ഗെഹ്ലോട്ട്-പൈലറ്റ് വെടിനിര്‍ത്തല്‍: ഫോർമുല വെളിപ്പെടുത്താതെ കോണ്‍ഗ്രസ് നേതൃത്വം
രാജസ്ഥാൻ കോൺഗ്രസിലെ തർക്കം പരിഹരിക്കാൻ നാലര മണിക്കൂർ നീണ്ട മാരത്തൺ ചർച്ചയാണ് ഹൈക്കമാൻഡ് നടത്തിയത്
ജയ്പൂര്‍: രാജസ്ഥാൻ കോൺഗ്രസിലെ പ്രശ്നപരിഹാര ഫോർമുല വെളിപ്പെടുത്താതെ കോൺഗ്രസ് കേന്ദ്ര നേതൃത്വം. സച്ചിൻ പൈലറ്റ് മുന്നോട്ട് വെച്ച ആവശ്യങ്ങളിൽ നടപടി ഉണ്ടാകുമെന്ന് ഹൈക്കമാൻഡ് ഉറപ്പ് നൽകി. ഇരു നേതാക്കളെയും ഒരുമിപ്പിച്ച് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ ആണ് രാജസ്ഥാനിലെ പാർട്ടി നേതൃത്വത്തിന് ഹൈക്കമാൻഡ് നൽകിയിരിക്കുന്ന നിർദേശം.
രാജസ്ഥാൻ കോൺഗ്രസിലെ തർക്കം പരിഹരിക്കാൻ നാലര മണിക്കൂർ നീണ്ട മാരത്തൺ ചർച്ചയാണ് ഹൈക്കമാൻഡ് ഇന്നലെ നടത്തിയത്. അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നിലെ ഫോർമുല എന്തെന്ന് കോൺഗ്രസ് നേതൃത്വം ഇനിയും വെളിപ്പെടുത്തിയിട്ടില്ല. വസുന്ധര രാജെ സിന്ധ്യയുടെ സർക്കാരിന്‍റെ കാലത്ത് നടന്ന അഴിമതികൾ അന്വേഷിക്കാൻ സച്ചിൻ പൈലറ്റ് അശോക് ഗെഹ്ലോട്ടിന് നൽകിയ സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് പ്രശ്ന പരിഹാര ചർച്ചകൾക്ക് ഹൈക്കമാൻഡ് മുന്നിട്ടിറങ്ങിയത്.
സച്ചിൻ പൈലറ്റിന്‍റെ ആവശ്യങ്ങളിൽ നടപടി ഉണ്ടാകുമെന്ന് ഉറപ്പ് നൽകിയ രാഹുൽ ഗാന്ധി, സച്ചിനെതിരെ നടപടികൾ ഉണ്ടാകരുതെന്ന് ആവശ്യപ്പെട്ടു. സച്ചിൻ പൈലറ്റിനെ കൂടി ഉൾക്കൊണ്ട് മുന്നോട്ട് നീങ്ങാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനും നിർദേശം നൽകിയിട്ടുണ്ട്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് ഒറ്റക്കെട്ടായി നേരിടുമെന്ന് ഇരു നേതാക്കളും ഒന്നിച്ച് പ്രഖ്യാപിച്ചെങ്കിലും രാജസ്ഥാൻ കോൺഗ്രസിലെ ആഭ്യന്തര തർക്കം പൂർണമായും അവസാനിച്ചിട്ടില്ലെന്ന് വ്യക്തമാണ്.