യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന പരാതി; ഹരിയാന ബിജെപി അദ്ധ്യക്ഷനെതിരെ കേസ്
കൂട്ടബലാത്സംഗത്തിന് ശേഷം പ്രതികള്‍ വീഡിയോ ഷൂട്ട് ചെയ്‌തെന്നും ആരോടെങ്കിലും പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്
ഷിംല: യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന പരാതിയിൽ ഹരിയാന ബിജെപി അധ്യക്ഷൻ മോഹൻലാൽ ബദോലി, ഗായകൻ റോക്കി എന്ന ജയ് ഭഗവാൻ എന്നിവർക്കെതിരെ ഹിമാചല്‍ പൊലീസ് കേസെടുത്തു. കസൗലിയിലെ ഹോട്ടലില്‍വെച്ച് ബലത്സംഗം ചെയ്തുവെന്ന യുവതിയുടെ പരാതിയിലാണ് കേസ്.
കൂട്ടബലാത്സംഗത്തിന് ശേഷം പ്രതികള്‍ വീഡിയോ ഷൂട്ട് ചെയ്‌തെന്നും ആരോടെങ്കിലും പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. യുവതിയുടെ പരാതിയില്‍ ഡിസംബര്‍ 13ന് ആണ് ബദോലി, ജയ്ഭഗ്‌വാന്‍ എന്ന റോക്കി എന്നിവര്‍ക്കെതിരെ കേസെടുത്തത്. എഫ്ഐആറിന്റെ പകര്‍പ്പ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
കസൗലിയിലെ മങ്കി പോയിൻ്റ് റോഡിൽ ഹിമാചൽ പ്രദേശ് ടൂറിസം ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ്റെ കീഴിലുള്ള റോസ് കോമൺ ഹോട്ടലിൽ 2023 ജൂലൈ 3നാണ് സംഭവം നടന്നതെന്നാണ് യുവതിയുടെ ആരോപണം. സർക്കാർ ജോലിയും സംഗീതം അവതരിപ്പിക്കാനുള്ള അവസരവും വാഗ്ദാനം ചെയ്ത് ഹോട്ടൽ മുറിയിലേക്ക് വിളിച്ചു. ഇവിടെ എത്തിയപ്പോൾ ബലം പ്രയോഗിച്ച് മദ്യം കഴിപ്പിച്ചു. പിന്നീട് ഉപദ്രവിക്കാൻ തുടങ്ങി.
എതിർത്തപ്പോൾ സുഹൃത്തിനെ ഭീഷണിപ്പെടുത്തി. ഇതിന് ശേഷം തന്നെ ബലാത്സംഗം ചെയ്യുകയും നഗ്നവീഡിയോ ചിത്രീകരിക്കുകയും ചെയ്തു. സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിൽ പറയുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജൂലൈയിലാണ് ബദോലി ഹരിയാന ബിജെപി അധ്യക്ഷനായത്. 2019 മുതൽ 2024 ഒക്‌ടോബർ വരെ റായ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആയിരുന്ന അദ്ദേഹം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടു.
അതേസമയം ആരോപണങ്ങള്‍ നിഷേധിച്ച് ബദോലി രംഗത്ത് എത്തി. അടിസ്ഥാന രഹിതം എന്നാണ് അദ്ദേഹം റിപ്പോര്‍ട്ടുകളെ വിശേഷിപ്പിച്ചത്. 'എന്തിനെക്കുറിച്ചാണെന്ന് എനിക്ക് ഒരു പിടിയുമില്ല. വ്യാജ എഫ്ഐആറുകളാണിതൊക്കെ. ഡൽഹി തെരഞ്ഞെടുപ്പു മുന്നില്‍കണ്ടാവണം ഇത്തരം വ്യാജ എഫ്ഐആറുകൾ പ്രചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.