'ഒരുനാള്‍ ദേശീയപതാക കാവിക്കൊടിയാകും'- വിവാദ പ്രസ്താവനയുമായി ആർ.എസ്.എസ് നേതാവ്

ദേശീയപതാകയുടെ നിറം മാറണമെങ്കിൽ ഹിന്ദുസമൂഹം ഒന്നിച്ചുനിൽക്കണമെന്ന് കർണാടകയിലെ ആർ.എസ്.എസ് നേതാവ് കല്ലട്ക പ്രഭാകർ ഭട്ട്

Update: 2022-03-21 11:35 GMT
Editor : Shaheer | By : Web Desk
Advertising

വിവാദ പ്രസ്താവനയുമായി കർണാടകയിലെ ആർ.എസ്.എസ് നേതാവ് കല്ലട്ക പ്രഭാകർ ഭട്ട്. ഒരിക്കൽ കാവിക്കൊടി ദേശീയപതാകയാകുമെന്ന് പ്രഭാകർ പറഞ്ഞു. അതിനായി ഹിന്ദുക്കൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടതായും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

മംഗളൂരുവിലെ കുറ്റാറിൽ വിശ്വഹിന്ദു പരിഷത്ത്(വി.എച്ച്.പി) സംഘടിപ്പിച്ച പഥസഞ്ചലനത്തിനു ശേഷം നടന്ന പൊതുയോഗത്തിലായിരുന്നു വിവാദ പ്രസ്താവന. പാർലമെന്റിലും രാജ്യസഭയിലും ഭൂരിപക്ഷം പേർ ദേശീയപതാക മാറ്റുന്നതിനെ അനുകൂലിച്ചാൽ കൊടിയുടെ നിറം മാറും. ഒരിക്കൽ കാവിക്കൊടി ദേശീയപതാകയായേക്കാം. ഹിന്ദുസമൂഹം ഒന്നിച്ചാൽ അത് സംഭവിക്കുമെന്നും പ്രഭാകർ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.

നിലവിലെ മൂവർണക്കൊടിക്കു മുൻപ് ബ്രിട്ടീഷ് പതാകയായിരുന്നു ഇവിടെയുണ്ടായിരുന്നതെന്നും കല്ലട്ക പ്രഭാകർ ചൂണ്ടിക്കാട്ടി. ന്യൂനപക്ഷ പ്രീണനത്തിനു വേണ്ടിയാണ് ദേശീയപതാക ഇപ്പോഴത്തെ രീതിയിൽ അന്തിമമാക്കിയത്. വന്ദേമാതരം തള്ളിക്കളഞ്ഞാണ് ദേശീയഗാനം തീരുമാനിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

സ്‌കൂളിൽ ഭഗവദ്ഗീത പഠിപ്പിക്കാനുള്ള ഗുജറാത്ത് സർക്കാരിന്റെ തീരുമാനത്തെ പ്രഭാകർ പ്രശംസിച്ചു. ഖുർആനും ബൈബിളും വീട്ടിലും ഭഗവദ്ഗീത സ്‌കൂളുകളിലുമാണ് പഠിപ്പിക്കേണ്ടതെന്നും കർണാടക സർക്കാരും ഇത്തരമൊരു നടപടിക്ക് ധൈര്യം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Summary: ''If Hindus unite, the 'Bhagwa Dwaj '(saffron flag) can become the national flag'', says RSS leader Kalladka Prabhakar Bhat

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News