ സാത്ത്, സബ് കാ വികാസ്' മുദ്രാവാക്യവും ഇനിയും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷമുള്ള ബംഗാള്‍ ബി.ജെ.പിയുടെ ആദ്യ പ്രവര്‍ത്തക സമിതിയിലായിരുന്നു സുവേന്ദുവിന്റെ അഭിപ്രായപ്രകടനം.

'ഞങ്ങള്‍ ഭരണഘടനയും ഹിന്ദുക്കളെയും സംരക്ഷിക്കും. ദേശീയ മുസ്‌ലിംകളെ കുറിച്ച് ഞാന്‍ പറഞ്ഞിരുന്നു. നിങ്ങളൊക്കെ സബ് കാ സാത്ത്, സബ് കാ വികാസ് മുദ്രാവാക്യവും ഉയര്‍ത്തിയിരുന്നു. എന്നാല്‍, ഇനിയൊരിക്കലും ഞാനത് ആവര്‍ത്തിക്കില്ല. നമ്മള്‍ക്കൊപ്പം ആരുണ്ടോ, അവര്‍ക്കൊപ്പം നമ്മളുണ്ട് എന്നാണ് ഇനി പറയേണ്ടത്. സബ് കാ സാത്ത്, സബ് കാ വികാസ് നിര്‍ത്തലാക്കണം. ബി.ജെ.പിക്ക് ഇനി ന്യൂനപക്ഷ മോര്‍ച്ച ആവശ്യമില്ല'-സുവേന്ദു അധികാരി പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ ബി.ജെ.പി വന്‍ തിരിച്ചടി നേരിട്ടിരുന്നു. 2019ല്‍ 18 സീറ്റില്‍ വിജയിച്ചത് ഇത്തവണ 12ലേക്കു കുറഞ്ഞു. ഇതിനു പിന്നാലെ ഒരു വിഭാഗം ബി.ജെ.പി നേതാക്കള്‍ സുവേന്ദു അധികാരിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ ജയിലിലിട്ടാല്‍ ബംഗാളില്‍ പാര്‍ട്ടിക്കു വിജയിക്കാനാകില്ലെന്നായിരുന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സുകന്ത മജൂംദാര്‍ തുറന്നടിച്ചത്. ചിലരെ സി.ബി.ഐയെ ഉപയോഗിച്ച് അറസ്റ്റ് ചെയ്യണമെന്നു പലപ്പോഴും പ്രവര്‍ത്തകര്‍ പറയാറുണ്ട്. അങ്ങനെ മണ്ഡലങ്ങള്‍ പിടിക്കാമെന്നാണ് അവര്‍ കരുതുന്നത്. എന്നാല്‍, അങ്ങനെയൊന്നും നടക്കില്ല. ഒരു നേതാവിനെ അറസ്റ്റ് ചെയ്താല്‍ ഒരു മണ്ഡലം പിടിക്കാമെന്നതൊന്നും നടക്കാന്‍ പോകില്ലെന്നും മജൂംദാര്‍ പറഞ്ഞു.

Summary: ‘Sabka Saath, Sabka Vikas bandh karo, wind up minority morcha': Bengal BJP leader Suvendu Adhikari

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News